വൈദ്യുതി പോസ്റ്റ്് റിലയന്‍സിന് നല്‍കിയതില്‍ അഴിമതി: കേബിള്‍ ടി വി ഓപറേറ്റര്‍മാര്‍

Posted on: March 18, 2015 5:32 am | Last updated: March 18, 2015 at 12:32 am
SHARE

കണ്ണൂര്‍: റിയലയന്‍സിന് സംസ്ഥാനത്തെ വൈദ്യുതി പോസ്റ്റുകള്‍ തീറെഴുതി കൊടുത്തതിന് പിന്നില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും കേബിള്‍ ടി വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ബിനു ശിവദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെറികിട കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരും ബി എസ് എന്‍ എല്ലും ആവശ്യപ്പെട്ടിട്ടും നല്‍കാതെ കെ എസ് ഇ ബി പോലും തീരുമാനിക്കാതെ മന്ത്രി റിയലന്‍സിന് വിട്ടു കൊടുക്കാന്‍ ഉത്തരവിട്ടത്. കെ എസ് ഇ ബി ജീവനക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങളോ അവരുടെ സംഘടനകളുടെ അഭിപ്രായമോ തേടാതെയാണ് സര്‍ക്കാര്‍ തീരുമാനം.
ഫോര്‍ ജി സേവനത്തിന്റെ മറവിലാണ് വൈദ്യുതി പോസ്റ്റ് വഴി റിലയന്‍സ് വൈദ്യുതി മേഖലയെ തന്നെ വറുതിയിലാക്കുന്നത്. റിലയന്‍സിന്റെ ഗൂഢ നീക്കം മാധ്യമ രംഗത്തും കേബിള്‍ ടി വി ഇന്റര്‍നെറ്റ് രംഗത്തും കേരളത്തിന്റെ സമ്പൂര്‍ണ്ണ കുത്തകവത്കരണത്തിനുള്ള പുറപ്പാടാണ്. ജിയോ ടെലിവിഷന്‍ എന്ന പേരില്‍ റിലയന്‍സ് രാജ്യവ്യാപകമായി കേബിള്‍ ടി വി വിതരണത്തിനുള്ള ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു. ചെറുകിട കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍, കേബിള്‍ ടി വി സര്‍വീസസിന് പുറമെ ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍വെയര്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് ഇതിനകം കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റിലയന്‍സിന്റെ കടന്നു വരവ് ചെറുകിട സംരംഭകരായ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതാണ്.
വൈദ്യുതിബോര്‍ഡ് കമ്പനിയായി മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ഓഹരി വിഹിതത്തിലൂടെ റിലയന്‍സ് പോലുള്ള കമ്പനികള്‍ കയ്യടക്കിയ സാഹചര്യം ഇവിടെയും ആര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സിന് നല്‍കാനുള്ള ഗൂഡനീക്കം ഉപേക്ഷിക്കണമെന്നും പോസ്റ്റുകള്‍ക്ക് മുന്‍കാല വാടക ഈടാക്കാനും ഒന്നിലധികം കമ്പനികള്‍ക്ക് നല്‍കാനുമുള്ള നീക്കം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന കാസര്‍കോട് നിന്ന് ആരംഭിച്ച ജന ജാഗ്രതാ യാത്ര 31 ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എം രാധാക്യഷ്ണന്‍, വി ഗോപകുമാര്‍,കെ സജീവ്കുമാര്‍, കെ പ്രമോദ് പങ്കെടുത്തു.