Connect with us

Articles

നിയമം നടപ്പാക്കുന്ന ജനം

Published

|

Last Updated

രണ്ട് അരജാകത്വ സംഭവങ്ങള്‍ക്കാണ് രാജ്യം ഈയിടെ സാക്ഷ്യം വഹിച്ചത്. നിയമപാലകരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ജനക്കൂട്ടം നിയമം കൈയിലെടുത്ത സംഭവങ്ങളാണവ. ഒന്ന് നാഗാലാന്‍ഡില്‍ ബലാത്സംഗ ആരോപണവിധേയനായി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നയാളെ ആയുധമേന്തിയ ജനക്കൂട്ടം വിളിച്ചിറക്കി കൊണ്ടുവന്ന് നഗ്നനാക്കി അടിച്ചും ഇടിച്ചും തൊഴിച്ചം തെരുവിലൂടെ വലിച്ചിഴച്ച് കൊന്ന ശേഷം ക്ലോക്ക് ടവറില്‍ കെട്ടിത്തൂക്കിയത്. മറ്റൊന്ന്, ആഗ്രയില്‍ മദ്യപിച്ച് പെണ്‍കുട്ടികളെ നിരന്തരം ശല്യപ്പെടുത്തിയയാളെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് വന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. രണ്ട് സംഭവത്തിലും “ജനം” തന്നെ പോലീസും കോടതിയും ആകുകയായിരുന്നു. “രോഷാകുലരായ ഒരു സമൂഹത്തിന്റെ പ്രതിഷേധ” ബഹിര്‍സ്ഫുരണങ്ങള്‍ക്കപ്പുറം മറ്റു ചില മാനങ്ങള്‍ ഇതിന് കൈവരുന്നുണ്ട്. അതില്‍ പ്രധാനമാണ് അരജാകസംഭവങ്ങള്‍ എന്നത്.
തുല്യപ്രധാന്യത്തോടെ കാണേണ്ടത് ഒന്നാമത്തെ സംഭവത്തിലെ വംശീയതെയാണ്. വംശശുദ്ധീകരണത്തിന് അഹോരാത്രം പരിശ്രമിക്കുന്ന വംശവെറിക്കാര്‍ക്ക് ഏറെ മൈലേജുള്ള പ്രദേശമാണ് വടക്കുകിഴക്കന്‍ മേഖല. ഇവിടെ വംശീയമായി ചേരിതിരിവ് സൃഷ്ടിക്കുക എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിയാണ് തിരഞ്ഞെടുപ്പ് സീസണുകളില്‍ നേതാക്കള്‍ കൈക്കൊള്ളാറുള്ളത്. കഴിഞ്ഞ അസം നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും അതിന് ശേഷം നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും നരേന്ദ്ര മോദി ഗുവാഹത്തിയിലെത്തിയപ്പോള്‍ പറഞ്ഞത്, കുടിയേറ്റക്കാരെ ആട്ടിയോടിക്കണമെന്നാണ്. കുടിയേറ്റക്കാര്‍ക്ക് ഇനി ഇന്ത്യയില്‍ സ്ഥാനമില്ലെന്നും മോദി പറഞ്ഞുവെച്ചു. അതായത് വംശശുദ്ധീകരണം അനിവാര്യമെന്ന്. അധികാരത്തിലേക്ക് ഷോര്‍ട്ട് കട്ടുകള്‍ തേടുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് താത്കാലിക നേട്ടമാണ് ലക്ഷ്യമിടുന്നതെങ്കിലും വരുത്തിവെക്കുന്നത് വലിയ വിനകളാണ്. ഇതിന്റെ അനുരണനങ്ങള്‍ കാലങ്ങള്‍ കഴിഞ്ഞാലും തേഞ്ഞുമാഞ്ഞുപോകില്ല. ഛിദ്രത ആഗ്രഹിച്ച് നടക്കുന്ന മനസ്സുകളില്‍ ഉടുമ്പ് പിടിച്ചതുപോലെയിരിക്കും. ബംഗ്ലാദേശില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയവരെ അനധികൃത താമസക്കാരെന്ന് മുദ്രകുത്തി, അപരവത്കരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുകയെന്നത് നിസ്തര്‍ക്കമാണ്.
അത്തരമൊരു പ്രത്യാഘാതമാണ് നാഗാലാന്‍ഡില്‍ കണ്ടത്. “പുറത്തു നിന്ന്” വന്നൊരാള്‍ “നമ്മുടെ” പെണ്ണിന്റെ മാനം കെടുത്തിയെന്ന സന്ദേശ കൈമാറ്റം ജന്മം നല്‍കുന്ന ആക്രമണോത്സുകതയും സംഹാര മനോഭാവവും വളരെ കടുത്തതാണ്. അയാളെ നിഷ്‌കാസനം ചെയ്യാന്‍ “പുറത്തുനിന്നെത്തിയെന്ന” വിശേഷണം ധാരാളം. ഈ കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളോ ന്യായാന്യായങ്ങളോ ആവശ്യമില്ല. നമ്മുടെ സ്ത്രീകളുടെ മാനം കാക്കല്‍ ധര്‍മമായി കാണുന്ന ഒരു ജനസമൂഹത്തില്‍ പ്രത്യേകിച്ചും. സമൂഹത്തിന്റെ “ബലഹീന”തയാണ് പെണ്ണുങ്ങളുടെ മാനം എന്നത്. അവരുടെ മാനം കാക്കല്‍ ധര്‍മമാണെന്നതില്‍ സംശയമില്ല. പക്ഷേ അതുവെച്ചുള്ള മുതലെടുപ്പ് മറ്റൊരു കാര്യമാണ്. നാഗാലാന്‍ഡില്‍ കണ്ടത് മാനംവെച്ചുള്ള വിലപേശലായിരുന്നു. കൊല്ലപ്പെട്ട ശരീഫുദ്ദീന്‍ ഖാന്‍ (സംഭവത്തിന്റെ ആദ്യ ദിനങ്ങളില്‍ ഫരീദ് ഖാന്‍ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ശരിയല്ലെന്ന് പറഞ്ഞ് സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍ രംഗത്തെത്തുകയായിരുന്നു) സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന് “ഇര” തന്നെ സമ്മതിച്ചിട്ടുണ്ട്. മാനം വെച്ച് വിലപേശുകയായിരുന്നു “ഇര”. പറഞ്ഞുറപ്പിച്ച പണം കൊടുത്തെങ്കിലും കൂടുതല്‍ പണം ആവശ്യപ്പെട്ടത് നിരാകരിച്ചതിനെ തുടര്‍ന്നാണ്, ഉഭയസമ്മത ലൈംഗിക ബന്ധം “ബലാത്സംഗം”ആയി രൂപാന്തരപ്പെട്ടത്. ഈയൊരു സംഭവത്തിലെ ധാര്‍മികതയും മറ്റ് തത്വാധിഷ്ഠിത സദാചാര സംഹിതകളും മാറ്റിനിര്‍ത്തി പറഞ്ഞാല്‍ ഉഭയസമ്മത ലൈംഗിക ബന്ധം രാജ്യത്തെ നിയമപ്രകാരം കുറ്റകരമല്ല. പക്ഷേ ഇത്തരം ഉഭയകക്ഷ ലൈംഗികബന്ധവും വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പും പലപ്പോഴും “പീഡന”മാകാറുണ്ട്. അത് ഇര പക്ഷത്ത് എപ്പോഴും നില്‍ക്കുന്നവരുടെ മനോധര്‍മം അനുസരിച്ചിരിക്കും. ഇത്തരം കള്ളനാണയങ്ങള്‍ക്ക് പലപ്പോഴും കോടതിയില്‍ നിന്ന് തിരിച്ചടികള്‍ ലഭിക്കാറുമുണ്ട്. കേരളത്തില്‍ ഒരു എം എല്‍ എയെ കുടുക്കാന്‍ പീഡന നാടകം അരങ്ങേറിയത് ഓര്‍ക്കുക. 2013 ഏപ്രിലിനും 2014 ജൂലൈക്കും ഇടയില്‍ വന്ന ബലാത്സംഗ കേസുകളില്‍ 53.2 ശതമാനവും വ്യാജമാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഈ കാലയളവില്‍ 2,753 ബലാത്സംഗ പരാതികളാണ് വന്നത്. ഇവയില്‍ 1287 എണ്ണം സത്യവും 1464 എണ്ണം വ്യാജവും ആയിരുന്നു. 2013 ജൂണ്‍- ഡിസംബര്‍ കാലയളവില്‍ 525 കേസുകളാണ് വ്യാജമെന്ന് തെളിഞ്ഞത്. 2014 ജനുവരി- ജൂലൈ കാലത്ത് ഇവയുടെ എണ്ണം 900 ആയിരുന്നു. 2013ല്‍ മൊത്തം 1559 ബലാത്സംഗ കേസുകളാണ് ഉണ്ടായത്. ഇവയില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകള്‍ 78 ശതമാനം ആയിരുന്നു. 2012ല്‍ കുറ്റവിമുക്തരുടെ നിരക്ക് 22 ശതമാനം മാത്രമായിരുന്നു. 46 ശതമാനത്തിന്റെ വര്‍ധന. പല കേസുകളിലും പരാതിക്കാരുടെ പേര് വെളിപ്പെടുത്താറില്ല. അലഹബാദിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥ തന്റെ ബന്ധുക്കള്‍ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വ്യാജ ബലാത്സംഗ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു വന്‍ സംഘത്തെ ഈയടുത്ത് ജയ്പൂര്‍ പോലീസ് പിടികൂടുകയുണ്ടായി. “യഥാര്‍ഥ” ബലാത്സംഗ കേസുകളില്‍ നിന്ന് വ്യാജ കേസുകളെ വേര്‍തിരിക്കല്‍ ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് ഡല്‍ഹി കോടതി തന്നെ കഴിഞ്ഞ വര്‍ഷം നിരീക്ഷിച്ചിരുന്നു. ഉഭയക്ഷി ബന്ധം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് സദാചാര പോലീസിംഗും സ്വാതന്ത്രാവിഷ്‌കാരത്തിന്റെ കടക്കല്‍ കത്തിവെക്കലും ആകും. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ നേരിയ ചിന്തയെങ്കിലും ഈ വിഷയത്തില്‍ ആകാമല്ലൊ. ഇവിടെ മാനം വെച്ചുള്ള പകിട കളി ഒരു ജീവന്റെ നഷ്ടത്തിലാണ് കലാശിച്ചത്.
ദിമാപൂര്‍ സംഭവത്തിന് പിന്നില്‍ മറ്റൊരു ഘടകം കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളുടെ തെറ്റായ ഉപയോഗമാണത്. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും വിനയായിട്ടുണ്ട്. താന്‍ പീഡിതയായിട്ടുണ്ടെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് “ഇരചമയലും” യുവതി നടത്തിയിട്ടുണ്ട്. കീബോര്‍ഡ് തുമ്പില്‍ തീര്‍ക്കുന്ന വിപ്ലവങ്ങള്‍ ചിലപ്പോഴൊക്കെ പാളുന്നതിന് ഉത്തമ ഉദാഹരണമാണിത്. മുസാഫര്‍നഗര്‍ കലാപം, അസമിലെ ബോഡോ കലാപം, മറ്റ് ചെറുതും വലുതുമായ കലാപങ്ങള്‍, ബെംഗളൂരുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് നേരെയുണ്ടായ ആസൂത്രിത നീക്കം തുടങ്ങിയ നിരവധി സംഭവങ്ങള്‍ കത്തിപ്പടരുന്നതില്‍ സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഗ്നിസ്ഫുലിംഗം മതിയല്ലൊ വന്‍ കാടുകള്‍ ചാരമാകാന്‍. പലപ്പോഴും ഔദ്യോഗിക സംവിധാനങ്ങള്‍ ഉണരുന്നത് അത്യാഹിതങ്ങള്‍ സംഭവിച്ചതിന് ശേഷമായിരിക്കും. ശരീഫ് ഖാന്റെ ചലനമറ്റ ശരീരം ക്ലോക്ക് ടവറില്‍ തൂങ്ങിയാടിയതിന് ശേഷം അത് അസം- നാഗാ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വംശീയ പ്രശ്‌നങ്ങളിലേക്ക് വഴുതിമാറുമോയെന്ന ശങ്കയുയര്‍ന്നപ്പോള്‍, എസ് എം എസ്, ഇന്റര്‍നെറ്റ് തുടങ്ങിയവ നിരോധിച്ചു. യഥാര്‍ഥത്തില്‍ ശരീഫുദ്ദീന്‍ വര്‍ഷങ്ങളായി നാഗാലാന്‍ഡുകാരനാണ്. നാഗാ യുവതിയെ വിവാഹം കഴിച്ച് ചെറിയ ബിസിനസുമായി കഴിഞ്ഞുവരികയായിരുന്നു. വര്‍ഷങ്ങളായി ഒരിടത്ത് താമസിക്കുന്നവര്‍ ആ പ്രദേശത്തുകാരനാകാന്‍ വേണ്ട യോഗ്യതയാണ്. എന്നാല്‍, കുടുംബം ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരായതിനാല്‍ ശരീഫും അന്യനായി. നിലവിലെ ഭരണ സംവിധാനവും അതിന് പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കുന്നവരും വരച്ചിടുന്ന യോഗ്യതകളെല്ലാം ശരീഫിനും കുടുംബത്തിനുമുണ്ട്. കുട്ടികള്‍ കുറഞ്ഞത് നാലോ അഞ്ചോ വേണമെന്നും എന്നാലേ അതിര്‍ത്തിയില്‍ രാഷ്ട്ര സേവനത്തിന് ആളെ കിട്ടൂ എന്നും ബി ജെ പിയുടെയും അഫിലിയേറ്റഡ് സംഘടനകളുടെയും ആചാര്യന്‍മാര്‍ നിരന്തരം പറയുന്നതാണ്. ഇതനുസരിച്ച് ശരീഫും പിതാവും സഹോദരന്‍മാരും യഥാര്‍ഥ പൗരന്‍മാര്‍ തന്നെയാണ്. ശരീഫിന്റെ പിതാവ് വ്യോമ സേനയില്‍ എന്‍ജിനീയറായി വിരമിച്ചയാളാണ്. സഹോദരന്‍ ജമാലുദ്ദീന്‍ സൈനികനാണ്. മറ്റൊരു സഹോദരന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച രാജ്യസ്‌നേഹിയാണ്. ഇന്ത്യയിലെ ഉത്തമ പൗരനാകാനുള്ള യോഗ്യതയുണ്ട് ശരീഫിനും കുടുംബത്തിനും.
ചുരുക്കത്തില്‍, ഇത്തരം അരാജകത്വ ചെയ്തികള്‍ക്ക് ജനക്കൂട്ടമെന്ന സങ്കല്‍പ്പത്തിന് ഒരു ദിവസം പെട്ടെന്ന് ധൈര്യം കിട്ടുന്നതല്ല. ജനക്കൂട്ടമെന്ന് പൊതുവെ വിളിക്കാമെങ്കിലും അതിന് നേതൃത്വം നല്‍കുന്നത് ചില പ്രത്യേക വ്യക്തികളാണ്. അവര്‍ക്ക് ഉത്തേജനകമാകുന്നത്, നേതാക്കളുടെ പ്രസ്താവനകളും ശരീരഭാഷയും സമീപനവും ഒക്കെയാണ്. സ്വന്തം മണ്ണ് എന്ന സങ്കുചിതത്വത്തിന് പകരം നമ്മുടെത് എന്നതിലേക്ക് എത്തേണ്ടിയിരിക്കുന്നു. അയല്‍ രാഷ്ട്രങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണി വരുമ്പോള്‍ നാടുവിട്ട് അയല്‍ രാഷ്ട്രങ്ങളിലേക്കും ദേശങ്ങളിലേക്കും പലായനം ചെയ്യുന്നത് സ്വാഭാവിക പ്രക്രിയയാണ്. ആദിമകാലം മുതല്‍ക്കേ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ചെയ്തുവരുന്ന കാര്യം. ആധുനിക കാലഘട്ടത്തില്‍ രാഷ്ട്രീയ- അധികാര പിടിവലികള്‍ക്കിടയില്‍ ജീവിതം ദുസ്സഹമാകുമ്പോള്‍ അയല്‍ രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് നിരവധി പേര്‍ വരുന്നു. ശ്രീലങ്കയിലെ തമിഴര്‍, ടിബറ്റിലെ ബുദ്ധ വംശജര്‍ ഇവര്‍ക്കൊക്കെ നാം സംരക്ഷണം നല്‍കുന്നു. അതുപോലെ കണ്ടാല്‍ പോരേ ബംഗ്ലാദേശില്‍ നിന്ന് വരുന്നവരെയും മ്യാന്‍മറിലെ ഉയിഗൂറുകളെയും. അവര്‍ക്ക് അഭയം നല്‍കുമ്പോള്‍ ഇന്ത്യക്ക് ‘ഭാരമല്ല, മറിച്ച് അഭിമാനമാണ് ഉണ്ടാകുന്നത്. രാഷ്ട്രത്തിന്റെ വിശാലതയാണ് പ്രഘോഷിക്കപ്പെടുന്നത്. ലോകസമക്ഷം ഉദാരമനസ്‌കരായി നാം വാഴ്ത്തപ്പെടുകയാണ്. പക്ഷേ ബംഗ്ലദേശിലെയും മറ്റ് അയല്‍രാഷ്ട്രങ്ങളിലെയും മുസ്‌ലിംകളെ അഞ്ചാം പത്തികളായാണ് കണക്കാക്കുന്നത്. ആ മനോഭാവത്തിന് മാറ്റം വരേണ്ടതുണ്ട്. അസമിലും നാഗാലാന്‍ഡിലും ത്രിപുരയിലും മിസോറമിലും മണിപ്പൂരിലും കാലങ്ങളായി കഴിയുന്ന മുസ്‌ലിം സമൂഹം വളരെ പെട്ടെന്ന് ശത്രുക്കളായി മാറയതിന് പിന്നില്‍ തീര്‍ച്ചയായും മാറിയ ഭരണസംവിധാനത്തിന്റെ അനുരണനങ്ങളുണ്ട്. ഇക്കാര്യം സമൂഹവും തിരിച്ചറിയേണ്ടതുണ്ട്. പരസ്പരം ശത്രുക്കളായി ചേരിതിരിക്കുന്നത് നമ്മുടെ രാജ്യത്തിന് വലിയ ആഘാതമുണ്ടാക്കും. രാജ്യത്തിന്റെ ശിരസ്സ് താഴുന്നതിനും ഇടയാക്കും.

Latest