ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല: ഇ യു

Posted on: March 17, 2015 6:00 am | Last updated: March 16, 2015 at 11:48 pm
SHARE

RUSSIAലണ്ടന്‍: ഉക്രൈന്‍ പ്രതിസന്ധിയില്‍ റഷ്യക്കുണ്ടായിരുന്ന പങ്കിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് പിന്മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ മേധാവി ഡൊണാള്‍ഡ് ടസ്‌ക്. ഒരഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രൈന്‍ അതിന്റെ അതിര്‍ത്തികളിലുള്ള നിയന്ത്രണം തിരിച്ചുപിടിക്കുന്നത് വരെ ഉപരോധം മുന്നോട്ടുകൊണ്ടുപോയിട്ടില്ലെങ്കില്‍ അമേരിക്കയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നന്മവിചാരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഭാഗികമായ ഉപരോധം ഉക്രൈനിനെ മോശമായി ബാധിക്കും. നിലവിലുള്ള ഉപരോധം യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റഷ്യയിലെ മോസ്‌കോയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ താന്‍ സംബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഡൊണാള്‍ഡ് ടസ്‌കുമായി നടത്തിയ ഈ അഭിമുഖം യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഉക്രൈന്‍ വിഷയത്തില്‍ സമാധാനനടപടികളുടെ ഭാഗമായി കഴിഞ്ഞ മാസം അവസാനം ഒപ്പ് വെച്ച കരാര്‍ നടപ്പായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പോറോഷെങ്കോ ആശങ്ക രേഖപ്പെടുത്തി. ഉക്രൈനില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടി റഷ്യ വന്‍ ആയുധങ്ങള്‍ ഇവിടുത്തെ വിമതര്‍ക്ക് കൈമാറുന്നതായി പാശ്ചാത്യന്‍ രാജ്യങ്ങള്‍ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ റഷ്യ തള്ളിക്കളഞ്ഞു. ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രൈന്‍- റഷ്യ വിഷയത്തില്‍ സമാധാന നടപടികള്‍ക്കായി ശ്രമം നടന്നിരുന്നെങ്കിലും പൂര്‍ണാര്‍ഥത്തില്‍ വിജയിച്ചിട്ടില്ല. ഇരു രാജ്യങ്ങളും ഇപ്പോഴും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.