പിന്‍വലിക്കില്ലെന്ന് ശരദ് യാദവ്; സംവാദത്തിന് തയ്യാറെന്ന്‌

Posted on: March 17, 2015 6:00 am | Last updated: March 17, 2015 at 12:40 am
SHARE

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ച് രാജ്യസഭയില്‍ നടത്തിയ വിവാദമായ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ജനതാ ദള്‍ യുനൈറ്റഡ് നേതാവ് ശരദ് യാദവ്. യാദവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. സഭയില്‍ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വിഷയം ഉന്നയിച്ചു. ദക്ഷിണേന്ത്യന്‍ സ്ത്രീകളെയും അതുപോലെ തന്നെയും സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായി. ആ നിലപാടില്‍ നിന്ന് പിന്നാക്കം പോകണമെന്നാണ് പറയാനുള്ളത്. പരാമര്‍ശത്തോട് പൂര്‍ണമായും വിയോജിക്കുന്നു. ഉത്തരവാദപ്പെട്ട അംഗത്തോട് അത് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയാണ്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ സംവാദത്തിന് തയ്യാറാണെന്ന് ശരദ് യാദവ് പറഞ്ഞു. താനെന്താണ് പറഞ്ഞത്. സാന്‍വ്‌ലി (കറുത്തിരുണ്ട) സ്ത്രീകള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ എണ്ണത്തില്‍ മുന്നിലാണ്. രാംമനോഹര്‍ ലോഹ്യയുടെയും മറ്റുള്ളവരുടെയും സമരത്തെ കുറിച്ച് ആരോടും സംവാദത്തിന് തയ്യാറാണ്. യാദവ് പറഞ്ഞു.
യാദവിന്റെ പ്രസ്താവനയെ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒരു പോലെ എതിര്‍ത്തു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്ര മാനവവിഭവശേഷി സ്മൃതി ഇറാനി അഭ്യര്‍ഥിച്ചു. ഒരു സ്ത്രീയുടെയും തൊലിനിറത്തെ സംബന്ധിച്ച് പ്രസ്താവന നടത്തരുത്. താങ്കളൊരു മുതിര്‍ന്ന നേതാവാണ്. രാജ്യത്തിന് ഇതിലൂടെ തെറ്റായ സന്ദേശമാണ് ലഭിക്കുക. അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കില്ലെന്ന് ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു.
ഇരുണ്ട തൊലിയുള്ള ദക്ഷിണേന്ത്യന്‍ യുവതികളുടെ ശരീരവും നൃത്തകഴിവുകളും ഭ്രമിപ്പിക്കുന്നതാണെന്ന പരാമര്‍ശമാണ് വിവാദമായത്. ന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് പരാമര്‍ശമുണ്ടായത്. സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ഇത് വലിയ വിമര്‍ശത്തിനിടയാക്കി. ഇന്ത്യയില്‍ തൊലിവെളുപ്പുള്ളവരോട് പ്രത്യേക ഇഷ്ടം അനാവശ്യമാണെന്ന് ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 26 മുതല്‍ 49 വരെ ശതമാനം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് യാദവ് പറഞ്ഞു. ഡല്‍ഹി കൂട്ടബലാത്സംഗ പ്രതിയുമായി അഭിമുഖം നടത്താന്‍ ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിന് എളുപ്പത്തില്‍ അനുമതി ലഭിച്ചത് അവരുടെ തൊലിവെളുപ്പ് കൊണ്ടാണ്. രവിശങ്കര്‍ പ്രസാദിനെ പോലെ നിങ്ങളുടെ ദൈവം കറുത്തതാണ്. എന്നാല്‍ വിവാഹ പരസ്യങ്ങള്‍ വെളുപ്പ് തൊലിയുള്ള ഇണകള്‍ക്ക് വേണ്ടിയാണ്. രാജ്യത്ത് നിന്ന് വെള്ളക്കാരെ തുരത്തിയോടിച്ച മഹാത്മാ ഗാന്ധി കറുത്തയാളായിരുന്നു. യാദവ് പറഞ്ഞു. തുടര്‍ന്നാണ് ദക്ഷിണേന്ത്യന്‍ യുവതികളെ പരാമര്‍ശിച്ചത്.
ഇതുകേട്ടയുടനെ ഡി എം കെ അംഗം കനിമൊഴി പ്രതിഷേധിച്ചിരുന്നു. 243 അംഗങ്ങളില്‍ പ്രതിഷേധിച്ച ഒരേയൊരാളാണ് കനിമൊഴി. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ശരദ് യാദവിന്റെ നിലപാട്.