Connect with us

Kerala

ഒടുവില്‍ റുബീന എത്തി, യാതനകളില്‍ നിന്ന് മോചിതയായി

Published

|

Last Updated

തിരുവനന്തപുരം:നാലര വര്‍ഷത്തെ കാരാഗൃഹവാസത്തിന്റെ യാതനകളില്‍ നിന്ന് റുബീന മോചിതയായി. മാലി കല്യാണത്തിന്റെ ചതിയില്‍പ്പെട്ട് മാലദ്വീപില്‍ തടവില്‍ കഴിഞ്ഞിരുന്ന വര്‍ക്കല ഓടയം സ്വദേശിനി റുബീന ഇന്നലെ ഉച്ചക്ക് 12.30നുള്ള മാലി- തിരുവനന്തപുരം വിമാനത്തിലാണ് എത്തിയത്. റുബീനയെ സ്വീകരിക്കാന്‍ മന്ത്രി ഡോ. എം കെ മുനീര്‍, എം എല്‍ എമാരായ വര്‍ക്കല കഹാര്‍, കെ എം ഷാജി, റുബീനയുടെ മാതാവും മറ്റ് കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം പരസ്പരം കാണാന്‍ കഴിഞ്ഞ ഉമ്മ ശഫീഖയും റുബീനയും പരസ്പരം ആശ്ലേഷിച്ചതോടെ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. കേസില്‍ അപ്പീല്‍ വേണ്ട എന്ന് മാലി പ്രോസിക്യൂഷന്‍ ജനറല്‍ തീരുമാനിച്ചതോടെ മോചനത്തിനുള്ള തടസ്സം നീങ്ങുകയായിരുന്നുവെന്ന് റുബീനയുടെ ബന്ധുക്കള്‍ പറഞ്ഞു. വിദശരാജ്യങ്ങളിലെ ജയിലുകളില്‍ അന്യായമായി തടവില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായി പരിശ്രമിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് ഓഫ് റിട്ടേണ്‍ എന്ന ഗ്രൂപ്പിന്റെ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് മോചനം സാധ്യമായത്.
പത്ത് മാസം പ്രായമുള്ള സ്വന്തം മകനെ ശ്വാസംമുട്ടിച്ചുകൊന്നശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നതായിരുന്നു റുബീനക്കുമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. 2010ലാണ് അറസ്റ്റിലാകുന്നത്. ഇവര്‍ക്ക് നിയമ സഹായം നിഷേധിക്കപ്പെട്ടിരുന്നു. അവസാന നിമിഷമാണ് മാലിയിലെ ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട ഫരീഷ അബ്ദുല്ല എന്ന അഭിഭാഷക സംഭവത്തില്‍ ഇടപെട്ടത്. മാലിയിലെ ഭാഷയായ ദ്വിവേഹിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ റുബീന കുറ്റം സമ്മതിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ദ്വിവേഹി അറിയാത്ത റുബീനയുടെ മൊഴി വളച്ചൊടിച്ചതാണെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടോ ഇല്ലാതെയാണ് കേസ് നടന്നത്. കുട്ടിയുടെ മൃതദേഹം പരിശോധിച്ച ഡോക്ടറെയോ കേസില്‍ മുഖ്യകണ്ണിയായ റുബീനയുടെ ഭര്‍ത്താവ് ജാബിറിനെയോ ചോദ്യം ചെയ്തിട്ടില്ലെന്നതും പോരായ്മകളായി. റുബീനയുടെ ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെട്ട മലയാളി നഴ്‌സായ ജിഷ നല്‍കിയ മൊഴിയാണ് കേസിലെ നിര്‍ണായക തെളിവ്. റുബീനയുടെ ദയനീയസ്ഥിതി പുറംലോകത്ത് എത്തിയതോടെയാണ് അവരുടെ മോചനത്തിനായി ശബ്ദമുയര്‍ന്നു തുടങ്ങിയത്.

Latest