മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് ലിറ്റര്‍ പാലിന് രണ്ട് രൂപ ഇന്‍സെന്റീവ് നല്‍കുന്നു

Posted on: March 18, 2015 5:50 am | Last updated: March 18, 2015 at 10:46 am
SHARE

കല്‍പ്പറ്റ: ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസക്കാലം മില്‍മ മലബാര്‍ യൂനിയന്‍ ഒരു ലിറ്റര്‍ പാലിന് രണ്ട് രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മൂന്ന് മാസക്കാലയളവില്‍ കര്‍ഷകര്‍ക്ക ്പുറമെ ക്ഷീരസംഘങ്ങള്‍ക്ക് 50 പൈസയും അധികമായി നല്‍കും. മലബാര്‍ യൂണിയന്‍ ഷെയറായി രണ്ട് രൂപ ഈ മൂന്ന് മാസക്കാലയളവില്‍ സംഘങ്ങളില്‍ നിന്നും സ്വീകരിക്കും. മലബാര്‍ യൂനിയന്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുക കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് സംഘങ്ങളില്‍ നിന്നും ഷെയര്‍ വാങ്ങേണ്ടി വരുന്നത്. പിന്നീട് ഈ തുക സംഘങ്ങള്‍ക്ക് തന്നെ ഡിവിഡന്റോടെ തിരികെ നല്‍കും. ഷെയര്‍ മൂലധനമായി നിലവില്‍ മലബാര്‍ യൂനിയനില്‍ 27 കോടി രൂപയാണുള്ളത്. മൂന്ന് മാസക്കാലയളവില്‍ രണ്ട് രൂപാനിരക്കില്‍ സംഘങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക ഒമ്പത് കോടിയോളം രൂപ വരും. ഇതും ചേര്‍ത്ത് മൊത്തം ഷെയര്‍ മൂലധനം 36 കോടിയാകും. ഈ സാമ്പത്തികവര്‍ഷം മില്‍മ മലബാര്‍ യൂണിയന്റെ മൊത്തവരുമാനം 770 കോടി രൂപയാണ്. ഇതില്‍ 32 കോടി രൂപ ലാഭവിഹിതമാണ്. ഈ സാമ്പത്തികവര്‍ഷം മില്‍മ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കണ്ണൂര്‍ ഡയറി ആരംഭിക്കാന്‍ സാധിച്ചതാണ് അതിലൊന്ന്. 40 കോടി രൂപ മുതല്‍ മുടക്കിയാണ് കണ്ണൂരിലെ ഡെയറി സ്ഥാപിച്ചത്. മലപ്പുറം മൂര്‍ക്കനാട് ഡയറി ആരംഭിക്കാനുള്ള പദ്ധതികളുമായി മില്‍മ മുന്നോട്ടുപോകുകയാണ്. മുമ്പ് സിറ്റ്‌സര്‍ലാന്റ് സര്‍ക്കാറിന്റെ ഗ്രാന്റ് മലബാര്‍ യൂനിയന് ലഭിച്ചിരുന്നു. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 10 ശതമാനം അധികം സംഭരണമാണ് മലബാര്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സംഭരിക്കുന്ന പാലിന്റെ 24 ശതമാനം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മില്‍മ മലബാര്‍ യൂനിയന്‍ ചെയര്‍മാന്‍ സുരേന്ദ്രന്‍ നായര്‍, കെ ടി തോമസ് പങ്കെടുത്തു.