കേരള കോണ്‍ഗ്രസിന്റെ ജനിതക ഗുണം

Posted on: March 17, 2015 6:00 am | Last updated: March 16, 2015 at 11:39 pm
SHARE

kerala congressഇടതു മുന്നണിയിലെ കേരള കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ ദിവസങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുമുന്നണി വിട്ടുപോയപ്പോള്‍ എല്‍ ഡി എഫിനൊപ്പം നിന്ന പി സി തോമസ്, പി സുരേന്ദ്രന്‍ പിള്ള, സ്‌കറിയ തോമസ് എന്നിവരാണ് ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ആശയപരമല്ലാത്ത തികച്ചും ‘ആമാശയ’പരമായ തര്‍ക്കങ്ങളാണ് കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് എക്കാലത്തും കാരണമായിരുന്നത്.
1964ല്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ മന്നത്ത് പത്മനാഭന്‍ തിരികൊളുത്തി ആരംഭിച്ച കേരള കോണ്‍ഗ്രസ് ഇന്ന് എത്ര തിരിയായി ആണ് കത്തുന്നതെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ആരംഭകാലം മുതല്‍ തുടങ്ങിയ പാര്‍ട്ടിയിലെ ഈ പിളര്‍പ്പിനെ കേരള കോണ്‍ഗ്രസിന്റെ ആചാര്യന്‍ കെ എം മാണി വിശേഷിപ്പിച്ചത് ‘വളരും തോറും പിളരുകയും പിളരുംതോറും വളരുകയും’ ചെയ്യുന്ന പാര്‍ട്ടി എന്നാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ഏകദേശം എല്ലാ അക്ഷരങ്ങളും ഈ പാര്‍ട്ടികള്‍ തങ്ങളുടെ ബ്രാക്കറ്റിലാക്കി ഒളിപ്പിച്ചിരിക്കുകയാണ്. ഒരേ പേരുകാര്‍ പിന്നീട് പിളരുമ്പോള്‍ തങ്ങളുടെ പേര് മുഴുവനായി പാര്‍ട്ടിയുടെ വാലിനൊപ്പം ചേര്‍ക്കുന്നു. ‘കേരളകോണ്‍ഗ്രസ് ജേക്കബ്’ ഉദാഹരണം
കെ എം ജോര്‍ജ് ചെയര്‍മാനായി രൂപവത്കൃതമായ കേരള കോണ്‍ഗ്രസ് 1965ലാണ് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മധ്യതിരുവിതാംകൂറില്‍ ശക്തമായ സാന്നിധ്യമായ പാര്‍ട്ടിക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൊഴിച്ച് വലിയ വേരോട്ടമില്ല. പക്ഷേ, കേരള ഭരണത്തില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമായി കേരള കോണ്‍ഗ്രസ് മാറി. ഭരണാധികാരം കിട്ടിയതോടുകൂടി അധികാരത്തിനു വേണ്ടിയുള്ള അടിപിടിയും പാര്‍ട്ടിയില്‍ ആരംഭിച്ചു. പാര്‍ട്ടിയുടെ തുടക്കകാലം മുതലുള്ള നേതാക്കന്‍മാരായ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് (എം), പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് (ജെ), ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) എന്നിവരാണ് പാര്‍ട്ടിയുടെ പേരിനൊപ്പം തങ്ങളുടെ പേര് കൂടി ബ്രാക്കറ്റിലിട്ട് പിന്‍ തലമുറക്ക് മാതൃകയായത്. പിന്നീട്, മാണി ഗ്രൂപ്പില്‍ നിന്നും ടി എം ജേക്കബിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പിളര്‍ന്ന് കേരളകോണ്‍ഗ്രസ് (ജേക്കബ്)ഉം ജോസഫ് വിഭാഗത്തില്‍ നിന്ന് പി സി ജോര്‍ജ് വിഭാഗം പിളര്‍ന്ന് കേരള കോണ്‍ഗ്രസ് (സെക്കുലര്‍)ഉം രൂപവത്കൃതമായി. പി ജെ ജോസഫ്, ടി എം ജേക്കബ്, പി സി ജോര്‍ജ് എന്നിവരുടെയെല്ലാം ആദ്യ അക്ഷരം ‘ജെ’. ആയതിനാല്‍ ആദ്യം പാര്‍ട്ടി രൂപവത്കരിച്ച ജോസഫിന് ‘ജെ’ സ്വന്തമായി. (മാണി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) രൂപവത്കരിച്ച് ഇപ്പോള്‍ ബി ജെ പി മുന്നണിയില്‍ ഉണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പ് കാലത്താണ് ഈ പാര്‍ട്ടി രൂപം കൊണ്ടത്. ജന്മമെടുത്ത് ഒരുവര്‍ഷം തികയും മുമ്പേ ആ പാര്‍ട്ടി മൂന്ന് കഷണമായിരിക്കുകയാണ്. നോബിള്‍ മാത്യു, പ്രകാശ് കുര്യാക്കോസ്, കല്ലാര്‍ ഹരി എന്നിവരാണ് ഈ വിഭാഗങ്ങളുടെ നേതാക്കന്‍മാര്‍.
ഇടയ്ക്ക് ഒരു തവണ ഇടതുപക്ഷ മനസ്സുകാണിച്ചതൊഴിച്ചാല്‍ ഭൂരിപക്ഷം കാലവും മാണിവിഭാഗം യു ഡി എഫിനൊപ്പമായിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് നേട്ടവും കോട്ടവും കെ എം മാണിക്കുണ്ടായിട്ടുണ്ട്. 50 വര്‍ഷം എം എല്‍എയും 23 വര്‍ഷം മന്ത്രിയുമാകാന്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം കൊണ്ട് സാധിച്ചത് നേട്ടമായിക്കരുതുമ്പോള്‍ അര നൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവിന് മുഖ്യമന്ത്രിയാകാന്‍ സാധിക്കാതെ പോയത് നഷ്ടമായേ കാണാന്‍ കഴിയൂ. മുഖ്യധാരാ രാഷ്ട്രീയ കക്ഷിയിലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, രണ്ടു തവണയെങ്കിലും മാണി മുഖ്യമന്ത്രിയാകുമായിരുന്നു എന്നു കരുതുന്നവരാണ് ഭൂരിപക്ഷവും. കേരള കോണ്‍ഗ്രസ് സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇങ്ങനെയൊരു മോഹം അദ്ദേഹത്തില്‍ ജനിക്കുകയും ഇടത്തേക്ക് ഒരു കണ്ണ് അദ്ദേഹം പായിക്കുകയും ചെയ്തു. പക്ഷേ, ബാര്‍ കോഴ വിവാദത്തില്‍ തട്ടി ആ മോഹങ്ങള്‍ കരിഞ്ഞുണങ്ങി.
പൊട്ടിച്ചിതറലിനു മാത്രമല്ല, കൂടിച്ചേരലിനും കേരള കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങനെയൊരു വലിയ കൂടിച്ചേരലായിരുന്നു കേരള കോണ്‍ഗ്രസ് (ജെ) യും കേരളകോണ്‍ഗ്രസ് (സെക്കുലര്‍)ഉം മാണി ഗ്രൂപ്പില്‍ ലയിച്ചത്. ഇടതുപക്ഷത്തു നിന്നും അവഗണന നേരിട്ട പി സി ജോര്‍ജ്ജാണ് ആദ്യം മാണിയില്‍ അഭയം തേടിയത്. പിന്നീട് മന്ത്രി സ്ഥാനം തന്നെ രാജിവച്ച് പി ജെ ജോസഫും കൂട്ടരും മാണിഗ്രൂപ്പിലെത്തി, വിശാല കേരളകോണ്‍ഗ്രസിന് അടിത്തറപാകി. പാര്‍ട്ടി വലതുഭാഗത്തേക്കു പോകുന്നത് അംഗീകരിക്കാതെ നിന്ന പിസി തോമസ് – സുരേന്ദ്രന്‍പിള്ള വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയായി അംഗീകരിക്കുകയും സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കുകയും ചെയ്തു. നിലവിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ ശക്തി കണ്ടല്ല, മറിച്ച് ഒരു കേരളകോണ്‍ഗ്രസ് മുഖം ഇടതുമുന്നണിയില്‍ നിലനിര്‍ത്താനാണ് ഇതുകൊണ്ട് ഇടതുമുന്നണി ശ്രമിച്ചത്.
കഴിഞ്ഞ തവണ ഇടതുമുന്നണി നല്‍കിയ മൂന്ന് സീറ്റിലും കനത്ത പരാജയമാണ് ഈ പാര്‍ട്ടി നേരിട്ടത്. മറ്റുള്ള എല്ലാ കേരള കോണ്‍ഗ്രസിനും (കേ..കോ(എം), കേ..കോ(ബി), കേ..കോ(ജേക്കബ്), ഒരു എം എല്‍ എ എങ്കിലും ഉള്ളപ്പോള്‍ ഒരാളപ്പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാതെ പോയത് പി സി തോമസിന്റെ പാര്‍ട്ടിയുടെ ദൗര്‍ബല്യമായി വിലയിരുത്തപ്പെട്ടു. അതുതന്നെയാണ് ഇപ്പോള്‍ ഇടതുമുന്നണിയില്‍ അവര്‍ അവഗണിക്കപ്പെടുന്നതിനും കാരണം. തോമസ്- സ്‌കറിയ തോമസ് എന്നീ വിഭാഗങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ കലഹം നടക്കുന്നത്. മാണി ഗ്രൂപ്പ് വിട്ട് ഐ എഫ് ഡിപി രൂപവത്കരിക്കുമ്പോള്‍ മുതല്‍ പി സി തോമസിനോടൊപ്പമുള്ള നേതാവാണ് മുന്‍ എം പി കൂടിയായ സ്‌കറിയാ തോമസ്. മാസങ്ങള്‍ മുന്‍പുമുതല്‍ തന്നെ ഇവര്‍തമ്മില്‍ പോര് തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് അത് മൂര്‍ധന്യാവസ്ഥയിലെത്തിയത്. മുന്‍പ് പി സി തോമസിനൊപ്പമുണ്ടായിരുന്ന സുരേന്ദ്രന്‍ പിള്ള ഇപ്പോള്‍ മറുകണ്ടം ചാടി സ്‌കറിയ തോമസിനൊപ്പമാണ്. ഇരുകൂട്ടരും പരസ്പരം പുറത്താക്കുന്ന തിരക്കിലാണിപ്പോള്‍. രണ്ടുമാസങ്ങള്‍ക്ക് മുന്‍പു നടന്ന എല്‍ ഡി എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇരുവിഭാഗവും എത്തിയെങ്കിലും പരസ്പരം യോജിപ്പിലെത്തിയാല്‍ മാത്രം യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്ന് പറഞ്ഞ് ഇരുകൂട്ടരെയും തിരിച്ചയ്ക്കുകയായിരുന്നു. മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്‍ കുറച്ച് ദിവസം കണ്ടെങ്കിലും ‘ശങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ’ എന്ന ചൊല്ലു പോലെയായി കാര്യങ്ങള്‍. കഴിഞ്ഞ യോഗത്തിന് പഴയതുപോലെ ഇരുകൂട്ടരും എത്തിയപ്പോള്‍ സ്‌കറിയ തോമസിനെയും സുരേന്ദ്രന്‍ പിള്ളയെയും യോഗത്തില്‍ പങ്കെടുപ്പിക്കുകയും തോമസിനെയും – ജോര്‍ജ് സെബാസ്റ്റ്യനെയും ഇറക്കി വിടുകയുമാണ് ചെയ്തത്. തന്റെ ഭാഗം വിശദീകരിക്കുവാന്‍ ശ്രമിച്ച തോമസ്സിനോട് ‘ഇറങ്ങി പോകില്ല എന്നുണ്ടോ’? എന്ന പിണറായി വിജയന്റെ വാക്കുകള്‍ മാത്രം മതി തോമസ്സിന് എ കെ ജി സെന്ററില്‍ ഇനി പ്രവേശനം ഇല്ലാ എന്ന് ഉറപ്പിക്കാന്‍. സി പി എമ്മിന് സ്‌കറിയ തോമസിനോടാണ് പ്രിയം എന്ന് കണ്ടാണ് സുരേന്ദ്രന്‍ പിള്ള ആ വിഭാഗത്തില്‍ അഭയം തേടിയത്. അടുത്ത തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് ഉറപ്പിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. മാണി വിഭാഗത്തില്‍ ആയിരുന്നപ്പോള്‍ യു ഡി എഫിലും ഐ എഫ് ഡി പി രൂപവത്കരിച്ച് എന്‍ ഡി എയിലും ഇപ്പോള്‍ എല്‍ ഡി എഫില്‍ പ്രവര്‍ത്തിച്ച് എല്ലാ രാഷ്ട്രീയ മുന്നണിലും പ്രവര്‍ത്തിച്ച ബഹുമതി പി സി തോമസിന് സ്വന്തമായുണ്ട്. എല്‍ ഡി എഫ് വിടില്ല എന്ന് പറയുന്നുണ്ടെങ്കിലും ഈ വീട്ടിലേക്ക് വരണ്ട എന്ന് പറഞ്ഞാല്‍ പിന്നെ എന്താണ് തോമസ് ചെയ്യുക?
പരസ്പരം യോജിക്കാനാണ് കേരള കോണ്‍ഗ്രസിനെ പറഞ്ഞ് വിട്ടതെന്നും പിന്നെയും തമ്മില്‍ത്തല്ലാനാണ് ഉദ്ദേശ്യമെങ്കില്‍ അവരുടെ കാര്യം എല്‍ ഡി എഫ് തീരുമാനിക്കുമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ എല്‍ ഡി എഫിന് പുറത്തേക്കാണോ കേരള കോണ്‍ഗ്രസിന്റെ വഴി എന്ന് സംശയം ജനിപ്പിക്കുന്നു. ഒരിക്കല്‍ പുറത്തുപോയാല്‍ പിന്നീട് അകത്തു കയറാന്‍ വളരെ പ്രയാസമാണ്. ഇടതു മുന്നണി അംഗമാകാന്‍ വര്‍ഷങ്ങളായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന കക്ഷികള്‍ ധാരാളമുണ്ട്.