Connect with us

Kerala

ഇന്ത്യാവിഷന്‍ വാര്‍ത്ത പൂര്‍ണമായും നിലച്ചു

Published

|

Last Updated

കൊച്ചി: മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനില്‍ വാര്‍ത്താ സംപ്രേഷണം പൂര്‍ണമായും നിലച്ചു. വാര്‍ത്താ ബുള്ളറ്റിനുകള്‍ നിര്‍ത്തി ആഴ്ചകളായെങ്കിലും സ്‌ക്രോള്‍ വാര്‍ത്തയും വെബ്‌സൈറ്റും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇവ കൂടി നിലച്ചതോടെ ചാനലില്‍ നിന്ന് വാര്‍ത്തകള്‍ പൂര്‍ണമായും ഇല്ലാതായി.

ജീവനക്കാരുടെ ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ട് പലതവണ ചാനലിന് ന്യൂസ് സംപ്രേഷണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. ഒരു മാസത്തിലധികമായി ലൈവ് വാര്‍ത്തയില്ലാതിരുന്ന ചാനലില്‍ റെക്കോര്‍ഡ് ചെയ്ത പരിപാടികള്‍ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സ്‌ക്രോളിലൂടെയും ഓണ്‍ലൈനിലൂടെയും വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനും സ്‌ക്രോളും പ്രവര്‍ത്തനം നിര്‍ത്തി. ശമ്പളം ലഭിക്കാതായതോടെ ജീവനക്കാര്‍ ചാനല്‍ വിട്ടതാണ് തിരിച്ചടിയായത്. ഇതോടെ ചാനലിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

indiavision new കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചാനലില്‍ വാര്‍ത്തയ്ക്കിടെ അവതാരകന്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇടപെട്ട് വാര്‍ത്ത മണിക്കൂറുകള്‍ക്കകം പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ ചാനല്‍ വിട്ടെങ്കിലും വാര്‍ത്തയ്ക്ക് തടസ്സമുണ്ടായില്ല. പിന്നീട് 2014 വര്‍ഷാവസനത്തോടെ ശമ്പളപ്രശ്‌നം വീണ്ടും രൂക്ഷമായി. ഒരു മാസത്തോളം ചാനല്‍ പ്രവര്‍ത്തനം നിലച്ചു. പത്രപ്രവര്‍ത്തക യൂനിയന്റേയും ലേബര്‍ കമീഷന്റേയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ശമ്പളം നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ശമ്പളം ഇതിനു ശേഷവും ലഭിക്കാതായതോടെയാണ് ജീവനക്കാര്‍ ചാനല്‍ വിട്ടുതുടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ചാനലിന്റെ ഓഫീസ് സേവന നികുതി വകുപ്പ് റെയ്ഡ് ചെയ്ത് റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.

indiavison-mv-mp.althaf-editjpg

മലയാളത്തിലെ മുഖ്യധാര ചാനലുകളില്‍ മൂന്ന് നേരം മാത്രം വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്ന കാലത്താണ് മുഴുവന്‍സമയ വാര്‍ത്താ ചനല്‍ എന്ന ആശയവുമായി ഇന്ത്യാവിഷന്‍ ടീം എത്തുന്നത്. 2003 ജൂലായിലായിരുന്നു ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍, മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍ തുടങ്ങിയവരായിരുന്നു ചാനലിന് നേതൃത്വം നല്‍കിയത്. മലയാള മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ പുതിയ അധ്യായമാണ് ഇന്ത്യാവിഷന്‍ രചിച്ചത്. വാര്‍ത്തയ്ക്ക് പുതിയ ശൈലിയും വേഗവും കൊണ്ടുവന്ന ഇന്ത്യാവിഷന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്താ തമസ്‌കരണത്തിന് അന്ത്യം കുറിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

Latest