ഈജിപ്തില്‍ ബ്രദര്‍ഹുഡിന്റെ സമുന്നത നേതാവ് ബദീഇനടക്കം 14 പേര്‍ക്ക് വധശിക്ഷ

Posted on: March 18, 2015 5:19 am | Last updated: March 18, 2015 at 12:19 am
SHARE

കൈറോ: നിരോധിത സംഘടനയായ ബ്രദര്‍ഹുഡിന്റെ സമുന്നത നേതാവ് മുഹമ്മദ് ബദീഅ് ഉള്‍പ്പെടെ 14 നേതാക്കള്‍ക്ക് ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചു. രാജ്യത്ത് കുഴപ്പമുണ്ടാക്കുക, സര്‍ക്കാറിനെതിരെ ആക്രമണം നടത്തുക എന്നീ കേസുകളില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2013ലാണ് ബ്രദര്‍ഹുഡിനെ ഈജിപ്ത് സര്‍ക്കാര്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
2013 ജൂലൈയില്‍ ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് മുര്‍സി ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ അധികാരഭ്രഷ്ടനായതിന്റെ ആഴ്ചകള്‍ക്ക് ശേഷം ഇവര്‍ സര്‍ക്കാറിനെതിരെ ആക്രമണങ്ങള്‍ക്ക് ഗൂഢനീക്കങ്ങള്‍ നടത്തിയതായി വ്യക്തമായെന്ന് കോടതി ചൂണ്ടിക്കാട്ടി. വധശിക്ഷ ലഭിച്ചവരില്‍ ബ്രദര്‍ഹുഡ് വക്താവ് മഹ്മൂദ് ഗസ്‌ലാനും ഉള്‍പ്പെടുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ പ്രതിഭാഗം വക്കീല്‍ രംഗത്തെത്തി. തെറ്റായ വിധിയാണ് കോടതി നടത്തിയതെന്ന് വക്കീല്‍ ആരോപിച്ചു. കോടതി, ഈ വിഷയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പണ്ഡിതസഭയായ അല്‍അസ്ഹറിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈജിപ്ത് നിയമമനുസരിച്ച് വധശിക്ഷക്ക് അല്‍അസ്ഹറിന്റെ ഉപദേശം തേടണമെന്ന് അനുശാസിക്കുന്നു.
മറ്റു കേസുകളില്‍ നേരത്തെ തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിയാണ് മുഹമ്മദ് ബദീഅ്. നാല് ജീവപര്യന്തം തടവ് ശിക്ഷ ഇപ്പോള്‍ ഇദ്ദേഹത്തിന് കോടതി വിധിച്ചിട്ടുണ്ട്.