കര്‍ക്കശ നടപടി വേണം

Posted on: March 18, 2015 6:00 am | Last updated: March 18, 2015 at 12:09 am
SHARE

SIRAJ.......അര്‍ഹിക്കുന്ന നടപടിയാണ് നിയമസഭയില്‍ അരങ്ങേറിയ അക്രമങ്ങളുമായി ബന്ധപ്പെട്ടു അഞ്ച് എം എല്‍ എമാര്‍ക്കെതിരെ പ്രഖ്യാപിച്ച സസ്‌പെന്‍ഷന്‍. സാംസ്‌കാരിക കേരളത്തിനു തീരാകളങ്കമുണ്ടാക്കിയ സംഭവങ്ങളാണ് വെള്ളിയാഴ്ച നിയമസഭയില്‍ നടന്നത്. നിയമനിര്‍മാണങ്ങള്‍ വഴി സംസ്ഥാനത്ത് ശാന്തിയും സമാധാനവും സ്ഥാപിക്കാനും സൈ്വര്യ ജീവിതം ഉറപ്പുവരുത്താനും ബാധ്യതപ്പെട്ട ജനപ്രതിനിധികളാണ് നിയമസഭയെ യുദ്ധക്കളമാക്കി മാറ്റിയത്. തെരുവുഗുണ്ടകളെപ്പോലും നാണിപ്പിക്കുന്ന ചട്ടമ്പിത്തരങ്ങളാണ് സഭയില്‍ അവര്‍ കാണിച്ചത്. നിയമനിര്‍മാണ സഭയോടു കാണിക്കേണ്ട ആദരവിന്റെയും അന്തസ്സിന്റെയും എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു, സ്പീക്കറുടെ ഡയസിനു നേരെ നടന്ന അതിക്രമങ്ങള്‍. അഴിമതിക്കെതിരെ പ്രതിഷേധിക്കാന്‍ സാമാജികര്‍ക്കവകാശമുണ്ടെങ്കിലും അത് സമാധാനപരവും സഭയുടെയും സാമാജികരുടെയും പദവിയും നിലവാരവും കണക്കിലെടുത്തുമായിരിക്കണം. ഇതെല്ലാം വിസ്മരിച്ചും അവഗണിച്ചും അടിയും പിടിയും കടിയും നടത്തി സഭയെയും മലയാള നാടിനെയും നാണം കെടുത്തിയവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുക തന്നെ വേണം.
സ്പീക്കറുടെ ഡയസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തിയതിന് നിയമസഭയുടെ ഇപ്പോഴത്തെ സമ്മേളന കാലവയളവിലേക്ക് സസ്‌പെന്‍ഷന്‍ മാത്രമാണ് അഞ്ച് പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ പ്രഖ്യാപിച്ച ശിക്ഷ. നിയമ സഭയില്‍ നടന്ന അതിക്രമങ്ങളുടെ ഗൗരവം വിലയിരുത്തുമ്പോള്‍ ഈ നടപടി അപര്യാപ്തമാണ്. സ്പീക്കറുടെ മൈക്കും കമ്പ്യുട്ടറും തകര്‍ക്കുകയും ഫര്‍ണിച്ചറുകള്‍ കേടുവരുത്തുകയും സഭാനടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തത് ക്രിമിനല്‍ നിയമമനുസരിച്ച് നടപടിയെടുക്കേണ്ട അതിക്രമങ്ങളാണ്. ജനപ്രതിനിധികള്‍ തന്നെ നിയമസഭക്കകത്ത് ചട്ടമ്പിത്തരവും മാടമ്പിത്തരവും കാണിക്കുമ്പോള്‍, രാഷ്ട്രീയ നേതാക്കളെന്ന പരിഗണനയില്‍ അതിനെ ചെറുതായിക്കാണുന്നത് നീതിയല്ല. ഈ അതിക്രമങ്ങളുമായി ബന്ധപ്പെട്ടു നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ നിയമപരമായി മുന്നോട്ട് പോകട്ടെ. ഇതില്‍ രാഷ്ട്രീയ ഇടപെടലുകളോ ഒത്തുതീര്‍പ്പുകളോ അരുത്. നിയമം പൊതുജനത്തിനൊന്നും രാഷ്ട്രീയക്കാര്‍ക്ക് വേറെയുമെന്ന പ്രവണത ഭരണഘടന അടിവരയിട്ടു പറയുന്ന സാമൂഹിക നീതിയുടെ ലംഘനമാണ്.
അതേസമയം ബജറ്റ് അവതരണ ദിനത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ മാത്രമല്ല, ഭരണ കക്ഷി പ്രതിനിധികളും കയ്യാങ്കളി, സ്ത്രീപീഡനം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖവിലക്കെടുത്ത് സത്യസന്ധമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഭരണകക്ഷി എം എല്‍ എമാരുടെ കൈയേറ്റത്തിനിരയായ വനിതാ സാമാജികര്‍, വീഡിയോ ക്ലിപ്പുകള്‍ സഹിതം പരാതികള്‍ ഉന്നയിക്കുമ്പോള്‍ അതിനെ പരിഹസിക്കുകയും വനിതാ അംഗങ്ങള്‍ അന്തസ്സില്ലാത്തവരാണെന്ന മട്ടില്‍ പ്രതികരിക്കുകയും ചെയ്യുന്നത് ഭൂഷണമല്ല. ജനാധിപത്യത്തിനും നിയമനിര്‍മാണസഭാ പ്രവര്‍ത്തനങ്ങളുടെ പദവിക്കും ചേരാത്ത പ്രവൃത്തികള്‍ ആര് ചെയ്താലും അത് ചോദ്യം ചെയ്യപ്പെടണം. കുറ്റവാളികളെ രാഷ്ട്രീയ ചേരിതിരിവിന് അതീതമായി നിയമനടപടികള്‍ക്ക് വിധേയമാക്കുകയും വേണം. ഇത്തരം വിഷയങ്ങളില്‍ നിഷ്പക്ഷത ഉറപ്പുവരുത്താനും നിയമത്തെ അതിന്റെ വഴിക്കു വിടാനും സഭയും സ്പീക്കറും ബാധ്യസ്ഥരാണ്.
നിയമസഭയിലെ അനിഷ്ടകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഭാനടപടികള്‍ വെട്ടിച്ചുരുക്കുകയും ബജറ്റ് പൊതുചര്‍ച്ച ഒഴിവാക്കുകയും ചെയ്ത നടപടി ഖേദകരമാണ്. പ്രതിലോമകരവും ജനങ്ങളുടെ മേല്‍ കൊടിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണ് കെ എം മാണി അവതരിപ്പിച്ച 2015-16 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ്. ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിച്ചെങ്കിലും പെട്രോള്‍ ഉത്പന്നങ്ങള്‍ക്കുള്ള അധിക നികുതിയടക്കം വിലക്കയറ്റത്തിനും ജനജീവിതം ദുസ്സഹമാക്കുന്നതിനും ഇടവരുത്തുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇനിയും ധാരാളമുണ്ട്. പ്രാദേശികമായ അസന്തുലിത്വവും പ്രകടമാണ്. ഇത്തരം വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള അവസരമാണ് ബജറ്റ് ചര്‍ച്ചകള്‍. സഭാപ്രവര്‍ത്തനം തടസ്സപ്പെടുകയോ, പ്രവൃത്തി ദിവസങ്ങള്‍ വെട്ടിച്ചുരുക്കുകയോ വഴി ഈ അവസരം ഇല്ലാതാകുന്നതിന്റെ ആത്യന്തിക നഷ്ടം ജനങ്ങള്‍ക്കാണ്. ഇത്തരമൊരു സാഹചര്യത്തിലേക്ക് സഭയെ എത്തിച്ചതില്‍ പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷ എം എല്‍ എമാര്‍ക്കും സര്‍ക്കാറിനും ഉത്തരവാദിത്തമുണ്ട്.