കാരശ്ശേരി ഭവനരഹിതരില്ലാത്ത ഗ്രാമപഞ്ചായത്താകുന്നു

Posted on: March 18, 2015 9:40 am | Last updated: March 18, 2015 at 9:40 am
SHARE

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് മലയോര മേഖലയില്‍ ഭവനരഹിതരില്ലാത്ത ആദ്യ പഞ്ചായത്താകുന്നു. പഞ്ചായത്തിലെ ഭവനരഹിതരായ 200 കുടുംബങ്ങള്‍ക്കാണ് സമ്പൂര്‍ണ ഭവന പദ്ധതിയിലുടെ ഗ്രാമപഞ്ചായത്ത് സഹായം നല്‍കുന്നത്. കാരശ്ശേരി പഞ്ചായത്തിന്റെ ഈ സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം 27ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. മൊത്തം വീടുകളും ജനറല്‍ വിഭാഗത്തിനാണെന്നത് ശ്രദ്ധേയമാണ്. കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്കുമായി സഹകരിച്ചാണ് മാതൃകാ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നാല് കോടി രൂപയാണ് കടമെടുത്തിരിക്കുന്നത്. ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപയാണ് നിര്‍മാണത്തിന് നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ യോഗം കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എം ടി സെയ്ത് ഫസല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ആമിന എടത്തില്‍, ശാന്താദേവി മുത്തേടത്ത്, എം ടി അശ്‌റഫ്, പ്രദീപ് കപ്പാല, കെ ശിവദാസന്‍, ബി ബീരാന്‍കുട്ടി, വി കെ ലീല, സുഹറ കരുവോട്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ഇ സുരേഷ് ബാബു പ്രസംഗിച്ചു.