‘നഷ്ടപരിഹാരത്തുകയുടെ അപര്യാപ്തത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും’

Posted on: March 18, 2015 9:42 am | Last updated: March 18, 2015 at 9:42 am
SHARE

മുക്കം: മലയോര മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയിലും കാറ്റിലും പതിനായിരക്കണക്കിന് വാഴകള്‍ നശിച്ച സാഹചര്യത്തില്‍ വാഴക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക വളരെ തുച്ഛമാണെന്നത് മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സി മോയിന്‍കുട്ടി എം എല്‍ എ പറഞ്ഞു.
ഒരു വാഴക്ക് മൂന്ന് രൂപയും അറുപത് പൈസയുമാണ് നിലവില്‍ നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഇരുന്നൂറ് രൂപയോളം ഒരു വാഴ കുലക്കുമ്പോഴേക്കും ചെലവ് വരുന്നുണ്ട്. കാരശ്ശേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മാത്രം 12,000ത്തോളം വാഴകള്‍ നശിച്ചിട്ടുണ്ട്. കുലച്ചതും കുലക്കാനായതുമായ വാഴകളാണ് നശിച്ചതില്‍ ഭൂരിഭാഗവും. സി മോയിന്‍കുട്ടി എം എല്‍ എ നശിച്ച വാഴത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. പുത്തന്‍വീട്ടില്‍ അബ്ദുല്‍കരീ, ഇമ്പിച്ചാലി, പാറമ്മല്‍ മുഹമ്മദ്, ടി കെ പ്രഭാകരന്‍, എടത്തില്‍ ചേക്കുട്ടി, അബ്ദുല്‍ ബര്‍ദ്, കണ്ണാട്ടില്‍ എം പി സലാം, ഒ സലാം, തമ്മല്‍ മുഹമ്മദ്, അബ്ദുല്ല എന്നിവരുടെ വാഴകളാണ് കാരശ്ശേരിയില്‍ നശിച്ചത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി സൈത് ഫസല്‍, ഗ്രാമപഞ്ചായത്തംഗം എം ടി അശ്‌റഫ്, അടുക്കത്തില്‍ മുഹമ്മദ് ഹാജി, ശരീഫ് കണിയാത്ത്, ഷൗക്കത്തലി, കെ പി അബ്ദുല്ല, പി എം ഗഫൂര്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു.