നിര്‍മാണത്തിലിരുന്ന ചര്‍ച്ച് ആക്രമണം: ഹരിയാനയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

Posted on: March 17, 2015 5:42 am | Last updated: March 17, 2015 at 12:42 am
SHARE

ചാണ്ഡിഗഢ്: നിര്‍മാണത്തിലിരുന്ന ചര്‍ച്ച് ആക്രമിച്ച് ഹിന്ദു ദേവന്റെ പ്രതിമ വെച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സംഘര്‍ഷം തുടരുന്നു. അജ്ഞാതരായ 14 പേര്‍ക്കെതിരെ കലാപമുണ്ടാക്കല്‍, ആരാധനാ സ്ഥലം നശിപ്പിക്കല്‍, കൊള്ള, ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ പ്രകാരം കേസെടുത്തിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹിസാറിലെ കൈമ്രി ഗ്രാമത്തിലാണ് സംഭവം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ചര്‍ച്ചിലെ കുരിശും മറ്റു ചില വസ്തുക്കളും തകര്‍ത്തിട്ടുണ്ട്. ബജ്‌റംഗ് ദളിന്റെയും മറ്റു ചില സംഘടനയുടെയും പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി പുരോഹിതന്‍ പറഞ്ഞു. ഇവരായിരിക്കാം ആക്രമണത്തിന് പിന്നിലെന്ന സംശയത്തിലാണ് പുരോഹിതന്‍. ഗ്രാമത്തില്‍ ക്രിസ്ത്യാനികളില്ലാതിരുന്നിട്ടും ചര്‍ച്ച് പണിയുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
അതേസമയം, അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹരിയാനയിലെ സ്‌കൂളുകളില്‍ ഭഗവത് ഗീത പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കുട്ടകള്‍ക്ക് ഭഗവത് ഗീതയിലെ ശ്ലോകങ്ങളും പഠിക്കാം. ഖട്ടാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിയാനയില്‍ മാട്ടിറച്ചി നിരോധിച്ചിരുന്നു. ഇതുസംബന്ധിച്ച ബില്‍ നിയമസഭസയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഖട്ടാറിന്റെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ആദ്യമായിട്ടാണ് ഹരിയാനയില്‍ ബി ജെ പിക്ക് ഭരണം ലഭിച്ചത്.