Connect with us

Gulf

സാന്ത്വന പരിചരണത്തിനായി ആല്‍ഫ ഡിന്നര്‍ 20ന്

Published

|

Last Updated

ദുബൈ: മാറാരോഗങ്ങളോട് മല്ലിട്ട് തളരുന്നവര്‍ക്ക് കൈതാങ്ങാവാന്‍ ലക്ഷ്യമിട്ട് ആല്‍ഫ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിക്കുന്ന ആല്‍ഫ ഡിന്നര്‍ 20ന് നടക്കുമെന്ന് ചെയര്‍മാന്‍ കെ എം നൂറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവകാരുണ്യ മേഖലയില്‍ യു എ ഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റാശിദ് സെന്റര്‍ ഫോര്‍ ഡിസേബിള്‍ഡുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് മുഹമ്മദ് അസ്‌ലമും നരേഷ് അയ്യരും നേതൃത്വം നല്‍കുന്ന സംഗീത നിശയും ഒരുക്കുന്നുണ്ട്. വൈകുന്നേരം 6.30ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ സഅബീല്‍ ഹാള്‍ രണ്ടിലാണ് അത്താഴം ഒരുക്കുന്നത്. കേരളത്തില്‍ ആയിരത്തില്‍ ഏഴു പേര്‍ വീതം വിവിധ രോഗങ്ങളാല്‍ കിടപ്പിലായിട്ടുണ്ടെന്നാണ് ആല്‍ഫ നടത്തിയ പഠനങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. ഇവരില്‍ പകുതിയോളം പേര്‍ അര്‍ബുദവുമായി മല്ലടിക്കുന്നവരാണ്. തളര്‍ന്നുപോയവര്‍ ഉള്‍പെടെയുള്ളവര്‍ക്ക് സ്വാന്തന പരിചരണമാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ വ്യായാമവും പരിചരണവും നല്‍കി ഇവരില്‍ ഉള്‍പെട്ടവരെ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാക്കാന്‍ ആല്‍ഫ പരിശ്രമിക്കുന്നുണ്ട്. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വന ചികിത്സക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഹോപ്പീസ് എന്ന പേരില്‍ കിടത്തി ചികിത്സിക്കാനുള്ള നാലു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ എണ്ണം 14 ആയി ഓരോ ജില്ലക്കും ഒന്നെന്ന രീതിയില്‍ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഡിന്നറില്‍ പങ്കെടുക്കുന്നവരില്‍ നിന്നു ആല്‍ഫയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ശ്രമിക്കുന്നത്. പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയുള്ള അംഗത്വത്തിലൂടെയാണ് പ്രവര്‍ത്തനത്തിനുള്ള പണം സമാഹരിക്കുന്നതെന്നും നൂറുദ്ദീന്‍ വ്യക്തമാക്കി. ഗിരീഷ് മേനോന്‍, രവി കണ്ണംപള്ളില്‍, ഉമ്മര്‍ കല്ലറക്കല്‍, മീര പടിയത്ത്, ചാക്കോ പങ്കെടുത്തു.

Latest