മര്‍കസ് മോഡല്‍ വിദ്യാഭ്യാസം രാജ്യവ്യാപകമാക്കും: കാന്തപുരം

Posted on: March 17, 2015 5:28 am | Last updated: March 17, 2015 at 12:28 am
SHARE
kanthapuram statement from bihar
ബിഹാറിലെ ജാമിഅ വാജിദിയ്യ വാര്‍ഷിക സനദ്ദാന സമ്മേളന വേദിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍. മൗലാനാ മുഫ്തി അബ്ദുല്‍ വാജിദ് ഖാദിരി സമീപം.

ദര്‍ഭംഗ (ബിഹാര്‍): മര്‍കസ് മോഡല്‍ വിദ്യാഭ്യാസം രാജ്യവ്യാപകമാക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മര്‍കസ് മോഡല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശേഷിയുണ്ടെന്നും നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വിജയകരമായി അത് നടപ്പാക്കി ക്കൊണ്ടിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.
ബിഹാറിലെ ജാമിഅ വാജിദിയ്യ ഏഴാം സനദ്ദാന വാര്‍ഷിക സമ്മേളനം- ഇര്‍ഫാനി ഖുര്‍ആന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹുജനങ്ങളുടെ സഹായത്തോടെയാണ് മര്‍കസ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം വിദ്യാര്‍ഥികളും വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മര്‍കസ് സ്ഥാപനങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
പശ്ചിമ ബംഗാളില്‍ മര്‍കസ് വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാഭ്യാസ പദ്ധതി ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാവര്‍ ത്തികമാക്കും. സംസ്ഥാന സര്‍ക്കാര്‍, ബഹുജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവര്‍ മര്‍കസ് മോഡല്‍ വിദ്യാഭ്യാസ പദ്ധതിക്ക് പിന്തുണ നല്‍കണം. ഈ വര്‍ഷം പുറത്തിറങ്ങുന്ന ബിരുദധാരികള്‍ക്ക് കാന്തപുരം വാജിദിയ്യ ബിരുദ വിതരണം നടത്തി.
പൊതുസമ്മേളനത്തില്‍ ജാമിഅ വാജിദിയ്യ സ്ഥാപകന്‍ മൗലാനാ മുഫ്തി അബ്ദുല്‍ വാജിദ് ഖാദിരി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫൈസാനുര്‍റഹ്മാന്‍ സുബ്ഹാനി സ്വാഗതം പറഞ്ഞു. ഡോ. അഹ്‌സന്‍ റസ, ഡോ. ഗുലാം ജാവേദ് ശംസ് മിസ്ബാഹി, മുഫ്തി അബ്ദുല്‍ ഗഫാര്‍, മൗലാനാ ശാഹുല്‍ ഹമീദ് ഹ സന്‍ മലബാരി, ഖമറുസ്സമാന്‍ മിസ്ബാഹി, മൗലാനാ സുല്‍ത്താന്‍ ഖാദിരി സംബന്ധിച്ചു.