Connect with us

Gulf

ദുബൈയില്‍ അപാര്‍ട്‌മെന്റുകളുടെ വിലയില്‍ 20 ശതമാനത്തോളം കുറവ്

Published

|

Last Updated

ദുബൈ: കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് അപാര്‍ട്‌മെന്റുകളുടെ വിലയില്‍ വന്‍ കുറവുണ്ടായതായി പഠനം. ആറോ, ഏഴോ വര്‍ഷം മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കുറവുണ്ടായിരിക്കുന്നത്. അപാര്‍ട്‌മെന്റുകള്‍ക്ക് നാലു ലക്ഷം ദിര്‍ഹം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടു നടത്തിയ പഠനം വ്യക്തമാക്കുന്നത്.

ഒറ്റ മുറി അപാര്‍ടുമെന്റുകള്‍ക്കാണ് ഇത്രയും വലിയ കുറവ് സംഭവിച്ചിരിക്കുന്നത്. 2015ല്‍ ഭവന വായ്പയില്‍ ഉണ്ടായിരിക്കുന്ന ഇടിവും ഈ സാഹചര്യത്തിലേക്ക് നയിച്ചിട്ടുണ്ട്. 2008മായി താരതമ്യപ്പെടുത്തിയാല്‍ 20 ശതമാനത്തിന്റെ കുറവാണ് അപാര്‍ട്‌മെന്റുകളുടെ വിലയില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഗവേഷണത്തില്‍ പങ്കാളികളായ ബെറ്റര്‍ ഹോംസ് റിയല്‍ എസ്‌റ്റേറ്റ് സി ഇ ഒ റയാന്‍ മഹോണി അഭിപ്രായപ്പെട്ടു. അടുത്ത ഏതാനും മാസങ്ങള്‍ക്കിടയില്‍ വില അല്‍പം കൂടി താഴേക്ക് പോയ ശേഷം സ്ഥിരത കൈവരിക്കാനാണ് സാധ്യത. വിലയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും മാര്‍ക്കറ്റില്‍ വേണ്ടത്ര ഉത്സാഹം നിക്ഷേപകരില്‍ കാണുന്നില്ല.
2014ന്റെ ആദ്യ പാദത്തില്‍ ഉടമകള്‍ വളരെ കൂടിയ വിലയാണ് അപാര്‍ട്‌മെന്റുകള്‍ക്ക് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമായിട്ടുണ്ട്. അന്ന് ആവശ്യപ്പെട്ടതില്‍ നിന്നു വളരെ കുറഞ്ഞ വിലയാണ് ചോദിക്കുന്നത്. ലൊക്കേഷന്‍ അനുസരിച്ച് ദുബൈയില്‍ അപാര്‍ട്‌മെന്റുകള്‍ക്കൊപ്പം, വില്ലകളുടെ വിലയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട്. 2013മായും 2014മായും താരതമ്യപ്പെടുത്തുമ്പോഴാണ് വിലയില്‍ ചെറിയ തോതില്‍ കുറവോ വര്‍ധനവോ സംഭവിച്ചിരിക്കുന്നത്. 2008മായി താരതമ്യപ്പെടുത്തിയാല്‍ 2014ന്റെ അവസാന പാദത്തില്‍ 22 ശതമാനത്തിന്റെ കുറവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇത് 2013ന്റെ അവസാന പാദവുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ആറു ശതമാനം കൂടുതലായിരുന്നുവെന്ന് അസ്റ്റികോ എം ഡി ജോണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കി. ഇന്ന് ഇന്റര്‍നാഷനല്‍ സിറ്റിയില്‍ 789 ചതുരശ്രയടിയുള്ള ഫഌറ്റിന് രണ്ടു ലക്ഷത്തിന്റെ കുറവാണ് സംഭവിച്ചത്.
5.6 ലക്ഷത്തിന് ലഭിക്കുന്നത് 2008ല്‍ 8.28 ലക്ഷം ദിര്‍ഹം വേണമായിരുന്നു ഇത് സ്വന്തമാക്കാന്‍. ഇതേ സൗകര്യമുള്ള ഫഌറ്റുകള്‍ ഇതിലും കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന് നിരവധി പരസ്യങ്ങളും വിവിധ മാധ്യമങ്ങളില്‍ നിറയുകയാണ്. മേഖലയില്‍ 4.55 ലക്ഷം മുതല്‍ 4.6 ലക്ഷം വരെ മുതല്‍ മുടക്കിയാല്‍ ഫഌറ്റ് സ്വന്തമാക്കാവുന്ന സ്ഥിതിയാണുള്ളത്.
ബുര്‍ജ് ഖലീഫക്ക് സമീപമുള്ള കെട്ടിടങ്ങളിലെ അപാര്‍ട്‌മെന്റുകള്‍ക്കും വിലയില്‍ കുറവുണ്ടായിട്ടുണ്ട്. ചതുരശ്ര അടിക്ക് 2,700 ദിര്‍ഹത്തിന്റെ കുറവാണ് 2008മായി താരതമ്യപ്പെടുത്തുമ്പോള്‍ ഉണ്ടായിരിക്കുന്നത്. 2014ല്‍ ചതുരശ്ര അടിക്ക് 2,325 ദിര്‍ഹമായിരുന്നു വില. 950 ചതുരശ്ര അടിയുള്ള ഒറ്റ മുറി അപാര്‍ട്‌മെന്റ് സ്വന്തമാക്കുന്ന വ്യക്തിക്ക് മൂന്നു ലക്ഷത്തോളം ദിര്‍ഹത്തിന്റെ കുറവാണ് ഇതിലൂടെ മാത്രം ലാഭിക്കാനാവുക. ഓണ്‍ലൈനായി വരുന്ന പരസ്യങ്ങളില്‍ 14 ലക്ഷം ദിര്‍ഹം മുതല്‍ 17 ലക്ഷം ദിര്‍ഹം വരെയാണ് ഡൗണ്‍ ടൗണില്‍ ഒറ്റ മുറി ഫഌറ്റിനായി ചോദിക്കുന്നത്. ഇത്രയും സൗകര്യങ്ങളില്ലാത്ത മേഖലകളില്‍ വളരെ കുറഞ്ഞ തുകക്ക് ഫഌറ്റുകളും അപാര്‍ട്‌മെന്റുകളും സ്വന്തമാക്കാന്‍ ആവശ്യക്കാര്‍ക്കും നിക്ഷേപകര്‍ക്കും സാധിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ദുബൈയിലുള്ളത്.
ദുബൈയില്‍ വമ്പന്‍ പദ്ധതികള്‍ പലതും പൂര്‍ത്തിയായതാണ് വിലയില്‍ ഇടിവുണ്ടാവാന്‍ മറ്റൊരു കാരണം. ഈ വര്‍ഷം 12,000 അപാര്‍ട്‌മെന്റുകളും 2,000 മറ്റ് യൂണിറ്റുകളുമാണ് പൂര്‍ത്തിയാവുക. ഇത് യാഥാര്‍ഥ്യമായാല്‍ വിലയില്‍ വീണ്ടും കുറവുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 2.99 പലിശ നിരക്കില്‍ ഭവന വായ്പ ലഭ്യമാണെന്നതും നിക്ഷേപകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഘടകമാണെന്ന് മണി ക്യാമല്‍ ഡോട്ട് കോം എം ഡി പ്രീതി ഭാംബ്രി പറഞ്ഞു.
ഇങ്ങനെയെല്ലാം സാഹചര്യം നിക്ഷേപത്തിന് അനുകൂലമാണെങ്കിലും ആളുകള്‍ വളരെ ജാഗ്രതയോടെ മാത്രമാണ് ഫഌറ്റുകളെയും അപാര്‍ട്‌മെന്റുകളെയും സമീപിക്കുന്നതെന്നും പ്രീതി വിശദീകരിച്ചു.

Latest