ഊട്ടി പുഷ്‌പോത്സവം മെയ് 15ന് ആരംഭിക്കും

Posted on: March 17, 2015 9:57 am | Last updated: March 17, 2015 at 9:57 am
SHARE

ഗൂഡല്ലൂര്‍: പ്രസിദ്ധമായ 119ാമത് ഊട്ടി പുഷ്പമഹോത്സവം മെയ് 15, 16, 17 തിയതികളില്‍ ഊട്ടി സസ്യോദ്യാനത്തില്‍ നടക്കും. മെയ് 2, 3 തിയതികളില്‍ കോത്തഗിരി നെഹ് റു പാര്‍ക്കില്‍ നടക്കുന്ന പച്ചക്കറി മേളയോടെയാണ് പുഷ്‌പോത്സവത്തിന് തുടക്കമാകുന്നത്. മെയ് 9, 10 തിയതികളിലാണ് ഊട്ടി വിജയനഗരം റോസ് ഗാര്‍ഡനില്‍ പനനീര്‍പ്പൂ പ്രദര്‍ശനം നടക്കുന്നത്. മെയ് 8, 9 തിയതികളില്‍ ഗൂഡല്ലൂരില്‍ സുഗന്ധവ്യജ്ഞന പ്രദര്‍ശന മേള നടക്കും. മെയ് 23, 24 തിയതികളില്‍ കുന്നൂര്‍ സിംസ് പാര്‍ക്കില്‍ നടക്കുന്ന പഴവര്‍ഗ്ഗമേളയോടെയാണ് പുഷ്പമഹോത്സവത്തിന് പരിസമാപ്തികുറിക്കുന്നത്. ഇതുസംബന്ധമായി കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഊട്ടിയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടര്‍ ചിത്രസേനന്‍ അധ്യക്ഷതവഹിച്ചു. ജില്ലാകലക്ടര്‍ പി ശങ്കര്‍, നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ട് ശെന്തില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ മേനക, ഊട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ സത്യഭാമ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പുഷ്‌പോത്സവത്തിന് 10 ലക്ഷം സഞ്ചാരികളാണ് എത്താറുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ധാരാളം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. 1847ല്‍ ബ്രിട്ടീഷുകാരാണ് ഊട്ടി സസ്യോദ്യാനം നിര്‍മിച്ചിരുന്നത്.