ജപ്പാന്‍ കുടിവെള്ള പദ്ധതി: പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം വൈകും പണമടച്ച കുടുംബങ്ങള്‍ പദ്ധതിക്ക് പുറത്തായതായി ആക്ഷേപം

Posted on: March 18, 2015 9:45 am | Last updated: March 18, 2015 at 9:45 am
SHARE

Drinking-Water (1)കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചെങ്കിലും പഞ്ചായത്ത് തലവിതരണം പൂര്‍ണമാകാന്‍ ഇനിയും കാലതാമസം നേരിടും. നഗര പ്രദേശങ്ങളിലേക്ക് ജലവിതരണം നടക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ തീരുമാനിച്ച പതിമൂന്ന് പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം എന്ന് തുടങ്ങുമെന്ന് ഇതുവരെ പറയാനായിട്ടില്ല. പല സ്ഥലങ്ങളിലും പൈപ്പിടല്‍ പ്രവൃത്തി തന്നെ പൂര്‍ണമായിട്ടില്ല എന്നതാണ് അവസ്ഥ. റോഡില്‍ കുഴിയെടുക്കുന്നതിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളും കുഴിച്ച സ്ഥലങ്ങള്‍ യഥാസമയം റീ ടാര്‍ ചെയ്യാത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമെല്ലാം വിതരണ ശൃംഖല യാഥാര്‍ഥ്യമാക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കേരള വാട്ടര്‍ അതോറിറ്റി, ജെയ്ക്ക (ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ-ഓപറേഷന്‍ ഏജന്‍സി) സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കോഴിക്കോട്ടെ ഒന്നാം ഘട്ട ജല വിതരണ പദ്ധതിയാണ് ഏറ്റവും വലിയ പദ്ധതി. കോഴിക്കോട് കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ ഒരാള്‍ക്ക് പ്രതിദിനം 155 മുതല്‍ 180 ലിറ്റര്‍ വരെയും, അര്‍ധനഗര, ഗ്രാമ പ്രദേശങ്ങളില്‍ 70 മുതല്‍ 135 ലിറ്റര്‍ വരെയും വെള്ളം നല്‍കാനാണ് പദ്ധതി. കൂടാതെ ഗാര്‍ഹികേതര വ്യാവസായിക ആവശ്യങ്ങള്‍ക്ക് പ്രതിദിനം 24 ദശലക്ഷം ലിറ്റര്‍ ശുദ്ധജലവും നല്‍കാനാണ് തീരുമാനം. പെരുവണ്ണാമുഴിയിലെ ശുദ്ധീകരണശാലയില്‍ നിന്നു ലഭിക്കുന്ന 174 എം എല്‍ ഡി വെള്ളത്തൊടൊപ്പം നിലവില്‍ കോഴിക്കോട് നഗരത്തിനു കുടിവെള്ളം നല്‍കിവരുന്ന മാവൂരിലെ കൂളിമാട് നിന്നുള്ള 72 എം എല്‍ ഡി വെള്ളവും ചേരുന്നതോടെ ആവശ്യമായ ജലം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് കോര്‍പ്പറേഷനു പുറമെ, ബാലുശ്ശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നുര്‍, കക്കോടി, തലകുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി എന്നീ 13 സമീപ പഞ്ചായത്തുകള്‍ക്കും കുടിവെള്ളപദ്ധതിയുടെ പ്രയോജനം ലഭ്യമാവുന്ന തരത്തിലാണ് കുടിവെള്ള വിതരണ പദ്ധതി ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തത്. ഇതു കൂടാതെ മറ്റു ചില പ്രദേശങ്ങളും ഇതിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നുണ്ട്. പെരുവണ്ണാമൂഴി റിസര്‍വോയറും അനുബന്ധ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ചക്കിട്ടപാറ, ചങ്ങരോത്ത് പഞ്ചായത്തുകളിലും മൂന്ന് മാസത്തിനകം പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനകം കുടിവെള്ളവിതരണം നടത്താനാണ് തീരുമാനം.
നേരത്തെ തീരുമാനിച്ച പഞ്ചായത്തുകളിലേക്കുള്ള ജലവിതരണ ശൃംഖല തന്നെ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ മറ്റു നാല് പഞ്ചായത്തുകളിലേക്കുള്ള പൈപ്പിടല്‍ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് കൂടാതെ ജപ്പാന്‍ കുടിവെള്ളത്തിനായി പണമടച്ച നിരവധി കുടുംബങ്ങള്‍ പദ്ധതിക്ക് പുറത്തായതായും ആക്ഷേപമുണ്ട്. ബാലുശ്ശേരി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങളാണ് പദ്ധതിയില്‍ പെടാത്തതിനാല്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്ത്. പഞ്ചായത്ത് തല വിതരണം ആരംഭിക്കാനിരിക്കെയാണ് പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ പദ്ധതിക്ക് പുറത്തായത്. പഞ്ചായത്തിനെ പൂര്‍ണമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണ്. എന്നാല്‍ പിന്നീടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജല അതോറിറ്റി ജപ്പാന്‍ പദ്ധതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പ്ലാനില്‍ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന മറുപടിയാണ് സൈറ്റ് എഞ്ചിനീയര്‍ വിവരമന്വേഷിച്ച ജനപ്രതിനിധികള്‍ക്ക് നല്‍കിയത്.
വലിയ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തിന്റെ മുകള്‍ഭാഗം ഉള്‍പ്പെടുന്ന സ്ഥലത്താണ് ജല വിതരണം ഇല്ലാത്തത്.
പ്രദേശത്ത് കുടിവെള്ളമെത്തിക്കാതെ മറ്റു വാര്‍ഡുകളില്‍ ജല വിതരണം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. പ്രശ്‌നം രൂക്ഷമായതോടെ ജല അതോറിറ്റിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കുടിവെള്ളമെത്തിക്കാന്‍ സംവിധാനം ഒരുക്കുമെന്ന് സൈറ്റ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങളാണ് ജല വിതരണവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നത്.