Connect with us

National

ഐ എ എസ് ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം: വന്‍ പ്രതിഷേധം; സി ഐ ഡി അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

ബെംഗളൂരു: അഴിമതിക്കും നികുതി വെട്ടിപ്പിനുമെതിരെ ശക്തമായ നടപടികള്‍ എടുത്തിരുന്ന കര്‍ണാടക ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ ദുരൂഹ മരണം സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ സി ഐ ഡി അന്വേഷണം പ്രഖ്യാപിച്ചു. ഐ എ എസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ദുരൂഹത നീക്കാനാവശ്യമായ സ്വതന്ത്രമായ അന്വേഷണം നടക്കും- മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ മറ്റേതെങ്കിലും കാരണത്താലോണോ മരണമെന്ന് അറിയാന്‍ സര്‍ക്കാറിന് താത്പര്യമുണ്ട്. അതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ ഒരു വന്‍കിട കമ്പനിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു രവി. കമ്പനിക്കെതിരെയുള്ള തെളിവുകള്‍ ശേഖരിച്ചു വന്ന അദ്ദേഹം തന്റെ പദ്ധതി സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തിരുന്നു.
മണല്‍മാഫിയയില്‍ നിന്ന് ഭീഷണി നേരിട്ടിരുന്ന രവിയെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ സ്വന്തം ഫഌറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് 1.30 വരെ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് 5.30ന് തുംകൂരില്‍ സംസ്‌കരിച്ചു. അതിനിടെ, സംസ്ഥാനത്താകെ പ്രതിപക്ഷ പ്രവര്‍ത്തകരും വിവിധ സംഘടനകളും പ്രതിഷേധവുമായി തെരുവിലറങ്ങി. രവി കലക്ടറായിരുന്ന കോലാറില്‍ ജനങ്ങള്‍ പോലീസ് ആസ്ഥാനത്തിന് നേരെ കല്ലേറ് നടത്തി. ബെംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധത്തിനിടെ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ധീരനായ ഉദ്യോഗസ്ഥനായിരുന്നു രവിയെന്നും അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

Latest