Connect with us

Kerala

ശഫീഖ് ജീവിതത്തിലേക്ക് പിച്ചവെക്കുന്നു; തുടര്‍ ചികിത്സക്കായി വെല്ലൂരിലേക്ക്‌

Published

|

Last Updated

തൊടുപുഴ :പുത്തനുടുപ്പും ചെരിപ്പുമിട്ട് കൊച്ചരിപല്ലു കാട്ടി ചിരിച്ച് കുഞ്ഞു ശഫീഖ് അവ്യക്തമായി മൊഴിഞ്ഞു. അസലാമു അലൈക്കും. പിന്നെ കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു വീല്‍ ചെയറില്‍ ആംബുലന്‍സില്‍ കയറി. മലയാളിയുടെ നോവും തിരിച്ചറിവുമായി മാറിയ ശഫീഖ് മൂന്നാം ഘട്ട ചികിത്സക്കായി ഇന്നലെ വെല്ലൂരിലേക്ക് പോയി. കുമളിയില്‍ രണ്ടാനമ്മയുടേയും പിതാവിന്റേയും ക്രൂരതയാല്‍ മരണത്തിന്റെ പടിവാതില്‍ വരെയെത്തിയ കേരളത്തിന്റെ ഈ കണ്ണീരോമനക്ക് കഴിഞ്ഞതെല്ലാം കഥയാകുകയാണ്.
ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു നടക്കില്ലെന്ന് കരുതിയ കുഞ്ഞു ശഫീഖ് പോറ്റമ്മയുടെ കൈപിടിച്ചാണെങ്കിലും ഇപ്പോള്‍ നടന്നു തുടങ്ങി. മറ്റൊരു ആറര വയസുകാരനെപ്പോലെ ഓടിനടക്കാന്‍ അവന് ആകില്ലെങ്കിലും പിച്ചവെച്ച് പത്തടി നടക്കും. പിന്നെ ക്ഷീണിച്ച് പോറ്റമ്മ രാഗിണിയുടെ മടിയിലേക്ക് ചായും.
പെരുമ്പിളളിച്ചിറ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക പരിചരണത്തിലായിരുന്ന ശഫീഖിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ശിശുരോഗ വിദഗ്ധനും മെഡിക്കല്‍ കോളജ് ഡയറക്ടറുമായ ഡോ. കെ പി ഷിയാസ് പറഞ്ഞു
2014 ജൂലൈ 21നാണ് ശെഫീഖിനെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ഏറ്റെടുത്തത്. വെല്ലൂരില്‍ നിന്നും ശഫീഖ് എത്തുമ്പോള്‍ അനിയന്ത്രിതമായ വളര്‍ച്ചയുണ്ടായിരുന്നത് ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. ബുദ്ധിയുടെ കാര്യത്തിലും പുരോഗതിയുണ്ട്. വളര്‍ച്ചയുടെ ഭാഗമായി ഇവിടെ എത്തിയതിനു ശേഷം പല്ലുകള്‍ കൊഴിയുകയും ചില പല്ലുകള്‍ ഉണ്ടാവുകയും ചെയ്തു. വെല്ലൂരില്‍ നിന്നും എത്തിയപ്പോള്‍ ഇരുപത്തിയേഴര കിലോ തൂക്കവും 117 സെന്റീമീറ്റര്‍ ഉയരവുമായിരുന്നു അവന്. ഇപ്പോള്‍ ആറര വയസ്സാണ് പ്രായം. തൂക്കം 34 കിലോയും. ഉയരം 125 സെന്റീമീറ്ററുമാണ് . വളര്‍ച്ച നിയന്ത്രിക്കാനുളള കുത്തി വെപ്പ് എട്ടെണ്ണം പൂര്‍ത്തിയായി. ശഫീഖിന്റെ ചികിത്സയില്‍ ഉണ്ടായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഇനിയും പുരോഗതി കൈവരിക്കുന്ന നിലയിലാണ്. ആരുടേയും സഹായം കൂടാതെ പത്ത് മിനിറ്റോളം ഇരിക്കാനും ഒരാളുടെ സഹായത്താല്‍ പിടിച്ച് എഴുന്നേറ്റ് നില്‍ക്കാനും പത്തടി നടക്കാനും ഇപ്പോള്‍ കഴിയുന്നു. കേള്‍വിശക്തിയും കാഴ്ച ശക്തിയും 70ല്‍ നിന്നും 90 ശതമാനമായി വര്‍ദ്ധിച്ചു. വിദഗ്ധ ചികിത്സയും രാഗിണിയുടെ സംരക്ഷണവും സര്‍ക്കാരിന്റേയും മാദ്ധ്യമങ്ങളുടേയും ഇടപെടലും അല്‍ അസ്ഹറിലെ പരിചരണവും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മേല്‍ നോട്ടവും ലോക മലയാളികളുടെ പ്രാര്‍ത്ഥനയുമാണ് ശഫീഖിന്റെ ഈ രണ്ടാം ജന്‍മം. നിലവിലെ സാഹചര്യത്തില്‍ ഒന്നരമാസത്തെ ചികിത്സയാണ് വെല്ലൂരിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുരോഗതിയനുസരിച്ച് തുടര്‍ചികിത്സ കൂടുതല്‍ ദിവസത്തേക്ക് നീണ്ടേക്കാം. നിലവില്‍ ചികിത്സയ്ക്കുളള തുക അല്‍ അസ്ഹര്‍ ഗ്രൂപ്പുതന്നെയാണ് നല്‍കുന്നത്. ശഫീഖിനെ ഏറ്റെടുത്തപ്പോള്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് തുടര്‍ചികിത്സാ തുക നല്‍കുന്നത്. വെല്ലൂരിലെ ആശുപത്രിയില്‍ ശഫീഖിനോടൊപ്പം രാഗിണിയുമുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ സംഘത്തോടൊപ്പമാണ് ശഫീഖ് വെല്ലൂരിലേക്ക് തിരിച്ചത്.
മെഡിക്കല്‍ വിദ്യാര്‍ഥികളോടും ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും അവന്‍ കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എ. എം. ഹാരിദ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്‍, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ഹാരിസ് മുഹമ്മദ് , അല്‍ അസ്ഹര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.എം. മിജാസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി ശ്യാമളകുമാരി എന്നിവരും യാത്രയയക്കാന്‍ എത്തിയിരുന്നു.

Latest