സംവരണം ജാതി അടിസ്ഥാനത്തില്‍ മാത്രമാകരുതെന്ന് സുപ്രീംകോടതി

Posted on: March 17, 2015 12:07 pm | Last updated: March 18, 2015 at 9:05 am
SHARE

supreme courtന്യൂഡല്‍ഹി: സമുദായത്തിന്റെ പിന്നാക്കാവസ്ഥ നിര്‍ണയിക്കുന്നത് ജാതിമാത്രം അടിസ്ഥാനമാക്കിയാകരുതെന്ന് സുപ്രീം കോടതി. ജാട്ട് സമുദായത്തിന് ഒ ബി സി സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കോടതി റദ്ദാക്കുകയും ചെയ്തു. ഒ ബി സി പാനലിന്റെ കണ്ടെത്തലുകളെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പിന്നാക്കാവസ്ഥ നിര്‍ണയിക്കുന്നതില്‍ ജാതി പ്രധാന ഘടകമാണെങ്കിലും അത് മാത്രം പരിഗണിച്ചാകരുത് സംവരണമെന്നും സുപ്രധാന വിധിന്യായത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാ ക്കി. ‘ഒ ബി സി (മറ്റ് പിന്നാക്ക ജാതി) പട്ടികയില്‍ ഒരു ജാതിയെ മുമ്പ് തെറ്റായി ഉള്‍പ്പെടുത്തിയിരിക്കാമെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാതികളെ തെറ്റായി ഉള്‍പ്പെടുത്തരുത്’- ബഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയമായി സംഘടിത ശക്തിയായ ജാട്ട് സമുദായത്തിന് സംവരണം നല്‍കുന്നതിന് തങ്ങള്‍ എതിരാണെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഒ ബി സി പട്ടികയില്‍ കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ സുപ്രീം കോടതി, കാലം നിരവധി കഴിഞ്ഞിട്ടും അവരെ എന്തുകൊണ്ട് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നില്ലെന്നും ചോദിച്ചു. ഒ ബി സി ലിസ്റ്റ് തീരുമാനിക്കുമ്പോള്‍ പുതുതായി രൂപംകൊണ്ട പിന്നാക്കാവസ്ഥ പരിഗണിക്കണമെന്നും പരമോന്നത കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ജാട്ട് പോലുള്ള സമുദായങ്ങളെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിലവില്‍ പട്ടികയിലുള്ള സമുദായങ്ങള്‍ക്ക് സംവരണ നഷ്ടം ഉണ്ടാകുമെന്നും ബഞ്ച് നിരീക്ഷിച്ചു.
2014 മാര്‍ച്ചില്‍ യു പി എ സര്‍ക്കാറാണ് ജാട്ട് സമുദായത്തെ ഒ ബി സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. സംവരണ ആനുകൂല്യം ലഭ്യമാക്കാന്‍ ജാട്ട് സമുദായത്തെ കേന്ദ്ര ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള മുന്‍ യു പി എ സര്‍ക്കാറിന്റെ തീരുമാനത്തെ നരേന്ദ്ര മോദി സര്‍ക്കാറും പിന്താങ്ങിയിരുന്നു. ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ പരിഗണിച്ച് ആത്മാര്‍ഥതയോടും പൊതുതാത്പര്യം കണക്കിലെടുത്തുമാണ് കേന്ദ്രം പ്രവര്‍ത്തിച്ചതെന്ന് എന്‍ ഡി എ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 28 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗങ്ങള്‍, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങില്‍ ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് ജാട്ട്. ഇവരെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു.