ബി ജെ പി നേതാവിന്റെ കൊല: ഒരു പ്രതി കൂടി പിടിയില്‍

Posted on: March 17, 2015 5:00 am | Last updated: March 17, 2015 at 12:01 am
SHARE

മണ്ണഞ്ചേരി: ബി ജെ പി ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറിയായിരുന്ന പുതുവല്‍വെളിയില്‍ വേണുഗോപാലിനെ വധിച്ച കേസിലെ പ്രതി പ്രേംകുമാറി (തിരുമേനി-29) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ മാരാരിക്കുളത്തേ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി.
കഴിഞ്ഞമാസം ജനുവരി ഇരുപത്തിയെട്ടിന് പ്രഭാതസവാരി കഴിഞ്ഞെത്തിയ വേണുഗോപാലിനെ ബൈക്കിലെത്തിയ ആറംഗസംഘം കഴുത്ത് അറ്റുതൂങ്ങിയ നിലയില്‍വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബാഹ്യമായ ഒരു തെളിവും ലഭിക്കാത്ത ഈ കേസ് പോലീസിന്റെ ശാസ്ത്രീയവും ജാഗ്രതയൊടുമുള്ള അന്വേഷണത്തിലൂടെ പ്രതികളെ വളരെ വേഗത്തില്‍ തന്നെ പിടികൂടുകയായിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായ പ്രേംകുമാര്‍ കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണന്ന് പോലീസ് പറഞ്ഞു.
ഗൂഢാലോചനയും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ചെയ്തു എന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. കൃത്യനിര്‍വഹണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികള്‍ ഉള്‍പ്പടെ ഇനിയും ചിലരെ കൂടി പിടികൂടാനുള്ള ഈകേസിലെ പ്രധാനികള്‍ എല്ലാം വരുംദിവസങ്ങളില്‍ തന്നെ പിടിയിലാകുമെന്ന് കേസിന്റെ അന്വേഷണചുമതലയുള്ള മാരാരിക്കുളം സി ഐ. കെ ജി അനീഷ് പറഞ്ഞു.