ബെംഗളൂരുവില്‍ വീട്ടമ്മക്ക് സയനൈഡ് നല്‍കി കവര്‍ച്ച; മധ്യവയസ്‌ക പിടിയില്‍

Posted on: March 17, 2015 5:41 am | Last updated: March 17, 2015 at 12:41 am
SHARE

ബെംഗളൂരു: ബെംഗളൂരുവില്‍ വീട്ടമ്മയെ വിഷം കൊടുത്ത് കൊന്ന് ഏഴര ലക്ഷം രൂപയും സ്വര്‍ണം, വെള്ളി ആഭരണങ്ങളും കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കെ പി അഗ്രഹാരയിലെ ഗണേശ ക്ഷേത്ര സ്വദേശിനിയായ വിജയലക്ഷ്മി (47)യെയാണ് മഗാദി റോഡ് പോലീസ് അറസ്റ്റ് ചെയ്തത്. പണവും, സ്വര്‍ണം, വെള്ളി ആഭരണങ്ങളും പ്രതിയുടെ വസതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മാര്‍ച്ച് 13നാണ് മണിമേഖല(47)യെന്ന വീട്ടമ്മക്ക് 50 കാരിയായ വിജയലക്ഷ്മി ഭക്ഷണത്തില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് നല്‍കി കൊന്നത്. അന്ന് തന്നെ കവര്‍ച്ചയും നടത്തി. അടുത്തിടെയാണ് വീടുകളില്‍ സഹായത്തിന് എത്തുന്ന വിജയലക്ഷ്മി മണിമേഖലയുമായി സൗഹൃദം സ്ഥാപിച്ചത്. തങ്ങള്‍ കുടുംബസമേതം താമസം മാറ്റുകയാണെന്നും പുതിയ വീടിനായി ഭര്‍ത്താവും മകനും ശ്രമിക്കുകയാണെന്നും മണിമേഖല വിജയലക്ഷ്മിയോട് പറഞ്ഞു. ഇതിനായി 7.5 ലക്ഷം രൂപ ഭര്‍ത്താവ് തയ്യാറാക്കിവെച്ചതായും അറിയിച്ചു. താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ വിജയലക്ഷ്മി അല്‍പം പണം വായ്പയായി ചോദിച്ചു. മണിമേഖല അതിന് സമ്മതിക്കുകയും മാര്‍ച്ച് 13ന് വീട്ടില്‍ വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതനുസരിച്ച് മണിമേഖലയുടെ വീട്ടിലെത്തിയ വിജയലക്ഷ്മി സാഹചര്യമെല്ലാം മനസ്സിലാക്കിയ ശേഷം മണിമേഖലയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊട്ടാസ്യം സയനൈഡ് കരുതിവെക്കുകയും ചെയ്തു. ഒരു ഗ്ലാസ് മധുരപാനീയത്തില്‍ വിഷം കലര്‍ത്തി മണിമേഖലക്ക് കൊടുത്തു. തുടര്‍ന്ന് കൊല ആത്മഹത്യയാണെന്ന് വരുത്താന്‍ മൃതദേഹം കിടക്കയിലേക്ക് മാറ്റിക്കിടത്തി കിടക്കക്ക് തീയിട്ടു. കവര്‍ച്ച മുതലുകളുമായി വിജയലക്ഷ്മി സ്ഥലം വിടുകയും ചെയ്തു.
ഉച്ചക്ക് 2.10ന് വീട്ടിലെത്തിയ മകന്‍ ഇളങ്കോവന്‍ മുന്‍വാതില്‍ തുറന്ന് കിടക്കുന്നത്കണ്ട് അകത്ത് കയറിയപ്പോഴാണ് തീപിടച്ച കിടക്കയില്‍ മാതാവ് പൊള്ളലേറ്റ് കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ പിതാവിനേയും അയല്‍വാസികളേയും വിളിച്ചുകൂട്ടിയ ഇളങ്കോവന്‍ പോലീസില്‍ വിവരം അറിയിച്ചു. പ്രാരംഭ അന്വേഷണത്തില്‍ തന്നെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. അയല്‍ക്കാരായ താമസക്കാരാണ് ഒരു സ്ത്രീ വീട്ടില്‍ വന്നുപോകുന്നത് കണ്ടതായി പോലീസിന് വിവരം നല്‍കിയത്. പ്രതി അതോടെ പിടിയിലായി. കൊല നടത്തിയത് താനാണെന്ന് വിജയലക്ഷ്മി സമ്മതിച്ചതായി പോലീസ് പറഞ്ഞു.