Connect with us

Kozhikode

സാക്ഷിപറഞ്ഞ കായിക താരത്തിന് വധഭീഷണി

Published

|

Last Updated

താമരശ്ശേരി: കോടഞ്ചേരി നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ കായിക താരത്തെ കായികാധ്യാപകന്‍ പീഡിപ്പിച്ചതായ പരാതിയില്‍ അധ്യാപകനെതിരെ സാക്ഷി പറഞ്ഞ കായിക താരത്തിന് വധഭീഷണി. പത്താം ക്ലാസ് വിദ്യാര്‍ഥിയും കായിക താരവുമായ കെ എ പ്രദീപിനെയാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റിനിടെ കായികാധ്യാപകന്‍ വി ടി മനീഷ് പീഡിപ്പിച്ചതായി കാണിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കായികതാരം പ്രധാനാധ്യാപികക്ക് പരാതി നല്‍കുകയായിരുന്നു. പരാതി ഡി ഇ ഒ ക്ക് കൈമാറുകയും അന്വേഷണ വിധേയമായി ഫെബ്രുവരി 12 ന് മനീഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഡി ഇ ഒ നല്‍കിയ പരാതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ താമരശ്ശേരി ഡി വൈ എസ് പിക്ക് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. ഇതിനിടെയാണ് അധ്യാപകനെതിരെ സാക്ഷി പറഞ്ഞ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം അജ്ഞാതന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മനീഷിനെതിരെ സാക്ഷി പറഞ്ഞാല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ ഫോണ്‍ നമ്പര്‍ സഹിതം കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
കായികാധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ഡി വൈ എസ് പി ക്ക് പരാതി നല്‍കിയ പി ടി എ ഭാരവാഹികളെ സ്‌കൂളില്‍ വിലക്കിയതായി സ്‌കൂള്‍ മാനേജരും മഞ്ഞുവയല്‍ സെന്റ് ജോണ്‍സ് പള്ളിവികാരിയുമായ ഫാദര്‍ അഗസ്റ്റിന്‍ പട്ടാണിയില്‍ പ്രഖ്യാപിച്ചതിനെതിരെ പി ടി എ ഭാരവാഹികള്‍ ഡി ഇ ഒ ക്ക് പരാതി നല്‍കി. എന്നാല്‍ മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ പി ടി എ യോഗം വിളിച്ചതിന്റെ പേരില്‍ ഇവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് ഫാ. അഗസ്റ്റിന്‍ പട്ടാണിയില്‍ പറഞ്ഞു. കായികാധ്യാപകനെതിരായ പരാതി മുന്‍ വൈരാഗ്യത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.