Connect with us

Kozhikode

ജ്വല്ലറിയുടെ വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: ഭീമ ജ്വല്ലറിയുടെ ചെക്ക് ഉപയോഗിച്ച് ബേങ്കില്‍ നിന്ന് 18. 50 ലക്ഷം രൂപ തട്ടിയെടുത്ത മുന്‍ജ്വല്ലറി ജീവനക്കാരനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ കീച്ചേരി വീട്ടില്‍ വിഷ്ണു (25), പാലയില്‍ വീട്ടില്‍ ജോമോന്‍(18), കിടങ്ങില്‍ വീട്ടില്‍ വിനേഷ്(21) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റാം മോഹന്‍ റോഡിലുളള ധനലക്ഷ്മി ബേങ്കില്‍ നിന്ന് ഈ മാസം 13ന് രാവിലെയാണ് ജ്വല്ലറിയുടെ ചെക്കില്‍ വ്യാജ ഒപ്പിട്ട് ഇടപാട് നടത്തിയത്. ഇവര്‍ ഭീമ ജ്വല്ലറിയുടെ ജീവനക്കാരുടെ യൂനിഫോം അണിഞ്ഞാണ് ബേങ്കില്‍ പണം പിന്‍വലിക്കാന്‍ എത്തിയത്.
ജ്വല്ലറിയുടെ ഉത്തരവാദപ്പെട്ട ജീവനക്കാരന്‍ അറിയാതെ പണം പിന്‍വലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബേങ്ക് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ബേങ്കിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് മുന്‍ ജീവനക്കാരനായ വിഷ്ണുവിന്റെ പങ്ക് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ അനധികൃതമായി അവധിയെടുത്തതിനാല്‍ ജ്വല്ലറിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ചെക്കില്‍ വ്യാജഒപ്പിട്ട് പിന്‍വലിച്ച പണം ഉപയോഗിച്ച് ഇവര്‍ താമരശേരിക്കടുത്ത് പൂനൂരില്‍ വെച്ച് 4. 50 ലക്ഷം രൂപ മുടക്കി ഒരു വോള്‍ക്ക് വാഗണ്‍ പോളോ കാര്‍ വാങ്ങി.
ബാക്കി പണം കൊണ്ട് ലാപ്‌ടോപ്പ്, സ്വര്‍ണാഭരണങ്ങള്‍, ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ വാങ്ങി. രണ്ട് ദിവസം കൊണ്ട് മൂവരും ചേര്‍ന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചുവെന്ന് പോലീസ് പറഞ്ഞു. ബാക്കി വന്ന 10.50 ലക്ഷം രൂപയും ജ്വല്ലറിയുടെ ചെക്ക് ലീഫുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ആഡംബര ജീവിതം നയിച്ചാണ് ഇവര്‍ പണം ചെലവഴിച്ചതെന്ന് അന്വേഷണ ഉദേ്യാഗസ്ഥര്‍ പറഞ്ഞു. വിഷ്ണുവിന്റെ സുഹൃത്തുക്കളാണ് മറ്റ് രണ്ട് പേരുമെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെയും കൂട്ടാളികളെയും പിടികൂടിയത്.
സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ബാബു, കസബ സി ഐ ബാബു പെരിങ്ങത്ത്, പ്രിന്‍സിപ്പല്‍ എസ് ഐ ബി കെ സിജു, അഡീഷണല്‍ എസ് ഐമാരായ ശശിധരന്‍, മോഹന്‍ദാസ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍, ജയന്ത്, മുരളി എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Latest