നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Posted on: March 17, 2015 9:54 am | Last updated: March 17, 2015 at 9:54 am
SHARE

നിലമ്പൂര്‍: നിലമ്പൂര്‍ നഗരത്തിലെ ഗതാഗതവികസനത്തിന് പുത്തന്‍ കുതിപ്പായി നിലമ്പൂര്‍ ബസ്സ്റ്റാന്‍ഡ് അടുത്തമാസം 26ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിനു സമര്‍പ്പിക്കും.
ആധുനിക സൗകര്യങ്ങളോടെ രാജീവ്ഗാന്ധി മിനി ബൈപാസില്‍ 75 സെന്റ് സ്ഥലത്ത് പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കളരിക്കാട് അബൂബക്കര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 1.10 കോടി രൂപ ചെലവിട്ടാണ് നഗരസഭ ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് കാത്തിരിപ്പുസ്ഥലം, ആധുനിക ടോയിലറ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ബസ്സ്റ്റാന്‍ഡിന്റെ മൂന്നു ഭാഗങ്ങളില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കാനുള്ള അധികാരം സ്വകാര്യ വ്യക്തിക്കാണ്. ഒരു ഭാഗത്ത് നാലു കോടി രൂപ ചെലവില്‍ നഗരസഭ അത്യാധുനിക സൗകരങ്ങളോടെയുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കും. പുതിയ ബസ്സ്റ്റാന്‍ഡ് നിലവില്‍ വരുന്നതോടെ നിലമ്പൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. സി എന്‍ ജി റോഡില്‍ മുജാഹിദ് പള്ളിക്കു സമീപത്തൂകൂടെയുള്ള റോഡിലൂടെ രാജീവ് ഗാന്ധി മിനി ബൈപാസിലൂടെയായിരിക്കും ബസുകള്‍ ബസ് സ്റ്റാന്‍ഡിലെത്തുക. മിനി ബൈപാസിലൂടെ ജനതപ്പടി വഴി സി എന്‍ ജി റോഡിലേക്കു കടക്കും.