തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന വരുന്നു

Posted on: March 17, 2015 7:49 pm | Last updated: March 17, 2015 at 7:49 pm
SHARE

ദുബൈ: തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ സ്മാര്‍ട് സിസ്റ്റം ഏര്‍പെടുത്തിയതായി താമസ-കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു. ദുബൈയില്‍ 3,039 കമ്പനികളില്‍ 5,69,128 അവിദഗ്ധ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. തൊഴില്‍ കാര്യ സ്ഥിരസമിതി (പി സി എല്‍ എ) യാണ് അന്വേഷണം നടത്തിയത്.

തൊഴിലാളികളുടെ താല്‍പര്യ സംരക്ഷണത്തിനും മാന്യമായ ജീവിതം നയിക്കാനും ക്ഷേമത്തിനും വേണ്ടതെല്ലാം ചെയ്യുന്നു. തൊഴിലാളികളുടെ താമസസ്ഥലം മതിയായ സൗകര്യങ്ങളോടെയുള്ളതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിവിധ തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന നടത്തിയ ശേഷം അവയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയാണ് സ്മാര്‍ട് സിസ്റ്റം ചെയ്യുക. പരിശോധന നടന്ന കേന്ദ്രങ്ങളിലെ വിവരങ്ങള്‍ അപ്പപ്പോള്‍ തൊഴില്‍കാര്യ സ്ഥിര സമിതി ഓഫീസില്‍ എത്തിക്കും.
വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കാനും ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്താനും ഉതകുന്നതാണ് പുതിയ സംവിധാനം. എത്ര ജീവനക്കാരുണ്ടെന്നും ഏത് കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്യുന്നതെന്നും രേഖപ്പെടുത്തും. ഓരോ ആഴ്ചയിലും പരിശോധന നടത്തും. തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സൗകര്യപ്രദവുമായ താമസസ്ഥലം ഉറപ്പുവരുത്താന്‍ സ്മാര്‍ട് സിസ്റ്റത്തിന് കഴിയുമെന്നാണ് കരുതുന്നത്. തൊഴിലാളിക്ക് എന്തെങ്കിലും പ്രത്യേകമായ ആവശ്യമുണ്ടോയെന്നും പരിഗണിക്കും. ഓരോ കമ്പനിയെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ ഇപ്പോള്‍ താമസ-കുടിയേറ്റ വകുപ്പിന്റെ പക്കലുണ്ട്. ഇവരുടെ ജീവനക്കാരുടെ താമസ കേന്ദ്രങ്ങളുടെ വിവരങ്ങളും സമഗ്രമായി രേഖപ്പെടുത്തപ്പെടുകയാണ്.
കഴിഞ്ഞ വര്‍ഷം ദേരയിലും ബര്‍ദുബൈയിലും 5,537 പരിശോധനകള്‍ നടന്നു. ഇടത്തരം തൊഴിലാളി കേന്ദ്രങ്ങള്‍ 508 എണ്ണമാണ്. 316 കേന്ദ്രങ്ങള്‍ ദേരയിലാണ്. 564 കേന്ദ്രങ്ങള്‍ മോശമല്ലാത്ത അവസ്ഥയിലാണ്. 1,50,973 മുറികളാണ് പരിശോധിച്ചത്. 49,515 ദേരയിലും 1,02,458 ബര്‍ദുബൈയിലുമായിരുന്നു. അതിനര്‍ഥം 5,69,128 തൊഴിലാളികളില്‍ സന്ദേശം എത്തിയെന്നാണ്. ദേരയില്‍ 1,71,287ഉം ബര്‍ദുബൈയില്‍ 3,97,841ഉം തൊഴിലാളികളെ സമീപിച്ചിരിക്കണം. 3039 സ്ഥാപനങ്ങളിലും പരിശോധന നടത്തി.
ഓരോ തൊഴിലാളിക്കും കിടക്കയും ഷെല്‍ഫും വേണം. മുറിയില്‍ കൂളര്‍ ഉണ്ടായിരിക്കണം. കുളിമുറിയും അടുക്കളയും ശുചിത്വമുള്ളതായിരിക്കണം. ഒരു താമസ കേന്ദ്രത്തിന് ഒരു ഡോക്ടര്‍ ഉള്‍പെടുന്ന ക്ലിനിക്ക് വേണം.
ദുബൈ പോലീസ്, നഗരസഭ, തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയാണ് നടക്കുക. പത്തിലധികം തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ വിവരം 8009119 എന്ന നമ്പറില്‍ തൊഴിലാളികള്‍ക്ക് അറിയിക്കാമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.