Connect with us

International

ഇറാഖില്‍ യുദ്ധത്തിനിടെ സദ്ദാം ഹുസൈന്റെ ഖബറിടം ഭാഗികമായി തകര്‍ന്നു

Published

|

Last Updated

ബഗ്ദാദ് : മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഖബറിന് ഭാഗികമായ തകര്‍ച്ച. തിക്‌രീത് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടി തീവ്രവാദികളും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഖബര്‍ ഭാഗികമായി തകര്‍ന്നത്. ഇറാഖീ സുരക്ഷാ സൈന്യം 48 മണിക്കൂറിനുള്ളില്‍ തിക്‌രിത്തിന്റെ മധ്യത്തില്‍ എത്തുമെന്ന പ്രഖ്യാപനത്തോടെ സദ്ദാം ഹുസൈന്റെ ജന്മ നഗരത്തിന്റെ വടക്ക് ഭാഗത്തേക്കും തെക്കുഭാഗത്തേക്കും പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ തന്നെ തിക്‌രീത് ഭീകരവാദികളുടെ നിയന്ത്രണത്തിലാണ്. തിക്‌രീതിന്റെ തെക്ക് ഭാഗത്തുള്ള ഔജ ഗ്രാമത്തില്‍ നിന്ന് ഒരു മാധ്യമം പുറത്ത് വിട്ട വീഡിയോയില്‍ സദ്ദാം ഹുസൈന്റെ ഖബറിടത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കാണിച്ചിരുന്നു. കെട്ടിടത്തില്‍ പതിച്ചിരുന്ന സദ്ദാമിന്റെ ചിത്രങ്ങള്‍ പൊളിഞ്ഞുവീണ കരിങ്കല്‍ ഭിത്തികള്‍ക്കിടയിലെവിടെയും കാണാനില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവക്ക് പകരം പൗര സേനയുടെ പതാകയും സൈനിക നേതാവ് ഖാസിം സുലൈമാനിയുടേതുള്‍പ്പെടെയുള്ള ചില നേതാക്കളുടെ ഫോട്ടോയുമാണിവിടെ കാണാനാകുന്നത്. സദ്ദാമിന്റെ ശവകുടീരമുള്ളതിനാല്‍ ഇസില്‍ തീവ്രവാദികള്‍ ഈ സ്ഥലത്ത് വളരെ കൂടുതലാണെന്ന് സൈനിക നേതാവ് നാസര്‍ നുഅ്മ വ്യക്തമാക്കി. അതേ സമയം ഒരു ഇറാഖീ മാധ്യമം നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് പോരാട്ടത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ വേണ്ടി ഇറാഖീ ഭരണാധികള്‍ കഴിഞ്ഞ മാസം സദ്ദാമിന്റെ ശവശരീരം ഇവിടെ നിന്ന് മാറ്റിയിരുന്നെന്നും ശരീരം ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.