അറബി-മലയാളം സമ്പന്നമായ പൈതൃകം: സെമിനാര്‍

Posted on: March 18, 2015 5:33 am | Last updated: March 18, 2015 at 12:33 am
SHARE

തിരൂര്‍: സാംസ്‌കാരിക വിനിമയ ചരിത്രത്തില്‍ രൂപംകൊണ്ട അറബി മലയാളത്തിന് വളരെ സമ്പന്നമായ ഭാഷാ സംസ്‌കാരവും സാമൂഹിക സാഹിത്യസംസ്‌കാരവുമുണ്ടെന്നും അത് പഠിക്കാനും വിലയിരുത്താനുമുള്ള ബാധ്യതകള്‍ മലയാള സര്‍വകലാശാല ഏറ്റെടുക്കുമെന്നും വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ പറഞ്ഞു. രണ്ട് ഭാഷകളുടെ വിനിമയം എന്നത് സമ്പന്നമായ പൈതൃകത്തെയാണ് സൂചിപ്പിക്കുന്നത്. അതിന് സമ്പന്നമായ ചരിത്രവുമുണ്ട്. മലയാള ഭാഷയും അറബി ഭാഷയും സമന്വയിച്ചതുപോലെ വൈകാരിക തലങ്ങളില്‍ മറ്റു ഭാഷകളുമായി ഇണങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഇതൊന്നും വേണ്ടത്ര സാഹിത്യ ചരിത്രത്തില്‍ വന്നിട്ടില്ല. ഇത്തരം കാര്യങ്ങളുടെ ഭാഗമായാണ് മലയാള സര്‍വകലാശാല രണ്ട് പ്രൊജക്ടുകള്‍ ആരംഭിച്ചിട്ടുള്ളത.് ഭാഷാഭേദ സര്‍വയും സമഗ്ര നിഘണ്ടു നിര്‍മാണവും.
ഭാഷാ ഭേദത്തിലെ വൈജാത്യം അടയാളപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും സംയുക്തമായി നടത്തിയ ‘അറബി മലയാളം സംസ്‌കാരവും സാഹിത്യവും’ സെമിനാര്‍ അക്ഷരം കാമ്പസ് രംഗശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ സി പി സൈതലവി അധ്യക്ഷത വഹിച്ചു. പ്രൊഫ. എം ശ്രീനാഥന്‍, മാപ്പിളകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എ കെ അബ്ദുര്‍റഹ്മാന്‍, മലയാളസര്‍വകലാശാല രജിസ്ട്രാര്‍ കെ വി ഉമര്‍ ഫാറൂഖ്, മാപ്പിളകലാ അക്കാദമി സെക്രട്ടറി ആസാദ് വണ്ടൂര്‍ കെ അബൂബക്കര്‍, ഡോ. ഉമര്‍ തറമേല്‍ ഡോ. വി ഹിക്മത്തുല്ല, ഡോ. സെയ്തലവി, ഡാ. കെ.കെ. അബ്ദുള്‍ സത്താര്‍, എ.പി. അഹമ്മദ്, ഡോ. സി സെയ്തലവി, പി പി റഹ്മത്തുല്ല പ്രസംഗിച്ചു.