പ്രേമന്‍ വധം: നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: March 18, 2015 5:17 am | Last updated: March 18, 2015 at 12:18 am
SHARE

കൂത്തുപറമ്പ്: സി പി എം പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ പ്രേമന്‍ വധക്കേസില്‍ ആര്‍ എസ് എസ് നേതാവുള്‍പ്പെടെ നാല് പേര്‍ പിടിയില്‍. കൊലപാതകത്തിന് ഉപയോഗിച്ച സാന്‍ട്രോ കാറും രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതി കണ്ണവം സ്വദേശിയും ആര്‍ എസ് എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹകുമായ സി എം സജേഷ് (26), ആര്‍ എസ് എസ് പ്രവര്‍ത്തകരായ കളരിക്കല്‍ രജീഷ് (26), കണ്ണവം ശിവദി നഗറിലെ തൈക്കണ്ടി ഹൗസില്‍ നിഖില്‍ (21), രന്‍ജെയ് രമേഷ് (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 58 ഇ 8751 സാന്‍ട്രോ കാറും കെ എല്‍ 58 എല്‍ 63, കെ എല്‍ 58 ജെ 7714 ബൈക്കുകളും ആണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം 25ന് രാത്രി ഒമ്പത് മണിയോടെ ചിറ്റാരിപ്പറമ്പ് ടൗണില്‍ വെച്ച് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സി പി എം ചുണ്ടയില്‍ ബ്രാഞ്ചംഗമായിരുന്ന പ്രേമനെ വെട്ടിയത്. പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിച്ചിരുന്നത്. നാര്‍ക്കോട്ടിക് ഡി വൈ എസ് പി. വി എന്‍ വിശ്വനാഥനായിരുന്നു അന്വേഷണ ചുമതല. 11 ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മറ്റ് പ്രതികളും ഉടന്‍ തന്നെ വലിയാലാക്കുമെന്ന് പോലീസ് പറഞ്ഞു. ആര്‍ എസ് എസ് താലൂക്ക് സഹകാര്യവാഹകായിരുന്ന സജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രേമനെ അക്രമിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. പാനൂര്‍ പൂക്കോം സ്വദേശിയായ റയീസിന്റെ സാന്‍ട്രോ കാര്‍ വാടകക്കെടുത്താണ് പ്രതികള്‍ കൊലക്ക് ഉപയോഗിച്ചിരുന്നത്. കൂത്തുപറമ്പ് സി ഐ. കെ പ്രേംസദസന്‍, കണ്ണവം എസ് ഐ. എ വി പ്രകാശ്, സ്‌ക്വാഡംഗങ്ങളായ സുബാഷ്, ബിജു, റാഫി, റജി സ്‌ക്കറിയ, മജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.