വേനല്‍ക്കാല വരള്‍ച്ച മുന്‍കരുതല്‍: ജില്ലയില്‍ ജലവിഭവ വകുപ്പ് ഉറങ്ങിത്തന്നെ

Posted on: March 17, 2015 9:55 am | Last updated: March 17, 2015 at 9:55 am
SHARE

തേഞ്ഞിപ്പലം: സംസ്ഥാനത്ത് നേരിടാനിരിക്കുന്ന വേനല്‍കാല വരള്‍ച്ചയെ കുറിച്ച് സര്‍ക്കാറും ജലവിഭവ വകുപ്പും പ്രത്യേക പഠനങ്ങളും മുന്‍കരുതലുകളും ഒരു ഭാഗത്ത് തകൃതിയായി നടന്ന് വരുമ്പോള്‍ ജില്ലയിലെ ജലവിഭവ വകുപ്പിന് ഉറക്കമാണ്.
സംസ്ഥാനത്ത് വേനല്‍ ചൂടില്‍ മലപ്പുറം ജില്ലയുള്‍പ്പെടെ വിവിധ ജില്ലകള്‍ അനുഭവിക്കാന്‍ പോകുന്ന കുടിവെളള ക്ഷാമവും ജല ശോഷണവും കണക്കിലെടുത്ത് സംസ്ഥാനത്ത് മുന്‍കരുതലിന്റെ ഭാഗമായി വകുപ്പിന് കീഴിലുളളതും നിലവിലുളളമായ ജലവിതരണ പദ്ധതികളെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്താനും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിലവിലുളള പദ്ധതികളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാനോ എന്നെന്നും ഗ്രാമീണ റോഡുകളുടെ നാശത്തിന് കാരണമാകുന്ന ജല വിതരണ പൈപ്പുകളുടെ ശോചനീയാവസ്ഥ കണ്ടെത്താനോ പൊട്ടി ഒലിക്കുന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനോ ജില്ലയിലെ വകുപ്പിന് വൈ മനസ്യമാണ്.
ജില്ലയിലെ വിവിധ താലൂക്കുകളുടെ റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി ചേരുകയും റോഡ് നവീകരണത്തിന് മുമ്പായി റോഡുകളിലൂടെ മുന്‍കാലത്ത് സ്ഥാപിച്ചിരുന്ന ജലവിതരണ പൈപ്പുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ച് വേണ്ട അറ്റകുറ്റ പണികള്‍ നടത്തണമെന്നുളള കര്‍ശന നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് ജലവിഭവ വകുപ്പിന് നല്‍കാറുണ്ടെങ്കിലും ജില്ലയില്‍ ഉറക്കം നടിക്കുന്ന ജലവിഭവ വകുപ്പ് അതിലത്ര താല്‍പര്യമെടുക്കാറില്ല. പിന്നീട് റോഡ് നവീകരണം പൂര്‍ത്തിയായാല്‍ പിന്നീട് റോഡുകളില്‍ പൈപ്പ് പൊട്ടി വെളളം പാഴാകുന്നയവസ്ഥയാണ്.
കൂടാതെ ജില്ലയിലെ പഴയ കാല ജലവിതരണ പദ്ധതികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പൊതുടാപ്പുകളില്‍ നിന്ന് വെളളം പാഴായി പോകുന്നതും മുന്‍ കാലത്ത് സ്ഥാപിച്ച ജലസംഭരണികള്‍ ഉപയോഗ രഹിതമായി നോക്കുക്കുത്തിയാവുന്ന അവസ്ഥയുമാണ് നിലവിലുളളത്. എന്നാല്‍ വേനല്‍ കാല മുന്‍കരുതലിന്റെ ഭാഗമായി കേടായ പമ്പുസെറ്റുകളുടെ അറ്റ കുറ്റ പണികള്‍, പമ്പ് സെറ്റ് മാറ്റി വെക്കല്‍ പണികള്‍, തകരാറിലായ പെപ്പുകള്‍ മാറ്റി സ്ഥാപിക്കല്‍, വാട്ടര്‍ ലൈനുകളിലെ ലീക്കുകള്‍ മാറ്റുക, സാങ്കേതികമായി സാധ്യമായ സ്ഥലങ്ങളില്‍ ജലലഭ്യത അനുസരിച്ച് ജലവിതരണ പൈപ്പ് ലൈനുകള്‍ നീട്ടി സ്ഥാപിക്കുക, തകരാറിലായ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിനോട് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായാണ് ജലവിഭവ വകുപ്പ് വേനല്‍ കാലത്തെ വരവേല്‍കുന്നതെന്നും വകുപ്പ് മന്ത്രി പി ജെ ജോസഫ് നിയമസഭയില്‍ കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയില്‍ വിവിധ എം എല്‍ എ മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. അതേസമയം ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങളൊന്നും തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നില്ല. എന്നാല്‍ ജല സ്രോതസ്സുകളുടെ പുനരുദ്ധാരണം, ഡൈവര്‍ഷന്‍ ചാനലുകള്‍ ഉപയോഗിച്ച് നീരുറവകളെ വര്‍ധിപ്പിക്കുകയും സ്രോതസ്സുകളിലേക്ക് തിരിച്ച് വിടുകയും ചെയ്യുക, ഇന്‍ഫില്‍ട്രേഷന്‍ ഗാലറി, കിണര്‍, കുളങ്ങള്‍ വൃത്തിയാക്കുക, നിലവിലുളള കുഴല്‍ കിണറുകള്‍ ഫഌഷ് ചെയ്യുക, വാല്‍വുകള്‍ നിയന്ത്രിച്ചും പമ്പിംഗ് സമയം ക്രമീകരിച്ചും നിശ്ചിത സമയം കുടിവെളളം നല്‍കുകയും ചെയ്യുക എന്നീ ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ജലവിഭവ വകുപ്പ് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ജില്ലയില്‍ ഈ വകുപ്പിന് അത്തരത്തിലുളള നിര്‍ദേശമില്ലാത്ത പടിയാണ്. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ജല സ്രോതസ്സുകളായ കനാലുകള്‍, കുളങ്ങള്‍, പുഴകള്‍ തുടങ്ങിയവയുടെ പ്രാഥമിക വിവരങ്ങളും നിലവിലെ അവസ്ഥകള്‍ പോലും ജില്ലയിലെ വകുപ്പ് ഓഫീസുകളില്‍ ഇല്ലാത്ത അവസ്ഥയാണ്.
ആവശ്യത്തിന് ഫണ്ടില്ലാത്തതിനാല്‍ ജല സ്രോതസ്സുകളുടെ പുനരുദ്ധാരണത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാറുമില്ല. അതേസമയം ജില്ലയിലെ ഗ്രാമീണ മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴകളും കനാലുകളും തോടുകളും കൈ തോടുകളും കുളങ്ങളും പുനരുദ്ധാരണം നടത്തി സംരക്ഷിച്ചാല്‍ ജില്ലയിലെ കുടിവെളള പ്രശ്‌ന പരിഹരിക്കാനാവുമെന്നാണ് ഭൂ ജല പഠന മേധാവികള്‍ വ്യക്തമാക്കുന്നത്.