ഹജ്ജ് അപേക്ഷകര്‍ 65,201, ക്വാട്ട 5633

Posted on: March 17, 2015 5:36 am | Last updated: March 17, 2015 at 12:36 am
SHARE

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനു അപേക്ഷിച്ചവരുടെ എണ്ണം വ്യക്തമായി. 21 കുട്ടികളടക്കം 65,201 പേരാണ് ഹജ്ജിനപേക്ഷിച്ചത്. മൊത്തം അപേക്ഷകരില്‍ റിസര്‍വ് കാറ്റഗറി എ യില്‍ (70 വയസ് പൂര്‍ത്തിയായവരും സഹായിയും ഉള്‍പ്പടെ) 1851 പേരും റിസര്‍വ് കാറ്റഗറി ബി പ്ലസില്‍ (തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍) 3068 പേരുമാണ്. കാറ്റഗറി ബി യില്‍ (തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍)10124 പേരുമാണ് . ജനറല്‍ കാറ്റഗറിയില്‍ ( പുതുതായി അപേക്ഷിച്ചവര്‍) പെട്ടവര്‍ 50,158 പേരുമാണ്.
സംസ്ഥാനത്തിനു ഈ വര്‍ഷം അനുവദിച്ച ക്വാട്ട 5633 മാത്രമായതിനാല്‍ അപേക്ഷകരില്‍ 90 ശതമാനം പേരും പുറത്ത് തന്നെയാണ്. റിസര്‍വ് കാറ്റഗറി എ, ബി പ്ലസ് എന്നിവയില്‍ പെട്ടവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിനു അവസരം ലഭിക്കുമ്പോള്‍ അനുവദിച്ച ക്വാട്ടയിലേക്കുള്ള ബാക്കി പേരെ കണ്ടെത്തുന്നതിനു റിസര്‍വ് കാറ്റഗറി ബി യില്‍ നിന്നായിരിക്കും നറുക്കെടുക്കുക. 714 പേരെ കണ്ടെത്തുന്നതിനായിരിക്കും നറുക്കെടുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകള്‍ വിഹിതം വെക്കുമ്പോള്‍ കേരളത്തിന്റെ സീറ്റ് വീണ്ടും വര്‍ധിക്കും.കഴിഞ്ഞ വര്‍ഷം 6566 പേര്‍ക്ക് ഹജ്ജിനു അവസരം ലഭിച്ചിരുന്നു.