Connect with us

Wayanad

സുല്‍ത്താന്‍ബത്തേരി- കേണിച്ചിറ- പനമരം- മാനന്തവാടി റൂട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനം

Published

|

Last Updated

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി- കേണിച്ചിറ- പനമരം- മാനന്തവാടി റൂട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന എ ടി ഒമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായി.
ഈ മാസം അവസാനത്തോടെ 10 ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ മാനന്തവാടി, ബത്തേരി എ ടി ഒമാര്‍ക്ക് മേലധികാരികള്‍ നിര്‍ദേശം നല്‍കി. മാനന്തവാടി, ബത്തേരി ഡിപ്പോകളില്‍ നിന്ന് അഞ്ചുവീതം സര്‍വീസുകള്‍ ആരംഭിക്കാനാണ് എ ടി ഒമാര്‍ക്ക് നര്‍ദേശമുള്ളത്.
നേരത്തെ ബസ് സര്‍വീസ് അട്ടിമറിച്ചപ്പോള്‍, ആവശ്യത്തിന് ബസുകളില്ലെന്നതാണ്, സര്‍വീസ് ആരംഭിക്കാത്തതിനു കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ വിവിധ ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ സജ്ജീകരിച്ച് സര്‍വീസ് നടത്താനാണ് നിര്‍ദേശമുള്ളത്.
ഡിപ്പോകളിലേക്ക് പുതിയ ബസ് ലഭിക്കുമ്പോള്‍ ആ വിധത്തില്‍ ബാക്കി വരുന്ന ബസുകളും പുതിയ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഉപയോഗിക്കും.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ കെ എസ് ആര്‍ ടി സി ഉത്തരവിറക്കിയിരുന്നു.
അന്ന് ബത്തേരി ഡിപ്പോയിലെ ഒരു ട്രേഡ് യൂണിയന്‍ നേതാവ് ഇടപെട്ട് സ്വകാര്യ ബസുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങി ബസ് സര്‍വീസ് സംബന്ധിച്ച ഫയല്‍ മുക്കിയതായാണ് ആരോപണമുള്ളത്.
പിന്നീട് ഈ റൂട്ട് സ്വകാര്യ ബസുകള്‍ കൈയടക്കി. ഏതാനും ദീര്‍ഘദൂര കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്. സ്വകാര്യ ബസുകള്‍ക്കു വേണ്ടി കെ എസ് ആര്‍ ടി സി ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ശക്തമായതിനിടക്കാണ് പഴയ ഉത്തരവ് പൊടിതട്ടിയെടുത്ത് പുതിയതായി സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പുതിയ നിര്‍ദേശവും അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ആദ്യം ബത്തേരി- കേണിച്ചിറ- നടവയല്‍ വഴി സര്‍വീസ് നടത്തിയിരുന്ന ചില ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പിന്നീട് ഈ റൂട്ടില്‍ നിന്ന് മാറ്റി മീനങ്ങാടി പച്ചിലക്കാട്- പനമരം വഴിയാക്കാനും സ്വകാര്യ ബസ് ലോബിക്ക് സാധിച്ചിരുന്നു. കെ എസ് ആര്‍ ടി സി ഏത് പുതിയ സര്‍വീസ് ആരംഭിച്ചാലും അതിനെയെല്ലാം അട്ടിമറിക്കാനായി പ്രത്യേക ലോബി തന്നെ ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇനിയും കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷാഭവുമായി തെരുവിലിറങ്ങാന്‍ പാസഞ്ചേഴ്‌സ് അസോസിയേഷനുകളും വിവിധ സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.