Connect with us

Editorial

പൊതുമേഖലയുടെ പുനരുദ്ധാരണം

Published

|

Last Updated

കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളുടെ നഷ്ടം കൂടിവരികയാണ്. 2013-14 വര്‍ഷത്തില്‍ പൊതുമേഖലാ സംരഭങ്ങള്‍ സംസ്ഥാനത്തിന് വരുത്തിവെച്ചത് 1278.83 കോടിയുടെ നഷ്ടമാണ്. മുന്‍വര്‍ഷം ഇത് 1044.91 കോടിയായിരുന്നു. 95 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 52 എണ്ണം ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നു 2012-13 വര്‍ഷത്തില്‍. എന്നല്‍ ലാഭമുണ്ടാക്കിയവയുടെ എണ്ണം കഴിഞ്ഞ വര്‍ഷം 47 ആയി ചുരുങ്ങി. കെ എസ് ആര്‍ ടി സിയാണ് നഷ്ടക്കണക്കില്‍ മുന്‍പന്തിയിലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കാര്‍ പത്രക്കുറിപ്പ് വെളിപ്പെടുത്തുന്നു. 2014 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം വരെ 3891 കോടിയാണ് കെ എസ് ആര്‍ ടി സി വരുത്തിവെച്ച നഷ്ടം. പോയവര്‍ഷം മാത്രം ഇത് 570.10 കോടി വരും.
ഈ കണക്കുകള്‍ തന്നെ സത്യസന്ധമാണെന്ന് വിശ്വസിക്കാന്‍ തരമില്ല. തങ്ങളുടെ ഭരണത്തില്‍ പൊതുമേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കിയെന്നു വരുത്തിത്തീര്‍ക്കാനായി മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കണക്കുകളില്‍ നീക്കുപോക്കുകള്‍ കാണിക്കാറുണ്ട്. നൂറോളം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിയുക്തമായ പബ്ലിക് സെക്ടര്‍ റീ സ്ട്രക്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) സമര്‍പ്പിച്ച റപ്പോര്‍ട്ടില്‍ പറയുന്നത്, നഷ്ടത്തില്‍ നിന്ന് കരകയറിയെന്നു അവകാശപ്പെട്ട സ്ഥാപനങ്ങളില്‍ 27 എണ്ണത്തിന്റെ കണക്കുകളില്‍ കൃത്രിമമുണ്ടെന്നാണ്. സ്ഥാപനത്തിന്റെ സ്വത്ത് വിറ്റും വായ്പകളെ സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റിയും സര്‍ക്കാറില്‍ നിന്നുള്ള ധനസഹായം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയും മറ്റുമാണത്രെ ഇവ ലാഭക്കണക്ക് സമര്‍പ്പിച്ചത്. ഇത് സര്‍ക്കാറിന്റെ അറിവോടെയായിരുന്നെന്നും നിയാബ് വിലയിരുത്തുന്നു. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ എല്ലാ ഭരണകൂടങ്ങളും കാണിക്കാറുണ്ട് ഇത്തരം പൊടിക്കൈകള്‍.
വ്യവസായ വൈദഗ്ധ്യം ഇല്ലാത്ത മാനേജ്‌മെന്റ്, താഴ്ന്ന ഉത്പാദനക്ഷമത, ഉയര്‍ന്ന ഉത്പാദന ചെലവ്, ചെറിയ ഉത്പാദനശേഷി, പഴഞ്ചന്‍ ഉപകരണങ്ങള്‍, ഉത്പന്നങ്ങളുടെ, വൈവിധ്യമില്ലായ്മ, വിപണന പ്രശ്‌നങ്ങള്‍, തൊഴിലാളികളുടെ ആത്മാര്‍ഥതയില്ലായ്മ, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ പരാജയത്തിന് കാരണങ്ങള്‍ പലതാണ്. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള 53 പൊതുമേഖലാ സ്ഥാപനങ്ങളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായും ഇവയില്‍ മതിയായ സാങ്കേതിക വിദഗ്ധരില്ലെന്നും ബോര്‍ഡ് യോഗങ്ങള്‍ നടക്കാറില്ലെന്നും കഴിഞ്ഞ ജൂണില്‍ സി എ ജി ചൂണ്ടിക്കാണിച്ചിരുന്നു. പൊതുചെലവ് അവലോകന സമിതി ഡിസമ്പറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പരിതാപകരമാണെന്ന് വിലയിരുത്തുന്നു. അധികാര മോഹികളായ രാഷ്ട്രീയ നേതാക്കളെ വാഴിക്കാനുള്ള ഇടമാണിന്ന് പൊതുമേഖലാ ഭരണസമിതികള്‍. തൊഴില്‍, വ്യവസായ വൈദഗ്ധ്യം തൊട്ടുതീണ്ടാത്തവരാണ് ഇവയുടെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സമിതികള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും, കഴിവുകെട്ട രഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി അതാത് മേഖലകളില്‍ വൈദഗ്ധ്യവും ചുമതലാ ബോധവുമുള്ളവരെ ഭരണസമിതികളില്‍ നിയമിക്കാനുള്ള ആര്‍ജവം ഒരു ഭരണകൂടവും കാണിക്കാറില്ല.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഒരു പദ്ധതി ഇതിനിടെ ആവിഷ്‌കരിച്ചിരുന്നു. വിപണന വിപുലീകരണം, ഉത്പാദനവര്‍ധന തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണം ലക്ഷ്യമിടുന്ന 3250 കോടി രൂപ പദ്ധതി അടങ്കല്‍ വരുന്ന ഈ പുനരുദ്ധാരണ നീക്കവും പ്രഖ്യാപനത്തിനപ്പുറം ഏറെയൊന്നും മുന്നോട്ടുപോയില്ല. കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന കാലത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിക്ക്, പുതിയ സര്‍ക്കാറില്‍ നിന്ന് എത്രത്തോളം സഹകരണം ലഭിക്കുമെന്ന സന്ദേഹവും നിലനില്‍ക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ആശ്രിതത്വത്തില്‍ നിന്ന് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിന് 2001ല്‍ രൂപവത്കരിച്ച പൊതുമേഖലാ നവീകരണ കമ്മിറ്റി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ നിന്നും അവക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നായിരുന്നു പ്രധാന നിര്‍ദേശം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സബ്‌സിഡി വെട്ടിച്ചുരുക്കണമെന്ന് പൊതുചെലവ് അവലോകന സമിതിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി വന്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക, ഇവയില്‍ പുനരുദ്ധരിക്കാന്‍ കഴിയുന്നവ സ്വകാര്യവത്കരിക്കുക, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങുടെ ലാഭം വര്‍ധിപ്പിക്കുന്നതിന് അവയെ സംയുക്ത സംരംഭങ്ങളാക്കി മാറ്റുക തുടങ്ങി പൊതുമേഖലാ നവീകരണ കമ്മിറ്റി മുന്‍വെച്ച നിര്‍ദേശങ്ങളും സര്‍ക്കാറിന്റെ മുമ്പിലുണ്ട്. തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പ് മൂലമാണ് ഇവ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നത്. ഇവയെ നിലനിര്‍ത്താന്‍ പൊതുഖജനാവില്‍ നിന്ന് തുക കണ്ടെത്തേണ്ടി വരികയും അതിന്റെ ഭാരം പൊതുജനങ്ങളുടെ മേല്‍ അടിക്കടി അടിച്ചേല്‍പ്പിക്കേണ്ടി വരികയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ പരിണിതി.