പാരമ്പര്യത്തിന്റെ കരുത്തില്‍ സ്ത്രീ മുന്നേറ്റ ഗാഥയുമായി കായണ്ണ പഞ്ചായത്ത്

Posted on: March 18, 2015 9:44 am | Last updated: March 18, 2015 at 9:44 am
SHARE

കോഴിക്കോട്: കായണ്ണ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന് കീഴില്‍ നാലു അയല്‍ക്കൂട്ടങ്ങളിലെ ഒമ്പത് സ്ത്രീകള്‍ ചേര്‍ന്ന് ആരംഭിച്ച യോഗസിദ്ധ ഹെര്‍ബല്‍ പ്രോഡക്ട് വിജയകരമായ പതിനൊന്നാം വര്‍ഷത്തിലേക്ക്. കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ 2004 നവംബര്‍ ഒന്നിന് ആരംഭിച്ച സ്ഥാപനം പാരമ്പര്യമായി പകര്‍ന്നു കിട്ടിയ നാട്ടറിവുകള്‍ ഉപയോഗിച്ച് ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഉല്പാദനവും വിതരണവും നടത്തി വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.
ദന്തശ്രീ പല്‍പ്പൊടി വിപണിയില്‍ എത്തിച്ചുകൊണ്ടായിരുന്നു യോഗസിദ്ധ ഹെര്‍ബല്‍ പ്രോഡക്റ്റിന്റെ രംഗപ്രവേശം. ഇപ്പോള്‍ കമ്പം(ചോളം) പൊടി, പുട്ടുപൊടി, പത്തിരിപ്പൊടി, റാഗിപ്പൊടി, ഗോതമ്പ് പൊടി, ദാഹശമനി, സേമിയ-അട പായസക്കൂട്ടുകള്‍ എന്നിവക്ക് പുറമെ, അമൃതംപൊടി ഉപയോഗിച്ച് പേട, ബിസ്‌ക്കറ്റ്, അവലോസ് പൊടി എന്നിവയും നിര്‍മിച്ച് വിതരണം നടത്തുന്നു. കായണ്ണ, കോട്ടൂര്‍, കിഴക്കോത്ത് എന്നീ ഗ്രാമപഞ്ചായത്തുകളിലെ അംഗനവാടികളിലേക്ക് അമൃതംപൊടി നിര്‍മിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. കൂടാതെ പാരമ്പര്യ അറിവ് ഉപയോഗപ്പെടുത്തി താളിപ്പൊടി, രക്തചന്ദനപ്പൊടി, കസ്തൂരി മഞ്ഞള്‍, താലീസ് പത്രാദി ചൂര്‍ണ്ണം, രാസ്‌നാദി ചൂര്‍ണ്ണം, സ്‌നാനചൂര്‍ണ്ണം, ചുക്കുകാപ്പി, കാപ്പി എന്നിവയും ഉണ്ടാക്കുന്നുണ്ട്. യാതൊരുതരത്തിലുളള രാസവസ്തുക്കളോ കൃതിമ പദാര്‍ത്ഥങ്ങളോ ചേര്‍ക്കാതെ തികച്ചും പാരമ്പര്യ വിധിപ്രകാരമാണ് നിര്‍മ്മാണം. അതുകൊണ്ടുതന്നെ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. അടുത്ത പ്രദേശങ്ങളിലേക്ക് വാഹനങ്ങളില്‍ ഉത്പന്നങ്ങള്‍ വിതരണം നടത്തുന്നുമുണ്ട്.
കായണ്ണ അങ്ങാടിയില്‍ ഒറ്റമുറിയില്‍ ആണ് യോഗസിദ്ധ ഹെര്‍ബല്‍ പ്രോഡക്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് മുന്‍തൂക്കം നല്‍കി. ഇതിന്റെ ഫലമായി സ്വന്തമായി കെട്ടിടം ഒരുക്കാനും ഡ്രഗ് ലൈസന്‍സ് വിത്ത് ജിഎംപി സര്‍ട്ടിഫിക്കറ്റ് നേടാനും യോഗസിദ്ധയ്ക്കായി. രണ്ടാം ഘട്ടത്തില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഉല്പാദനം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാനും ഇപ്പോഴുള്ള സ്ഥലത്ത് ആയുര്‍വ്വേദ ഉല്പന്നങ്ങളുടെ നിര്‍മ്മാണം തുടരാനുമാണ് ഉദ്ദേശിക്കുന്നത്.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2012ല്‍ തന്റേടം ജന്റ്റര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല യൂണിറ്റിനുള്ള മുഖ്യമന്ത്രിയുടെ മഹിളശ്രീ പുരസ്‌കാരം ഇവര്‍ക്കു ലഭിച്ചു.
അടുത്ത മൂന്നു വര്‍ഷത്തേക്ക് യോഗസിദ്ധയും കുടുംബശ്രീയുടെ പരിശീലന സ്ഥാപനമായ എക്‌സാറ്റ് വടകരയും ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ധാരണയായിട്ടുണ്ട്. ഉല്പാദനവും വിതരണവും വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടാനാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ എല്ലാവിധ സഹായങ്ങളും ഇവര്‍ക്കുണ്ട്. ഭക്ഷ്യോല്പന്നങ്ങളുടെ നിര്‍മ്മാണമേഖലയില്‍ 25 ഓളം പുതിയ യൂണിറ്റുകള്‍ ആരംഭിക്കാനും ഇതുവഴി 200പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുമാണ് യോഗസിദ്ധ ലക്ഷ്യമിടുന്നത്.