Connect with us

Kerala

മാണിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണിയെ ആവശ്യത്തില്‍ കൂടുതല്‍ പിന്തുണക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അസ്വസ്ഥത ഉയരുന്നു. കേരളാകോണ്‍ഗ്രസ് എം നല്‍കുന്നതിനേക്കാള്‍ വലിയ പിന്തുണ കോണ്‍ഗ്രസ് എന്തിന് മാണിക്ക് നല്‍കണമെന്ന ചോദ്യവുമായി കോട്ടയം ഡി സി സി രംഗത്തു വന്നു. കഴിഞ്ഞദിവസം രാത്രി ചേര്‍ന്ന സര്‍ക്കാര്‍ – കെ പി സി സി യോഗത്തിലാണ് പ്രസിഡന്റ് ടോമി കല്ലാനി മാണിക്കെതിരെ തിരിഞ്ഞത്. അഴിമതിക്കെതിരെ രാജ്യത്ത് വന്‍തോതില്‍ ഉയര്‍ന്നു വരുന്ന ജനവികാരത്തെ കാണാതിരിക്കാന്‍ ആവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്നറിയിപ്പ് നല്‍കി. വിരുദ്ധാഭിപ്രായം പാര്‍ട്ടിയില്‍ ഉണ്ടെന്ന വസ്തുത കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

മാണി കോണ്‍ഗ്രസിന് വന്‍ബാധ്യതയാകുമെന്നും ഇതിനു പാര്‍ട്ടി കനത്തവില നല്‍കേണ്ടി വരുമെന്നുമായിരുന്നു കല്ലാനിയുടെ മുന്നറിയിപ്പ്. നിയമസഭയിലെ പ്രതിപക്ഷ അതിക്രമത്തിനെതിരെ യു ഡി എഫ് ആഹ്വാനം ചെയ്ത കരിദിനാചരണം കോട്ടയം ജില്ലയിലെന്നല്ല പാലായില്‍ പോലും കാര്യമായ ചലനമുണ്ടാക്കിയില്ല. മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നാണു ജനം വിശ്വസിക്കുന്നത്. പാലായിലെയും കോട്ടയത്തെയും ജനങ്ങള്‍ മാത്രമല്ല, കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അങ്ങനെ വിശ്വസിക്കുന്നു.
കേരളാ കോണ്‍ഗ്രസുകാര്‍ പോലും അങ്ങനെയാണു വിശ്വസിക്കുന്നതെന്നും ടോമി കല്ലാനി തുറന്നടിച്ചു. മാണി ബജറ്റ് അവതരിപ്പിച്ചത് തെറ്റായിപ്പോയെന്നും അങ്ങനെ കരുതുന്ന പലരും പാര്‍ട്ടിയിലുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ ചൂണ്ടിക്കാട്ടി.
മാണി കോഴവാങ്ങിയെന്ന് വിശ്വസിക്കുന്നവരുള്ളപ്പോള്‍ അയാളെ കൊണ്ടുതന്നെ ബജറ്റ് അവതരിപ്പിച്ചത് ശരിയായില്ല. ഈ കാര്യം താന്‍ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പാര്‍ട്ടി തന്നെ നിശ്ശബ്ദനാക്കാനാണു ശ്രമിച്ചതെന്നും അജയ് തറയില്‍ കുറ്റപ്പെടുത്തി.
മാണിയുടെ ബജറ്റു പോലും ശരിയല്ലെന്ന നിലപാടാണ് എറണാകുളം ഡി സി സി പ്രസിഡന്റ് വി ജെ പൗലോസിന്. ഒരു കാഴ്ചപ്പാടുമില്ലാത്ത, വിലക്കയറ്റം മാത്രമുണ്ടാക്കുന്നതാണ് ബജറ്റ്. ഭരണത്തിന്റെ അവസാന വര്‍ഷം ഇത്തരത്തിലൊരു ബജറ്റ് കൊണ്ടുവന്നതുതന്നെ ശരിയായില്ല. എന്നിട്ടും പ്രതിഷേധം പോലും അറിയിക്കാതെ ബജറ്റ് കൈയടിച്ചു പാസാക്കിയതിനെയും പൗലോസ് പരിഹസിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തകര്‍ന്നടിഞ്ഞ ഇടതുമുന്നണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവന്നത് തോമസ് ഐസക്കിന്റെ ബജറ്റിന്റെ ബലത്തിലാണെന്ന് കൂടി അദ്ദേഹം ഓര്‍മിപ്പിച്ചു. ബജറ്റില്‍ ഇന്ധനവില വര്‍ധിപ്പിച്ച നടപടിയെ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ചോദ്യം ചെയ്തു. ഈ മാസം 25നു ഇന്ധന്യൂവില കുറക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സമരം നിശ്ചയിച്ചിട്ടുണ്ട്. മാണിയുടെ ബജറ്റു കാരണം ഇനി സമരം ചെയ്താല്‍ ജനം പരിഹസിക്കില്ലേയെന്നു സുധീരനും സംശയം പ്രകടിപ്പിച്ചു.
അഴിമതി എടുത്ത് പറഞ്ഞായിരുന്നു രമേശ് ചെന്നിത്തല സംസാരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ഇതിനുദാഹരണമാണ്. 2ജിയും കല്‍ക്കരിപ്പാടവും മറ്റുമാണ് യു പി എയെ തോല്‍പ്പിച്ചത്. അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുങ്ങിപ്പോയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.