Connect with us

National

സുബ്രഹ്മണ്യം സ്വാമിയുടെ വിവാദ പള്ളി പരാമര്‍ശം: രാജ്യസഭ പ്രക്ഷുബ്ധമായി

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പള്ളികളെ സംബന്ധിച്ച വിവാദ പ്രസ്താവനയില്‍ രാജ്യസഭയില്‍ വന്‍പ്രതിഷേധം. ഞായറാഴ്ച അസമില്‍ നടന്ന പൊതുപാരിപാടിക്കിടെയാണ് സ്വാമി വിവാദ പ്രസ്താവന നടത്തിയത്.
ജനാധിപത്യത്തിന്റെ വലിയ ശക്തിയാണ് മതനിരപേക്ഷത. മതേതരത്വ സ്വഭാവം ഇല്ലെങ്കില്‍ ജനാധിപത്യമുണ്ടാകില്ലെന്ന് സഭ സമ്മേളിച്ചയുടനെ കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ചൂണ്ടിക്കാട്ടി. പള്ളികള്‍ പൊളിക്കുന്നതിനെ കുറിച്ചാണ് അവരുടെ സംസാരമെന്നും തിവാരി പറഞ്ഞു. തുടര്‍ന്ന് നിരവധി പ്രതിപക്ഷാംഗങ്ങളും പിന്തുണയുമായെത്തി. അംഗങ്ങള്‍ക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് പാര്‍ലിമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞെങ്കിലും ബഹളം ശമിച്ചില്ല. ബഹളത്തിനിടെ പത്ത് മിനുട്ട് നേരത്തേക്ക് സഭ നിര്‍ത്തിവെച്ചു. പള്ളികള്‍ വെറും കെട്ടിടങ്ങളാണെന്നും ആരാധനാലയങ്ങളല്ലെന്നും എപ്പോള്‍ വേണമെങ്കിലും പൊളിക്കാമെന്നുമാണ് സ്വാമി പറഞ്ഞത്.
അതേസമയം, സ്വാമിയുടെ പ്രസ്താവന, ഹിസാറിലെ ചര്‍ച്ച് ആക്രമണം, ബംഗാളിലെ കന്യാസ്ത്രീയുടെ ബലാത്സംഗം എന്നീ വിഷയങ്ങളില്‍ ലോക്‌സഭയില്‍ വന്‍പ്രതിഷേധമുയര്‍ന്നു. കോണ്‍ഗ്രസും എ ഐ എ ഡി എം കെയും വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചു. മത അസഹിഷ്ണുതയുടെ സംഭവങ്ങള്‍ വര്‍ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി വളരാന്‍ ഇടയാക്കിയുണ്ടെന്ന വസ്തുതയിലേക്ക് സഹപ്രവര്‍ത്തരുടെ ശ്രദ്ധ ക്ഷണിക്കുകയാണെന്ന് കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് പറഞ്ഞു. ഹരിയാനയിലെ ഹിസാറില്‍ ഒരു ചര്‍ച്ച് തകര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ പറയുന്നു അത് അനധികൃത കെട്ടിടമാണെന്ന്. അതാണോ തകര്‍ക്കാന്‍ കാരണം? അദ്ദേഹം ചോദിച്ചു. ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതിയംഗം അസമില്‍ വന്ന് വിവാദ പ്രസ്താവന നടത്തി. ക്ഷേത്രത്തില്‍ മാത്രമാണോ ദൈവം വസിക്കുന്നത്; പള്ളികളിലും ചര്‍ച്ചിലും ഇല്ലേ? അദ്ദേഹം ചോദിച്ചു.
ഇത് മതേതരത്വ രാജ്യമാണെന്നും ഏതെങ്കിലും മതത്തെ മഹത്വവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയക്കാര്‍ പിന്‍മാറണമെന്നും എ ഐ എ ഡി എം കെയുടെ പി ബി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആധിര്‍ രഞ്ജന്‍ ചൗധരിയും സി പി എമ്മിന്റെ മുഹമ്മദ് സാലിമും ബംഗാളിലെ ബലാത്സംഗ സംഭവം ഉയര്‍ത്തിക്കാട്ടി. ഉടനെ ബംഗാളിലെ ഡാര്‍ജിലിംഗ് മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പിയുടെ എസ് എസ് അഹ്‌ലുവാലിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ ആക്രമിച്ച് ബംഗാളിയില്‍ പ്രസംഗിക്കാന്‍ ആരംഭിച്ചു. എന്നാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടതും ചൂണ്ടിക്കാട്ടി തൃണമൂലിന്റെ സൗഗത റോയ് രംഗത്തെത്തി.
മൂന്ന് വിവാദ സംഭവങ്ങളിലും പാര്‍ട്ടി അകലം പാലിക്കുന്നുവെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു നിലപാട് വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം വോട്ട്‌ബേങ്ക് രാഷ്ട്രീയം കളിക്കുകയാണ്. എന്നാല്‍ എം പിമാര്‍ ബഹളം തുടര്‍ന്നപ്പോള്‍ നായിഡു ഇങ്ങനെ തീര്‍ത്തുപറഞ്ഞു.” എല്ലാവര്‍ക്കും നീതി, ആരെയും പ്രീതിപ്പെടുത്താതിരിക്കുക എന്ന തത്വത്തില്‍ വിശ്വസിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഈ സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ സമഗ്രമാണ്.”