ഘര്‍വാപസി: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ആശങ്ക രേഖപ്പെടുത്തി

Posted on: March 18, 2015 5:00 am | Last updated: March 18, 2015 at 12:25 am
SHARE

ജയ്പൂര്‍: രാജ്യത്ത് അരങ്ങേറുന്ന ഘര്‍വാപസിയില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ജയ്പൂരില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മുസ്‌ലിം നിയമ ബോര്‍ഡിന്റെ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. ഘര്‍വാപസിയില്‍ ജാഗ്രത പുലര്‍ത്തുമെന്നും ഗൂഢമായ അജന്‍ഡയാണ് നടപ്പിലാക്കുതെന്നും എ ഐ എം എല്‍ പി ബി ജനറല്‍ സെക്രട്ടറി മൗലാന നിസാമുദ്ദീന്‍ പറഞ്ഞു.
പുരോഗതി കൈവരിക്കുന്ന രാഷ്ട്രം ഘര്‍വാപസിയിലൂടെ തകര്‍ച്ച നേരിടുകയാണ്. നാളെ ക്രിസ്തുമതക്കാര്‍ മുഴുവന്‍ ഹിന്ദുവായി തീരണമെന്നും അടുത്ത ദിനം മുസ്‌ലിംകള്‍ മുഴുവന്‍ ഹിന്ദുവായി തീരണമെന്നും നിങ്ങള്‍ പറഞ്ഞേക്കാം. എന്തൊരു തമാശയാണ് ഇത്. നമ്മുടെ രാജ്യം മതേതര രാഷ്ട്രമാണ്. മുസ്‌ലിംവിരുദ്ധ പ്രചാരമാണ് നടക്കുന്നത്. ഇതൊരു അജന്‍ഡയാണ്.
മഹാരാഷ്ട്രയിലും കൊല്‍ക്കത്തയിലും മുസ്‌ലിംകള്‍ മാത്രമല്ല ബീഫ് ഭക്ഷിക്കുന്നത്. ഇത് മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുന്നത്. ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവരെയും കമ്പനികളെയും ബാധിക്കുന്നുണ്ട്. നിരവധി നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരാണ് ജയിലിലുള്ളത്. ഇത് അനീതിയാണ്. ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നും നിസാമുദ്ദീന്‍ ആവശ്യപ്പെട്ടു.