മുന്‍ എം എല്‍ എയെ എ എ പി സസ്‌പെന്‍ഡ് ചെയ്തു

Posted on: March 17, 2015 6:00 am | Last updated: March 17, 2015 at 12:44 am
SHARE

New Imageന്യൂഡല്‍ഹി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മുന്‍ എം എല്‍ എ രാജേഷ് ഗാര്‍ഗിനെ എ എ പി പുറത്താക്കി. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആറ് കോണ്‍ഗ്രസ് എം എല്‍ എമാരെ വിലക്കെടുക്കാന്‍ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ശ്രമിച്ചെന്ന് ഗാര്‍ഗ് ആരോപിച്ചിരുന്നു.
ഗാര്‍ഗ് തുടര്‍ച്ചയായി പാര്‍ട്ടി മര്യാദ ലംഘിക്കുന്നുണ്ടെന്നും അതാണ് സസ്‌പെന്‍ഷന് കാരണമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആറ് കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണ കെജ്‌രിവാള്‍ ആവശ്യപ്പെട്ടെന്ന് രോഹിണിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയായ ഗാര്‍ഗ് കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്. കെജ്‌രിവാളും താനുമായുള്ള ടെലിഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിന് ഈ സംഭാഷണം ഇ മെയില്‍ വഴി അയിച്ചിട്ടുണ്ടെന്നും ഗാര്‍ഗ് പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് താന്‍ അവസരം ചോദിച്ചതിനാല്‍ ഗാര്‍ഗ് ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് കുമാര്‍ തിരിച്ചടിച്ചു. തന്നെ ബ്ലാക് മെയിലര്‍ എന്നുവിളിച്ചതിന് വിശ്വാസിനെതിരെ ഗാര്‍ഗ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതും നടപടിക്ക് കാരണമായിട്ടുണ്ട്.
നേരത്തെയും ഗാര്‍ഗ്, നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഗാര്‍ഗ്, കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. അച്ചടക്ക നടപടി നേരിടുന്ന രണ്ടാമത്തെ മുന്‍ എം എല്‍ എയാണ് ഗാര്‍ഗ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എം എല്‍ എ വിനോദ് കുമാര്‍ ബിന്നിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.