കക്കാട് ജി എം യു പി സ്‌കൂള്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 21ന്

Posted on: March 18, 2015 9:47 am | Last updated: March 18, 2015 at 9:47 am
SHARE

തിരൂരങ്ങാടി: കക്കാട് ജി എം യു പി സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ മൂലധന ചെലവില്‍ കേരള സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വിഭാഗം നിര്‍മിച്ച ബൃഹ്ത് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈമാസം 21ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും.
ഐ ടി ലാബിന്റെ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. രാജ്യാന്തര നിലവാരത്തിലേക്ക് സ്‌കൂളിനെ ഉയര്‍ത്തുകയെന്ന ചിരകാല സ്വപ്‌നമാണ് സ്‌കൂളില്‍ യാഥാര്‍ഥ്യമാകുന്നത്. ആധുനിക രീതിയിലുള്ള 12 ക്ലാസ് മുറികള്‍, ഓപ്പണ്‍ സ്റ്റേജ്. ഊട്ടുപുര, മേല്‍ക്കൂരയോട് കൂടിയ പ്രവേശന കവാടം, ഇന്റര്‍ലോക്ക്, തുടങ്ങിയവ സാക്ഷാത്കരിച്ചിട്ടുണ്ട്.
സ്‌കൂളില്‍ ആവശ്യമായ കെട്ടിടത്തിന് നടപടി സ്വീകരിക്കണമെന്ന പി ടി എ- എസ് എം സി നിവേദനത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ ശ്രമഫലമായാണ് 2012-13 വര്‍ഷത്തെ ബജറ്റില്‍ രണ്ടര കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ നേരിട്ട് ടെണ്ടര്‍ ക്ഷണിച്ച് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും യാഥാര്‍ഥ്യമാക്കിയത്. കക്കാട് ദേശീയ പാതയോരത്ത് നൂറ് വര്‍ഷമായി പ്രവര്‍ത്തിച്ച സ്‌കൂളിന് എട്ടുവീട്ടില്‍ മൂസക്കുട്ടിയുടെ കുടുംബം കുഴിയംതടത്തില്‍ സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്ത് 2013 ജൂലൈ ആറിനാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.
ഗ്രാമപഞ്ചായത്തും എസ്എസ്എയും ചേര്‍ന്ന് നിര്‍മിച്ച 18 ക്ലാസ് മുറികള്‍ക്ക് പുറമെയാണ് ടൈല്‍സും മാര്‍ബിളും വിരിച്ച 12 ക്ലാസ് മുറികള്‍ ഉള്‍പ്പെടെ യാഥാര്‍ഥ്യമായത്. ഇതോടെ സ്‌കൂളില്‍ 30 ക്ലാസ് മുറികള്‍ സജ്ജമായിട്ടുണ്ട്. കൂടാതെ ഓഫീസ് കെട്ടിടത്തിനു മുകളില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന ഓഡിറ്റോറിയവും ഉടനെ യാഥാര്‍ത്ഥ്യമാവും.
കെട്ടിടോദ്ഘാടനത്തൊടൊപ്പം അടുത്ത മാസം ഏപ്രിലില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ സുലേഖടീച്ചര്‍, കെ മൈമൂനത്ത് ടീച്ചര്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം, പൂര്‍വ അധ്യാപകര്‍ക്കുള്ള ആദരം, കലാവിരുന്ന് തുടങ്ങിയ പരിപാടികളും നടക്കുമെന്ന് പി ടി എ, എസ് എം സി ഭാരവാഹികള്‍ അറിയിച്ചു.