ചെമ്മാടില്‍ എത്തിപ്പെട്ടാല്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങും

Posted on: March 17, 2015 9:52 am | Last updated: March 17, 2015 at 9:52 am
SHARE

തിരൂരങ്ങാടി: പോലീസിന്റെ അസാന്നിധ്യവും തോന്നിയതുപോലെയുള്ള ഡ്രൈവിംഗും ചെമ്മാട് ടൗണില്‍ ഗതാഗതക്കുരുക്ക് പതിവാക്കുന്നു. ചെമ്മാട് വഴി ആരെങ്കിലും വാഹനവുമായി എത്തിപ്പെട്ടാല്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് തന്നെ.
ആശുപത്രിയിലേക്ക് രോഗികളുമായി പോവുന്ന ആംബുലന്‍സ് അടക്കമുള്ളവ നടു റോഡില്‍ കുടുങ്ങി കിടക്കുന്നത് പതിവ് കാഴ്ചയാണ്. ബസ് സ്റ്റാന്റ് പരിസരം, താലൂക്ക് ആശുപത്രി റോഡ് ജംഗ്ഷന്‍, കോഴിക്കോട് റോഡ്, തൃക്കുളം സ്‌കൂള്‍ പരിസരം തുടങ്ങിയ സ്ഥാലങ്ങളിലാണ് ഗതാഗതക്കുരുക്ക് കൂടുതല്‍ ഉള്ളത്. ബസ് സ്റ്റാന്റ് പരിസരത്തെ ഓട്ടോറിക്ഷ പാര്‍ക്കിംഗ് ആണ് ഈ ഭാഗത്ത് ഗതാഗത സ്തംഭനത്തിന് പ്രധാന കാരണം. തലങ്ങും വിലങ്ങും ഓട്ടോറിക്ഷകള്‍ നിര്‍ത്തുന്നത് ഇവിടെ പതിവാണ്. സ്വകാര്യ വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ സ്ഥലങ്ങളിലെല്ലാം നിര്‍ത്തുന്നതും ധൃതിപിടിച്ച് മറ്റു വാഹനങ്ങളെ മറികടക്കാനുള്ള ഡ്രൈവര്‍മാരുടെ ശ്രമവും പ്രധാന പ്രശ്‌നമാണ്. ടൗണില്‍ ഗതാഗതക്കുരുക്ക് കൊണ്ട് വീര്‍പ്പ് മുട്ടുമ്പോഴും പോലീസ് എത്താറില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ടൗണിന്റെ മധ്യത്തിലാണ് പോലീസ് സ്റ്റേഷന്‍ എങ്കിലും പലപ്പോഴും ഇവിടെ പോലീസിനെ കാണാറില്ല. ഏതാനും ആഴ്ച മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥിനി ബസ് കയറി മരിക്കാനിടയായത് പോലീസ് ഇല്ലാത്തത് കൊണ്ടാണെന്ന് ആരോപണം ഉണ്ടായിരുന്നു. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ പല പരിഷ്‌കാരങ്ങളും നടപ്പിലാക്കാറുണ്ടെങ്കിലും അതൊന്നും ഫലം കാണാറില്ലന്നെതാണ് വസ്തുത.