Connect with us

Wayanad

ചേരങ്കോട് പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തോട്ടംതൊഴിലാളികള്‍ ധര്‍ണ നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: ചേരങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ചേരമ്പാടിയില്‍ തോട്ടംതൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. വെന്റ് വെര്‍ത്ത്, ചോലാടി, കണ്ണന്‍വയല്‍ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് സമരം നടത്തിയത്. പ്രസ്തുത ഗ്രാമങ്ങളില്‍ റോഡ്, നടപ്പാത, കുടിവെള്ളം, തെരുവ് വിളക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തോട്ടംതൊഴിലാളികള്‍ സമരം നടത്തിയത്. നൂറുക്കണക്കിന് കുടുംബങ്ങളാണ് ഇവിടെ അതിവസിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുക്കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുത്തു. ഇതുസംബന്ധിച്ച് നിരവധി പ്രാവശ്യം പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്. ഇതിന് ശാശ്വതപരിഹാരം കണ്ടിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രാമവാസികളോട് പഞ്ചായത്ത് കാണിക്കുന്നത് തികഞ്ഞ അവഗണനയാണ്. ചേരമ്പാടി പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ തമിഴ്‌ശെല്‍വന്‍ ഉദ്ഘാടനം ചെയ്തു. മാധവന്‍ അധ്യക്ഷതവഹിച്ചു. ആദില്‍, കോയ, രാജ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റിന് ഇതുസംബന്ധിച്ച് സമരക്കാര്‍ നിവേദനം നല്‍കി.

Latest