Connect with us

Sports

ധവാന്റെ ഫോമിന് പിറകില്‍ ശാസ്ത്രിയുടെ ഉശിരന്‍ ചര്‍ച്ച

Published

|

Last Updated

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ നനഞ്ഞ പടക്കം പോലിരുന്ന ശിഖര്‍ ധവാന്‍ തന്നെയാണോ ഇത്? ക്രിക്കറ്റ് പണ്ഡിറ്റുകളുടെയും ആരാധകരുടെയും സംശയം സമാനമാണ്. ഓഫ് സൈഡില്‍ അതിദുര്‍ബലനായ ശിഖര്‍ ധവാനെയാണ് ആസ്‌ത്രേലിയന്‍ പേസര്‍മാര്‍ തുറന്നുകാണിച്ചത്. ലോകകപ്പ് ടീമില്‍ ധവാന്‍ ആവശ്യമില്ലെന്ന് വരെ വിമര്‍ശം ഉയര്‍ന്നു. എന്നിട്ടും ധവാന്‍ ടീമില്‍ ഓപണറുടെ സ്ഥാനം നിലനിര്‍ത്തി. ഇപ്പോഴിതാ, ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി നില്‍ക്കുമ്പോള്‍ ധവാന്‍ 337 റണ്‍സുമായി ടീമിന്റെ കുന്തമുനയായി നില്‍ക്കുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ നേടിയതുള്‍പ്പടെ രണ്ട് തകര്‍പ്പന്‍ സെഞ്ച്വറികളും ധവാന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ധവാന്‍ എങ്ങനെയാണ് ഫോം ഔട്ടിനെ ഇത്ര വിജയകരമായി അതിജീവിച്ചത് ? ഉത്തരം രവിശാസ്ത്രിയെന്ന ടീം ഡയറക്ടറാണ്. ഓരോ താരത്തിലും ആത്മവിശ്വാസമുണ്ടാക്കാന്‍ രവിശാസ്ത്രി നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണ്.
മെന്ററുടെ റോളിലാണ് ശാസ്ത്രി ടീമിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. ലോകകപ്പിന് മുമ്പെ ഫോം നഷ്ടപ്പെട്ട ശിഖര്‍ ധവാനുമായി രവി ശാസ്ത്രി മണിക്കൂറുകളോളമാണ് ക്രിക്കറ്റ് ചര്‍ച്ച നടത്തിയത്. ഉശിരുണ്ടാക്കല്‍ സംസാരമെന്നാണിതിനെ വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായി പരാജയപ്പെടുന്ന കളിക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടമാകും. പിന്നീടവര്‍ നനഞ്ഞ പടക്കങ്ങളായി ടീമില്‍ നിന്ന് തന്നെ പുറത്താകാറാണ് പതിവ്. എന്നാല്‍, ശാസ്ത്രി ഇത്തരത്തില്‍ താഴേക്ക് പോകുന്നവരെ തന്റെ പരിചയ സമ്പത്ത് മുഴുവന്‍ വിനിയോഗിച്ച് ഉശിരുണ്ടാക്കിക്കൊണ്ടുവരുകയാണ് ചെയ്യുന്നത്. ശിഖര്‍ ധവാന്‍ അതിന്റെ ഗുണഭോക്താവാണ്.
കളിക്കാരുമായി ചര്‍ച്ച നടത്തുന്ന ശാസ്ത്രി അവരുടെ പിഴവുകള്‍ സാങ്കേതികമായി വിശധീകരിക്കാന്‍ ചീഫ് കോച്ച് ഡങ്കന്‍ ഫ്‌ലെച്ചര്‍, അസിസ്റ്റന്റ്‌കോച്ചുമാരായ സഞ്ജയ് ബംഗാര്‍, ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവരുടെ സഹായം തേടുക പതിവാണ്.
ഇതുവരെ എങ്ങനെയാണ് റണ്‍സടിച്ചെടുത്തിരുന്നത് അത് തുടരുക. അതിനുള്ള മനസ് പാകപ്പെടുത്തുക. ഇത്രമാത്രമാണ് ധവാന് ടീം ഡയറക്ടര്‍ കാണുമ്പോഴെല്ലാം നല്‍കി വന്ന ഉപദേശം.
ടീം മീറ്റിംഗില്‍ കളിക്കാരൊന്നും തന്നെ സംസാരിക്കാറില്ല. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പോലും നിശ്ബദനായി കേട്ടുകൊണ്ടിരിക്കും.
അനാവശ്യമായ ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.
കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറും ബൗളിംഗ് കോച്ച് ഭരത് അരുണും മാത്രമാണ് മീറ്റിംഗില്‍ ടീം തന്ത്രങ്ങള്‍ അവതരിപ്പിക്കുക. അച്ചടക്കത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ടീം ഇന്ത്യ.