Connect with us

National

എഎപിയില്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ രൂക്ഷമായ ഭിന്നിപ്പ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നേതാക്കള്‍ ആരംഭിച്ചു. വിഘടിച്ചു നില്‍ക്കുന്ന പ്രധാന നേതാവായ യോഗേന്ദ്ര യാദവിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. യോഗേന്ദ്ര യാദവിനൊപ്പം എഎപി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷണ്‍ ഇന്ന് അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ഇതോടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്.
മുതിര്‍ന്ന നേതാക്കളായ കുമാര്‍ ബിശ്വാസ്, സഞ്ജയ് സിങ്, ആശിഷ് ഖേതന്‍, അശുതോഷ് എന്നിവരാണ് ഇന്നലെ രാത്രി യോഗേന്ദ്ര യാദവുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ യാദവ് കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍ പുറത്തുപറയാന്‍ തയ്യാറായില്ല. ചര്‍ച്ച പൂര്‍ത്തിയായാല്‍ എല്ലാ കാര്യങ്ങളും പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റു നേതാക്കളും ഇതേ അഭിപ്രായമാണ് പറഞ്ഞത്.
ഇന്ന് യോഗേന്ദ്ര യാദവിനൊപ്പം അരവിന്ദ് കെജ്‌രിവാളിനെ കാണുമെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹവുമായി മുഖാമുഖം സംസാരിക്കാനാണ് താല്‍പര്യമെന്നും ഭൂഷണ്‍ പറഞ്ഞു.