Connect with us

Ongoing News

അട്ടപ്പാടി പുലിയറയില്‍ മാവോയിസ്റ്റ് സംഘം എത്തി

Published

|

Last Updated

മണ്ണാര്‍ക്കാട്: അഗളി പഞ്ചായത്തിലെ തെക്കേ പുലിയറ പ്രദേശത്ത് മാവോയിസ്റ്റ് സംഘമെത്തി. തോക്കുധാരികളായ രണ്ടുസ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘമാണ് ഇന്നലെ പുലര്‍ച്ചെ ആറോടെ അരഡസനോളം വീടുകള്‍ കയറിയിറങ്ങിയത്. ഞായറാഴ്ച രാത്രിയും വ്യാഴാഴ്ച പകലും മാവോയിസ്റ്റ് സംഘം വീടുകളിലെത്തി ലഘുലേഖകള്‍ വിതരണം ചെയ്തതായി പറയുന്നു. അഗളി പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്ന തെക്കെപുലിയറ കുടിവെള്ള പദ്ധതിപ്രദേശത്തിനു സമീപമായാണ് മൂന്നു ദിവസമായി മാവോയിസ്റ്റ് സാനിധ്യം പ്രകടമായിട്ടുള്ളത്. മുത്തികുളം വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പുലിയറയിലെ വീടുകളിലാണ ്‌സംഘം നിര്‍ഭയം കയറിയിറങ്ങുന്നത്. ഒരാഴ്ച മുമ്പ് തുമ്പപ്പാറയില്‍ എന്‍എസ്എസ് അതിര്‍ത്തി പ്രദേശത്ത് തോക്കുധാരികളായ ആറംഗസംഘം കര്‍ഷകരെ കണ്ടിരുന്നു. ഇന്നലെയെത്തിയ സംഘം സഞ്ചിയും ഭാണ്ഡവും പേറിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. നാല്പതു വയസു തോന്നിക്കുന്ന നരബാധിച്ചുതുടങ്ങിയ പുരുഷനും മുപ്പതു വയസില്‍ താഴെയുള്ള രണ്ടു സ്ത്രീകളുമാണ് ഇന്നലെ സംഘത്തിലുണ്ടായിരുന്നത്., മലയാളം കലര്‍ന്ന തമിഴാണ് ഇവര്‍ സംസാരിക്കുന്നത്. അഗളി സിഐ കെ എം ദേവസ്യ, എസ് ഐ ബോബിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന നടത്തി.