Connect with us

Kozhikode

ഇന്റര്‍ലോക്ക് പോളിഷിന്റെ മറവില്‍ തട്ടിപ്പ്: സഹോദരങ്ങള്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: വീടുകളിലെ ഇന്റര്‍ലോക്ക് പോളിഷിന്റെ മറവില്‍ തട്ടിപ്പ് നടത്തുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. വീട്ടിലെ ഇന്റര്‍ലോക്കുകള്‍ പോളിഷ് ചെയ്തുതരാമെന്ന് പറഞ്ഞ് അഡ്വാന്‍സ് തുക കൈപ്പറ്റി മുങ്ങുന്ന പെരുവണ്ണാമുഴി പിള്ളപെരുമണ്ണ വീട്ടില്‍ സഖീഷ്, ഇയാളുടെ ജേഷ്ടന്‍ സജിത് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
വെസ്റ്റ്ഹില്‍ കനകാലയ ബേങ്കിന് സമീപം ശിശിരം വീട്ടില്‍ രവീന്ദ്രന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കഴിഞ്ഞ ജനുവരി 23ന് ബാബുരാജ് എന്നയാളുടെ പേരില്‍ ഒന്നാം പ്രതി സഖീഷ് രവീന്ദ്രന്‍ വീട്ടിലെത്തി 3000 രൂപക്ക് ഇന്റര്‍ലോക്ക് പോളിഷ് ചെയ്യുന്നതിന് കരാര്‍ ഉറപ്പിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം വന്ന് പോളിഷ് എന്ന വ്യാജേന കന്നാസില്‍ മണമുള്ള വെള്ളം നല്‍കി ആയിരം രൂപയുമായി മടങ്ങുകയായിരുന്നു.
തൊട്ടുത്ത ദിവസം ജോലിക്ക് വരാമെന്ന് പറഞ്ഞെങ്കിലും കാണാത്തതിനെ തുടര്‍ന്ന് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ഇയാള്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികളുടെ ഫോണ്‍ ഇടക്ക് ഓണാകുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് അന്വേഷണം ഇത് കേന്ദ്രീകരിച്ചാക്കി. പ്രതികളെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഒരു കരാര്‍ ഉറപ്പിക്കാന്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോള്‍ തന്ത്രപരമായി പിടികൂടുകയായിരുന്നു. നടക്കാവ് പ്രിന്‍സിപ്പല്‍ എസ് ഐ ജി ഗോപകുമാര്‍, എസ് ഐ ഉണ്ണികൃഷ്ണന്‍, പോലീസുകാരായ കെ ശ്രീനിവാസന്‍, എം അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്, കിഴക്കേ നടക്കാവ് കൊട്ടാരം റോഡിലെ ഒരു ഡോക്ടറുടെ വീട്, തൊണ്ടയാട്, കുന്ദമംഗലം, വെങ്ങാലി, മെഡിക്കല്‍ കോളജ്, കോവൂര്‍ , പേരാമ്പ്ര, കല്ലോട്, പാലേരി, കടിയനാട്, വടകര എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മിതിച്ചതായി പോലീസ് പറഞ്ഞു.