Connect with us

Kerala

'നീര' എക്‌സൈസ്- കൃഷി വകുപ്പുകള്‍ ഏറ്റുമുട്ടുന്നു

Published

|

Last Updated

തിരുവനന്തപുരം: നീര പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി എക്‌സൈസ് വകുപ്പ്. നീര ഉത്പാദനത്തിനുള്ള ലൈസന്‍സിനെ ചൊല്ലി എക്‌സൈസ്, കൃഷി വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നതിനെ തുടര്‍ന്നാണ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി എക്‌സൈസ് വകപ്പിന്റെ ആരോപണം. ഇരു വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇരുവരും പരസ്പരം പഴിചാരുന്ന കുറിപ്പുകള്‍ പുറത്തായതോടെ ഈ വാദം പൊളിയുകയാണ്. എക്‌സൈസ് ലൈസന്‍സ് നല്‍കിയാല്‍ ഗുണമേന്മയുള്ള നീര ഉത്പാദനം സംസ്ഥാനത്ത് നടക്കില്ലെന്നാണ് കൃഷിമന്ത്രിയുടെ ആക്ഷേപം.
ഉത്തരവ് പ്രകാരം നീര ബോര്‍ഡാണ് ലൈസന്‍സ് നല്‍കേണ്ടത്. അത് ലംഘിച്ചാണ് എക്‌സൈസ് ലൈസന്‍സ് നല്‍കുന്നത്. ഇത് തുടര്‍ന്നാല്‍ ഗുണമേന്മയുള്ള നീര നാട്ടില്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്നാണ് കൃഷി മന്ത്രി കെ പി മോഹനന്‍ പറയുന്നത്. ഇതോടെ നീര ബോര്‍ഡിന് തന്നെ പ്രസക്തിയില്ലാതാകുകയാണ്. എക്‌സൈസ് സ്വന്തം നിലക്ക് ലൈസന്‍സ് കൊടുക്കുകയാണങ്കില്‍ നീര ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭയെടുത്ത തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ജനുവരി 20ന് എക്‌സൈസ് മന്ത്രിക്ക് നല്‍കിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ നീരയുടെ മറവില്‍ ആളുകള്‍ കള്ള് ഉത്പാദിപ്പിച്ചാല്‍ കൃഷി വകുപ്പിന് തടയാന്‍ പറ്റുമോയെന്നാണ് എക്‌സൈസിന്റെ വാദം. കൃഷിവകുപ്പിന് കീഴിലുള്ള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനും കോക്കനട്ട് ഡെവലപ്പ്‌മെന്റ് കോര്‍പറേഷനും സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്താണ് എക്‌സൈസ് നീര ഉത്പാദനത്തിന് ലൈസന്‍സ് നല്‍കിയത്.
ഈ തീരുമാനം ഉണ്ടായപ്പോഴും നീരയുടെ നിയന്ത്രണം എക്‌സൈസില്‍ നിന്നും മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നില്ല. നീരക്കായി രൂപീകരിച്ച ഉന്നതതല സമിതിയിലുള്ള കൃഷിവകുപ്പ് ഡയറക്ടറോ കാര്‍ഷിക സര്‍വകലാശാല പ്രതിനിധികളോ കൃഷിവകുപ്പിനായി വാദിച്ചില്ലന്നും എക്‌സൈസ് വകുപ്പ് അധികൃതര്‍ പറയുന്നു. ഒടുവില്‍ ഉത്പാദനം തുടങ്ങിയപ്പോള്‍ ലൈസന്‍സ് നല്‍കിയതിനെ ചോദ്യം ചെയ്യുന്നത് പദ്ധതി അട്ടിമറിക്കാനാണന്നാണ് എക്‌സൈസ് ആരോപിക്കുന്നത്.

Latest