ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പയില്‍ കുറവെന്ന് ബേങ്കേഴ്‌സ് സമിതി റിപ്പോര്‍ട്ട്‌

Posted on: March 17, 2015 5:26 am | Last updated: March 17, 2015 at 12:26 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ ബേങ്കുകള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നല്‍കുന്ന വായ്പാ യില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തുശതമാനത്തിന്റെ കുറവെന്ന് സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി റിപ്പോര്‍ട്ട്. 2013 ഡിസംബര്‍ മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പത്ത് ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വര്‍ഷം 66.56 ശതമാനമായിരുന്നത് 56.14 ശതമാനമായാണ് കുറഞ്ഞത്.
2013 ല്‍ 69,998 കോടി വിതരണം ചെയ്ത സ്ഥാനത്ത് 2014 ല്‍ 68135 കോടി മാത്രമാണ് വിതരണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തെ കണക്കില്‍ നേരിയ വര്‍ധനയുണ്ട്.
അതേ സമയം കാര്‍ഷിക വായ്പാ വിതരണത്തില്‍ ഈ കാലയളവില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. വിവിധ വിഭാഗങ്ങളിലെ വായ്പാവിതരണത്തില്‍ 9.88 ശതമാനത്തിന്റെ വര്‍ധന കൈവരിക്കാനായി. ആഭ്യന്തര-പ്രവാസി നിക്ഷേപത്തിലും വര്‍ധനയാണ് സൂചിപ്പിക്കുന്നത്. 2013 ഡിസംബറില്‍ 90331 കോടി രൂപയായിരുന്ന പ്രവാസി നിക്ഷേപം കഴിഞ്ഞ ഡിസംബറില്‍ 104573 കോടിയായി വര്‍ധിച്ചു. 14,242 കോടിയുടെ വര്‍ധന.
സംസ്ഥാനത്തെ സ്വകാര്യബേങ്കുകളിലാണ് ഭൂരിഭാഗം പ്രവാസികളും നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നതെന്നും കണക്കുകള്‍ തെളിയിക്കുന്നു. 41 ശതമാനം പേരും സ്വകാര്യബേങ്കുകളിലാണ് നിക്ഷേപിക്കുന്നത്. മറ്റുള്ളവര്‍ സ്റ്റേറ്റ് ബേങ്കുകളിലും ഗ്രാമീണബേങ്കുകളിലും നിക്ഷേപിക്കുന്നു.
വിദേശത്ത് നിന്ന് പണം നിക്ഷേപിക്കാനുള്ള സൗകര്യവും പ്രവാസിനിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന കൂടിയ പലിശനിരക്കും പ്രവാസികളെ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കുന്നു.
ഇതേ കാലയളവിലെ ആഭ്യന്തര നിക്ഷേപത്തിലും വര്‍ധനയുണ്ട്. 1,83,583 കോടിയായിരുന്നത് 2014 ഡിസംബറായപ്പോള്‍ 2,01,757 കോടിയായി വര്‍ധിച്ചു. 9.89 ശതമാനത്തിന്റെ വര്‍ധന.
സംസ്ഥാനത്തെ മൊത്തം നിക്ഷേപത്തിന്റെ 74.33 ശതമാനവും ആഭ്യന്തര നിക്ഷേപമാണ്. 2013 ഡിസംറില്‍ 66.42 ശതമാനമായിരുന്നു ഇത്. സംസ്ഥാനത്തെ വായ്പാനിക്ഷേപാനുപാതത്തില്‍ താഴ്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2014 ഡിസംബറായപ്പോള്‍ 3.22 ശതമാനം കുറഞ്ഞ് 66.61 ശതമാനത്തിലെത്തി. ഗ്രാമപ്രദേശങ്ങളിലാണ് വായ്പാനിക്ഷേപനുപാതത്തില്‍ വര്‍ധനയുണ്ടായത്. 81.87 ശതമാനം. പട്ടണപദേശങ്ങളില്‍ ഇത് 60.4 ശതമാനവും നഗരങ്ങളില്‍ 73.78 ശതമാനവും ആണ്.