Connect with us

Kerala

ബിവറേജസ് കോര്‍പറേഷനില്‍ സ്ത്രീകളെ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം:ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ സ്ത്രീകളെ നിയമിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ വ്യവസ്ഥ എടുത്തു കളയുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. ബീവറേജസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വനിതകളെ നിയമിക്കുന്നില്ലെന്ന് പരാതിപ്പെട്ട സി എസ് ലതയുടെ ഹര്‍ജിയിലാണ് നടപടി. കമ്മീഷന്‍ പി എസ് സി യില്‍ നിന്നും ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
സ്ത്രീകളെ എഫ് എല്‍ 1 ഷോപ്പുകളില്‍ നിയമിക്കുന്നതിന് അബ്കാരി നിയമ പ്രകാരം തടസമുണ്ടെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ വെയര്‍ഹൗസുകളിലും ഓഫീസുകളിലും സ്ത്രീകളെ നിയമിക്കാറുണ്ടെന്നും കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.ഹെല്‍പ്പര്‍,പ്യൂണ്‍ തസ്തികകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകളില്‍ ഭൂരിപക്ഷവും മദ്യഷോപ്പുകളിലാണെന്നും അതിനാലാണ് വനിതാ ഉദേ്യാഗാര്‍ഥികളുടെ നിയമന ശിപാര്‍ശയില്‍ കുറവു വന്നതെന്നും പി എസ് സി അറിയിച്ചു.504 ഒഴിവുകളില്‍ 419 എണ്ണം ഷോപ്പുകളിലാണ്. 85 എണ്ണം ഓഫീസിലും. ബീവറേജസ് കോര്‍പ്പറേഷനില്‍ മദ്യം ചില്ലറയായി വില്‍ക്കുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. മദ്യക്കുപ്പികളാണ് വില്‍ക്കുന്നത്. പകല്‍ മാത്രമാണ് ജോലി. ഇവിടങ്ങളില്‍ ഇരുന്ന് ആരും മദ്യപിക്കുന്നില്ല. മദ്യം വില്‍ക്കുന്ന ബാറുകളില്‍ സ്ത്രീകളുടെ സുരക്ഷ പ്രധാനമാണ്. എന്നാല്‍ ചില്ലറ വില്‍പ്പന ഇല്ലാത്ത ഷോപ്പുകളില്‍ സ്ത്രീകളെ നിയമിക്കാതിരിക്കുന്നത് സ്ത്രീകളോടുള്ള വിവേചനമാണെന്ന് ജസ്റ്റിസ് ജെ ബി കോശി അഭിപ്രായപ്പെട്ടു. കേരള അബ്കാരി ഷോപ്പ്‌സ് ആന്റ്ഡിസ്‌പോസല്‍ റൂള്‍സ് 2002 ലെ നിര്‍ദിഷ്ട വ്യവസ്ഥ എടുത്തു കളയാന്‍ കമ്മീഷന് അധികാരമില്ലാത്തതിനാല്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Latest