പരീക്ഷാ ഭീതി ഒഴിഞ്ഞു; വിദ്യാര്‍ഥികള്‍ക്കിനി ഉല്ലാസ നാളുകള്‍

Posted on: March 17, 2015 7:50 pm | Last updated: March 17, 2015 at 7:50 pm
SHARE

ഷാര്‍ജ: പരീക്ഷാ ഭീതി ഒഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇനി ഉല്ലസിക്കാം, കായിക വിനോദങ്ങളില്‍ ഏര്‍പെടാം.

ഒന്നു മുതല്‍ ഒമ്പതാം തരം വരെയുള്ള പരീക്ഷയാണ് കഴിഞ്ഞത്. പത്താം തരം പരീക്ഷ ഈ മാസം 23നും തീരും. എന്നാല്‍ പന്ത്രണ്ടാം തരം പരീക്ഷ അടുത്ത മാസം 24വരെ തുടരും. ദിവസങ്ങള്‍ ഇടവിട്ടാണ് ഈ പരീക്ഷ.
ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ രണ്ടാഴ്ചയിലേറെ നീണ്ട പരീക്ഷയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. വാര്‍ഷികപ്പരീക്ഷയായിരുന്നു. അതുകൊണ്ടുതന്നെ ഊണും ഉറക്കവുമൊഴിച്ചുള്ള പഠനത്തിലായിരുന്നു വിദ്യാര്‍ഥികള്‍. പരീക്ഷ കടമ്പ കടന്നതോടെ അവര്‍ ആഹ്ലാദ ഭരിതരായി.
ഇനി അടുത്ത അധ്യയന വര്‍ഷം സ്‌കൂളിലെത്തിയാല്‍ മതി. അതുവരെ അവധിയാണ്. ഏകദേശം രണ്ടാഴ്ചക്കാലം. അതുവരെ അവര്‍ക്ക് ഉല്ലസിക്കാം. ഏപ്രില്‍ ആദ്യവാരത്തില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കും. പുതിയ ക്ലാസുകള്‍, കൂട്ടുകാര്‍, അധ്യാപകര്‍. എല്ലാം വ്യത്യസ്തമായിരിക്കും. അതിന് തങ്ങളുടെ മനസ്സിനെ പാകപ്പെടുത്താന്‍കൂടി ഈ അവധി ദിനങ്ങള്‍ അവര്‍ക്ക് പ്രയോജനപ്പെടും. ‘ഹാപ്പി ഹോളിഡെയ്‌സ്’ ആശംസിച്ചാണ് വിദ്യാര്‍ഥികള്‍ പരസ്പരം വിടപറഞ്ഞത്. അധ്യാപകരും അവര്‍ക്ക് അഹ്ലാദകരമായ അവധി ദിനങ്ങള്‍ ആശംസിച്ചു.
അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ചില വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം നാട്ടിലേക്കു പറക്കാനൊരുങ്ങുകയാണ്. എന്നാല്‍ അധികംപേരും ഇവിടെതന്നെ ചിലവഴിക്കും. വിനോദ യാത്രകള്‍ നടത്തിയും മറ്റും അവധിദിനങ്ങള്‍ ആഘോഷിക്കും. വിനോദങ്ങള്‍ക്കു ഉദ്യാനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഉദ്യാനങ്ങള്‍ സന്ദര്‍ശകരെ കൊണ്ടു നിറയും. മക്കള്‍ക്കു ലഭിച്ച അവധി രക്ഷിതാക്കള്‍ക്കും ആഹ്ലാദം പകരുകയാണ്. അവരോടൊപ്പം മുഴുവന്‍ സമയം ചിലവഴിക്കാന്‍ ലഭിക്കുന്ന അവസരമാണിത്. പഠന വേളകളില്‍ മക്കളോടൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാനും മറ്റും മിക്ക രക്ഷിതാക്കള്‍ക്കും അവസരം ലഭിക്കാറില്ല. ഇതവരെ മാനസികമായി വിഷമത്തിലാക്കാറുണ്ട്. പല രക്ഷിതാക്കളിലും ഇതു പ്രകടവുമാണ്.
ഈ മാസാവസാനത്തോടെ പരീക്ഷാ ഫലം പുറത്തുവരും. ഓപണ്‍ ഹൗസുകള്‍ നടത്തിയാണ് ഫലം അറിയിക്കുക. രക്ഷിതാക്കളോടൊപ്പമാണ് വിദ്യാര്‍ഥികള്‍ ഓപണ്‍ ഹൗസുകള്‍ക്ക് എത്തുക. അതുകൊണ്ടുതന്നെ ആശങ്ക നിറഞ്ഞ മനസ്സുമായാണ് വിദ്യാര്‍ഥികള്‍ ഓപണ്‍ ഹൗസുകളില്‍ ഹാജരാവുക. അന്നേ ദിവസം അവര്‍ക്കു നിര്‍ണായകമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പഠനമെന്ന അധ്വാനത്തിന്റെ ഫലമാണ് അന്നറിയുക.
ഉയര്‍ന്ന ക്ലാസ് വിദ്യാര്‍ഥികള്‍ക്കൊപ്പം നഴ്‌സറി, കിന്റര്‍ഗാര്‍ഡണ്‍ കുട്ടികള്‍ക്കും അവധിയാണ്. ക്ലാസ് പാര്‍ട്ടിയോടെയാണ് നഴ്‌സറി കുട്ടികള്‍ക്കു സ്‌കൂള്‍ അടച്ചത്. അവര്‍ക്കിനി കെ ജി വണ്ണിലാണ് പ്രവേശനം. കെ ജി വണ്‍, ടു കുട്ടികള്‍ പരീക്ഷയില്ലാതെ ക്ലാസ് കയറ്റം നല്‍കുകയാണ് പതിവ്.
അതേസമയം പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വിദ്യാലയങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്ന നടപടികളിലാണ് സ്‌കൂള്‍ അധികൃതര്‍.
അറ്റകുറ്റപ്പണികള്‍ നടത്തിയും, നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും വിദ്യാലയ അന്തരീക്ഷം സുഖകരമാക്കുകയാണ്. പാഠ പുസ്തകങ്ങള്‍ അടക്കമുള്ള പഠന സാമഗ്രികള്‍ വിദ്യാലയങ്ങളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ മാസാവസാനത്തോടെ അവ വിതരണം ചെയ്യും.